ഇരയുടെയും കുറ്റാരോപിതന്‍റെയും വിവാഹം കഴിഞ്ഞു; പോക്സോ കേസ് റദ്ദാക്കി കർണാടക ഹൈകോടതി
text_fieldsബംഗളൂരു: പോക്സോ കേസിലെ ഇരയും പ്രതിയുമായുള്ള വിവാഹം കഴിഞ്ഞതോടെ 23കാരനായ യുവാവിനെതിരെയുള്ള വിചാരണ നടപടികൾ റദ്ദാക്കി കർണാടക ഹൈകോടതി.
സംഭവം നടക്കുമ്പോൾ 17 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന പെൺകുട്ടി 18 തികഞ്ഞതോടെ കുറ്റാരോപിതനെ വിവാഹം കഴിക്കുകയായിരുന്നു. സെഷൻസ് കോടതിയിൽ കേസ് നടന്നു കൊണ്ടിരിക്കുമ്പോൾ ഇവർക്ക് ഒരു കുട്ടിയും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കില്ലെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടിയത്.
പ്രോസിക്യൂഷന്റെ എതിർപ്പ് അവഗണിച്ച് കക്ഷികൾ തമ്മിലുള്ള ഒത്തുതീർപ്പ് അംഗീകരിച്ച് നടപടികൾ അവസാനിപ്പിക്കുന്നതാണ് ഉചിതമെന്ന് കോടതി പറഞ്ഞു. വിവാഹിതരായി ഒരു കുട്ടിയുള്ള ദമ്പതികൾക്ക് മുന്നിൽ കോടതിയുടെ വാതിൽ അടക്കപ്പെട്ടാൽ അത് നീതിനിഷേധമായിരിക്കുമെന്ന് ജസ്റ്റിസ് എം. നാഗപ്രസന്ന പറഞ്ഞു.
പ്രായപൂർത്തിയാകാത്ത മകളെ കാണാനില്ലെന്നാരോപിച്ച് 2019 മാർച്ചിലാണ് പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയത്. പിന്നീട് കുറ്റാരോപിതന്‍റെ കൂടെയാണ് പെൺകുട്ടിയെന്ന് കണ്ടെത്തി. പരസ്പര സമ്മതത്തോടെയാണ് ഒരുമിച്ച് താമസിക്കുന്നതെന്ന് ഇരുവരും വ്യക്തമാക്കി. എന്നാൽ പെൺകുട്ടിക്ക് 18 വയസ്സ് തികയാത്തതിനാൽ യുവാവിനെതിരെ പോക്സോ കേസെടുക്കുകയായിരുന്നു. തുടർന്ന് 18 മാസം ജയിലിൽ കിടന്നതിന് ശേഷമാണ് യുവാവ് പുറത്തിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

