ഇന്ത്യൻ നിയമങ്ങൾ എക്സും പാലിക്കണം, സമൂഹമാധ്യമങ്ങൾക്ക് നിയന്ത്രണം അത്യന്താപേക്ഷിതമാണ്; ഇലോൺ മസ്കിന്‍റെ ഹരജി തള്ളി കർണാടക ഹൈകോടതി
text_fieldsബംഗളൂരു: ചില അക്കൗന്‍റണ്ടുകളും പോസ്റ്റുകളും ബ്ലോക്ക് ചെയ്യുന്നതിനുള്ള കേന്ദ്രത്തിന്‍റെ നിർദേശങ്ങളെ ചോദ്യം ചെയ്ത് എക്സ് സമർപ്പിച്ച ഹരജികൾ കർണാടക ഹൈകോടതി തള്ളി. സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾ നിയന്ത്രിക്കേണ്ടതിന്‍റെ ആവശ്യകതയും കോടതി ചൂണ്ടിക്കാട്ടി. കുറ്റകൃത്യങ്ങളിൽ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളുടെ നിയന്ത്രണം അനിവാര്യമാണ്, പ്രത്യേകിച്ച് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ. അങ്ങനെ ചെയ്തില്ലെങ്കിൽ ഭരണഘടന അനുശാസിക്കുന്ന അന്തസിനുള്ള അവകാശം നഷ്ടപ്പെടുമെന്നും ജസ്റ്റിസ് എം. നാഗപ്രസന്ന പറഞ്ഞു.
ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ സെക്ഷൻ 79(3)(ബി) പ്രകാരം നിയമവിരുദ്ധമായ ഉള്ളടക്കം തടയാനോ നീക്കം ചെയ്യാനോ സമൂഹമാധ്യമ കമ്പനികൾക്ക് നിർദേശം നൽകാനുള്ള സർക്കാരിന് അധികാരമില്ലെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇലോൺ മസ്കിന്‍റെ നേതൃത്വത്തിലുള്ള എക്സ് കർണാടക കോടതിയെ സമീപിച്ചത്.
അമേരിക്കയിലുൾപ്പെടെ സമൂഹ മാധ്യമങ്ങളെ സർക്കാർ നിയന്ത്രിക്കുന്നുണ്ടെന്നും ലംഘനങ്ങൾക്ക് ക്രിമിനൽ ശിക്ഷകൾ ലഭിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ ഇന്ത്യയിൽ സമാനമായ നടപടികൾ സ്വീകരിക്കാൻ കമ്പനി മടിക്കുന്നതും കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യൻ നിയമങ്ങൾക്ക് അനുസരിച്ച് മാത്രമേ വിദേശ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമങ്ങൾക്കും ഇന്ത്യയിൽ നിലനിൽക്കാൻ സാധിക്കുകയുള്ളൂ എന്നും കോടതി വ്യക്തമാക്കി.
ആശയങ്ങളുടെ ആധുനിക അരങ്ങ് എന്ന നിലയില്‍ സാമൂഹിക മാധ്യമങ്ങളെ സ്വാതന്ത്ര്യത്തിന്റെ പേരില്‍ അരജാകത്വത്തിലേക്ക് വിട്ടുകൊടുക്കാനാകില്ലെന്നും കോടതി പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ മറവിൽ അനിയന്ത്രിതമായ അഭിപ്രായ സ്വാതന്ത്ര്യം നിയമലംഘനത്തിനുള്ള ലൈസൻസായി മാറുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(എ) സംസാര സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും നൽകുന്നുവെങ്കിൽ ആർട്ടിക്കിൾ 19(2) പ്രകാരമുള്ള നിയന്ത്രണങ്ങൾക്ക് വിധേയമാണ് എന്ന് കോടതി ഓർമിപ്പിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

