കർണാടകയിൽ ജാതി സർവേ തുടരാമെന്ന് ഹൈകോടതി; ഡേറ്റയുടെ രഹസ്യ സ്വാഭാവം സൂക്ഷിക്കാൻ നിർദേശം
text_fieldsകർണാടക ഹൈകോടതി
ബംഗളൂരു: കർണാടകയിൽ ജാതി സർവേ എന്നറിയപ്പെടുന്ന സാമൂഹിക, വിദ്യാഭ്യാസ സർവേ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജി ഹൈകോടതി തള്ളി. ഡേറ്റയുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കാൻ സംസ്ഥാന സർക്കാറിനോട് നിർദ്ദേശിച്ച കോടതി, സർവേയിൽ പങ്കെടുക്കുന്നവർ സ്വമേധയാ നൽകുന്ന വിവരങ്ങളാകണം രേഖപ്പെടുത്തേണ്ടതെന്നും വ്യക്തമാക്കി. സർവേ നിർത്തിവെക്കാൻൻ ഒരു കാരണവും കണ്ടെത്താനായില്ലെന്ന് ചീഫ് ജസ്റ്റിസ് വിഭു ബഖ്രു, ജസ്റ്റിസ് സി.എം. ജോഷി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കർണാടക സർക്കാർ നടത്തുന്ന സാമൂഹിക-സാമ്പത്തിക, വിദ്യാഭ്യാസ സർവേ (ജാതി സർവേ) കേന്ദ്ര സർവേയുടെ ഭാഗമായുള്ള സെൻസസ് മാത്രമാണെന്ന് കേന്ദ്ര സർക്കാർ ബുധനാഴ്ച കർണാടക ഹൈകോടതിയെ ബോധിപ്പിച്ചിരുന്നു. കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ (എ.എസ്.ജി) അരവിന്ദ് കാമത്ത് കേന്ദ്രം നടത്തുന്ന സെൻസസ് മാത്രമേ സുരക്ഷിതവും നിയമാനുസൃതവുമായ ഡേറ്റ പ്രോസസ്സിംഗ് നൽകുന്നുള്ളൂവെന്ന് വാദിച്ചു. ഇടക്കാല ഉത്തരവ് ആവശ്യപ്പെട്ടുള്ള ഹരജിയിൽ ഡിവിഷൻ ബെഞ്ച് വാദം കേൾക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിയിരുന്നു.
സാമൂഹിക സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യുന്നതിനുള്ള ജാതി അടിസ്ഥാനമാക്കിയുള്ള സർവേയെ ചോദ്യംചെയ്ത് അഖില ഭാരത വീരശൈവ ലിംഗായത മഹാസഭ അംഗങ്ങളായ രാജ്യ വൊക്കലിഗ സംഘം സമർപ്പിച്ച ഹരജികളാണ് ബെഞ്ച് പരിഗണിച്ചത്. നിലവിൽ സംസ്ഥാനത്തുടനീളം നടക്കുന്ന എണ്ണൽ പ്രക്രിയക്ക് ഇടക്കാല സ്റ്റേ വേണമെന്നാണ് ഹർജികളിൽ ആവശ്യപ്പെട്ടത്. സെൻസസ് നിയമപ്രകാരം ജാതികളുടെ എണ്ണവും കൂടി ഉൾപ്പെടുന്ന ഏക ആധികാരിക സെൻസസ് ആരംഭിക്കുന്നതായി കേന്ദ്ര സർക്കാർ ഇതിനകം വിജ്ഞാപനം ചെയ്തിട്ടുണ്ടെന്ന് എ.എസ്.ജി. വാദിച്ചു. സെൻസസിലെ ചോദ്യങ്ങൾ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് പുറപ്പെടുവിക്കുന്നതെന്നും സംസ്ഥാന സർവേയിൽ അത്തരമൊരു ഉത്തരവ് നിലവിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന സര്‍വേയുടെ രൂപകല്‍പനയിലെ പിഴവുകള്‍ ചൂണ്ടിക്കാണിക്കാതെ അത് സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വി പറഞ്ഞു. പുട്ടസ്വാമി വിധിന്യായത്തില്‍ പോലും ക്ഷേമ ആവശ്യങ്ങള്‍ക്കായി ഡേറ്റ ശേഖരിക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ അധികാരം സുപ്രീംകോടതി അംഗീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ജാതികളുടെ എണ്ണവും വർഗീകരണവും എന്തിന്റെ അടിസ്ഥാനത്തിലാണ് നടത്തിയതെന്ന് ഡിവിഷൻ ബെഞ്ച് കർണാടക പിന്നാക്ക വിഭാഗ കമീഷനോട് ആരാഞ്ഞു. മുൻ സർവേയിൽ ചില ജാതികളെ ഒഴിവാക്കിയതായി നിവേദനങ്ങൾ ലഭിച്ചതിനെ തുടർന്നാണ് ജാതി പട്ടികയിൽ പുനഃപരിശോധന ആവശ്യമാണെന്ന് കമ്മീഷൻ കോടതിയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

