അജിത് പവാറിന്റെ മരണം: കർണാടകക്ക് 'സീറോ എഫ്.ഐ.ആർ' ഫയൽ ചെയ്യാൻ അവകാശമില്ല, രാഷ്ട്രീയ തന്ത്രമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്
text_fieldsദേവേന്ദ്ര ഫഡ്നാവിസ്
മുംബൈ: ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട വിമാനാപകടവുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ സീറോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ അനുമതി നൽകിയ കർണാടക സർക്കാരിന്റെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. മഹാരാഷ്ട്രയുടെ പ്രതിച്ഛായ തകർക്കാനുള്ള രാഷ്ട്രീയ തന്ത്രമാണിതെന്ന് നിയമസഭയിൽ അദ്ദേഹം പറഞ്ഞു.
ഈ കേസിൽ സീറോ എഫ്.ഐ.ആർ അനുവദിക്കാൻ കർണാടകക്ക് സാങ്കേതികമായി അവകാശമില്ല. ഇരകൾക്ക് പ്രാദേശിക പൊലീസ് സ്റ്റേഷനിൽ എത്താൻ കഴിയാത്ത സാഹചര്യത്തിൽ മാത്രമാണ് സീറോ എഫ്.ഐ.ആർ അനുവദിക്കാറുള്ളത്. ഇവിടെ അത്തരമൊരു സാഹചര്യമില്ല. എൻ.സി.പി എം.എൽ.എ രോഹിത് പവാറിനെ ഇതിൽ നിന്ന് പിന്തിരിപ്പിക്കേണ്ടതിന് പകരം കർണാടക സർക്കാർ പ്രോത്സാഹിപ്പിക്കുകയായിരുന്നു. മഹാരാഷ്ട്രയിൽ അന്വേഷണം നടക്കുന്നില്ലെന്ന തെറ്റായ ധാരണ പരത്താനാണ് ഇതിലൂടെ ശ്രമിക്കുന്നത്.
വിമാനാപകടത്തിന് പിന്നാലെ മഹാരാഷ്ട്രയിലെ സി.ഐ.ഡി, ഡി.ജി.സി.എ തുടങ്ങിയ ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സി.ബി.ഐ അന്വേഷണത്തിനായി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അപകടത്തെക്കുറിച്ചുള്ള ഫോറൻസിക്, അന്വേഷണ റിപ്പോർട്ടുകളും ഫഡ്‌നാവിസ് സഭയിൽ വിശദീകരിച്ചു. വിമാനത്തിൽ വിഷാംശമോ മദ്യത്തിന്റെ സാന്നിധ്യമോ അമിതമായി ഇന്ധനം കയറ്റിയതോ കണ്ടെത്തിയിട്ടില്ല. മൃതദേഹങ്ങളുടെ പരിശോധനയിലും അസ്വാഭാവികമായി ഒന്നുമില്ല.
വിമാനം പറക്കാൻ വേണ്ട കുറഞ്ഞ കാഴ്ചപരിധി 5,000 മീറ്റർ ആയിരിക്കെ അപകടസമയത്ത് അത് 3,000 മീറ്റർ മാത്രമായിരുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പൈലറ്റ് സുമിത് കപൂർ മുമ്പ് മദ്യപിച്ചു വിമാനം പറത്തിയതിന് സസ്പെൻഷനിലായിരുന്നെങ്കിലും അമേരിക്കയിലെ പരിശീലനത്തിന് ശേഷം യോഗ്യത തിരിച്ചുപിടിച്ചിരുന്നു. മൾട്ടിപ്പിൾ ഇഞ്ചുറികളും പൊള്ളലുമാണ് അജിത് പവാർ ഉൾപ്പെടെ അഞ്ചുപേരുടെയും മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കർണാടകയുടെ ഈ നടപടി തെറ്റായ കീഴ്‌വഴക്കമുണ്ടാക്കുമെന്നും, മഹാരാഷ്ട്രയിലുള്ളവർക്ക് കർണാടക മുഖ്യമന്ത്രിക്കെതിരെ സമാന രീതിയിൽ കേസുകൾ ഫയൽ ചെയ്യാൻ ഇത് അവസരമൊരുക്കുമെന്നും ഫഡ്‌നാവിസ് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

