Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മതപരിവർത്തനം തടയാൻ പ്രത്യേക നിയമം വേണോ? കർണാടകയിൽ പുനഃപരിശോധനക്ക് കോൺഗ്രസ് സർക്കാർ, എതിർപ്പുമായി ബിജെപി

text_fields
bookmark_border
https://www.madhyamam.com/tags/anti-conversion-law
cancel
camera_alt

ഡി.കെ. ശിവകുമാർ

ബംഗളൂരു: 2022ൽ ബി.ജെ.പി സർക്കാർ അധികാരത്തിലിരിക്കെ മതപരിവർത്തനം തടയാൻ കൊണ്ടുവന്ന, കർണാടക മതസ്വാതന്ത്ര്യ സംരക്ഷണ നിയമം കോൺഗ്രസ് പുനഃപരിശോധിക്കുന്നു.

ഡിസംബർ രണ്ടിന് വടക്കൻ കർണാടകയിലെ ബെളഗാവിയിൽ ആരംഭിക്കുന്ന നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ നിയമം പിൻവലിക്കുന്ന വിഷയം അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. നവംബർ 30ന് ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യം ചർച്ച ചെയ്ത് തീരുമാനമെടക്കും.

നിയമത്തിന്റെ ആവശ്യകതയും പ്രത്യാഘാതങ്ങളും പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ പൊളിറ്റിക്കൽ സെക്രട്ടറി എ.എസ്. പൊന്നണ്ണ പറഞ്ഞു. നിയമം പിൻവലിക്കുന്നതും സർക്കാറിന്റെ പരിഗണനയിലുണ്ടെന്ന സൂചനയാണ് അദ്ദേഹം നൽകിയത്. ഇക്കാര്യം മന്ത്രിസഭയിലും ചർച്ച ചെയ്യുമെന്ന് പൊന്നണ്ണ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

‘കർണാടകക്കും സിക്കിമിനും മാത്രമാണ് രാജ്യത്ത് ഇത്തരമൊരു നിയമം നിലവിലുള്ളത്. പാർലമെന്റിൽ പോലും ഇതുസംബന്ധിച്ച പ്രത്യേക നിയമം പാസാക്കിയിട്ടില്ല. നിർബന്ധിത മതപരിവർത്തനം തടയാൻ നിലവിലുള്ള ഭാരതീയ ന്യായ സംഹിതയിൽ വ്യവസ്ഥകളുണ്ട്. അങ്ങനെയിരിക്കെ, പ്രത്യേക നിയമത്തിന്റെ ആവശ്യമെന്തെന്ന് പരിശോധിക്കണം. നിയമത്തിന്റെ ഗുണദോഷങ്ങളും അതിന്റെ ആവശ്യകതയും സർക്കാർ വിലയിരുത്തും’ -അദ്ദേഹം വ്യക്തമാക്കി.

ബി.ജെ.പി സർക്കാർ പ്രത്യേക സമുദായത്തെ പ്രീണിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം നിയമം കൊണ്ടുവന്നതെന്ന് ആരോപിച്ച പൊന്നണ്ണ, ഇക്കാര്യത്തിൽ ഭരണഘടനയിൽ പോലും വ്യവസ്ഥയില്ലെന്നും പറഞ്ഞു.

കർണാടക മതസ്വാതന്ത്ര്യ സംരക്ഷണ നിയമം പിൻവലിക്കണമെന്ന് മതന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രതിനിധികളും വിവിധ സംഘടനകളും സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് വാഗ്ദാനവും ഭരണഘടനാപരമായ ബാധ്യതയും നിറവേറ്റണമെന്നായിരുന്നു ഇവരുടെ ആവശ്യം.

അതേസമയം, നിയമം പിൻവലിക്കാനുള്ള നീക്കത്തിനെതിരെ ബി.ജെ.പി രംഗത്തെത്തി. സംസ്ഥാനത്ത് മതപരിവർത്തനം വർധിച്ചുവരികയാണെന്ന് നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആർ. അശോക ആരോപിച്ചു.

‘ലവ് ജിഹാദ്’ എന്ന പേരിൽ ഹിന്ദുക്കളെ പ്രലോഭിപ്പിച്ച് മതംമാറ്റുകയാണെന്നും നിയമം പിൻവലിച്ചാൽ കോൺഗ്രസ് മതപരിവർത്തനത്തെ അനുകൂലിക്കുന്നുവെന്ന് വ്യക്തമാകുമെന്നും അശോക പറഞ്ഞു.

വരാനിരിക്കുന്ന നിയമസഭ സമ്മേളനത്തിൽ നിയമം പിൻവലിക്കാൻ അനുവദിക്കില്ലെന്നും ശക്തമായി എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ മതപരിവർത്തന നിരോധന നിയമം പിൻവലിക്കാനുള്ള കർണാടക സർക്കാറിന്റെ നീക്കം ഭരണ-പ്രതിപക്ഷ പോരിന് വഴിവെക്കുമെന്നുറപ്പായി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story