മഹർഷി വാൽമീകി കോർപറേഷൻ അഴിമതി: മുൻമന്ത്രി നാഗേന്ദ്രയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി
text_fieldsബി. നാഗേന്ദ്ര
ബംഗളൂരു: കർണാടക മഹർഷി വാൽമീകി പട്ടികവർഗ വികസന കോർപറേഷനിലെ കോടിക്കണക്കിന് രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ട് മുൻ മന്ത്രി ബി. നാഗേന്ദ്രയെ കുറ്റവിചാരണ ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) കർണാടക ഗവർണർ തവാർചന്ദ് ഗെലോട്ട് അനുമതി നൽകി. അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്തതിനെത്തുടർന്ന് കഴിഞ്ഞ ഒക്ടോബറിൽ കോൺഗ്രസ് എം.എൽ.എക്ക് ബംഗളൂരു പ്രത്യേക കോടതി ജാമ്യം അനുവദിച്ചിരുന്നു.
അന്വേഷണത്തിൽ തിരിച്ചറിഞ്ഞ മറ്റ് പ്രധാന പ്രതികൾക്കൊപ്പം കള്ളപ്പണം വെളുപ്പിക്കൽനിരോധന നിയമത്തിലെ (പി.എം.എൽ.എ) വ്യവസ്ഥകൾ പ്രകാരം ജൂലൈയിൽ നാഗേന്ദ്രയെ അറസ്റ്റ് ചെയ്തു. അഴിമതിയിൽ പങ്കുണ്ടെന്ന ആരോപണത്തെത്തുടർന്ന് കഴിഞ്ഞ വർഷം ജൂണിൽ അദ്ദേഹം പട്ടികവർഗ ക്ഷേമമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. അഴിമതി കേസിൽ മുഖ്യപ്രതിയും മുഖ്യസൂത്രധാരനുമാണ് നാഗേന്ദ്രയെന്ന് ഇ.ഡി നേരത്തെ പറഞ്ഞിരുന്നു. മറ്റ് 24 പേരുടെ സഹായത്തോടെയാണ് ഇദ്ദേഹം തട്ടിപ്പ് നടത്തിയതെന്ന് ആരോപിക്കപ്പെടുന്നു.
നാഗേന്ദ്രയുടെ സ്വാധീനത്താൽ കോർപറേഷന്റെ അക്കൗണ്ട് ശരിയായ അംഗീകാരമില്ലാതെ എം.ജി റോഡ് ശാഖയിലേക്ക് മാറ്റിയെന്ന് കേന്ദ്ര അന്വേഷണ ഏജൻസി പറയുന്നു. 'ഗംഗാ കല്യാണ പദ്ധതി' പ്രകാരം സംസ്ഥാന ട്രഷറിയിൽ നിന്നുള്ള 43.33 കോടി രൂപ ഉൾപ്പെടെ സർക്കാർ നടപടിക്രമങ്ങളും മാർഗനിർദേശങ്ങളും ലംഘിച്ച് മൊത്തം 187 കോടി രൂപ ഈ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു.
ഈ ഫണ്ടുകൾ പിന്നീട് ഒന്നിലധികം അക്കൗണ്ടുകളിലൂടെ തട്ടിയെടുക്കുകയും പണമായും സ്വർണ്ണമായുംമാറ്റുകയും ചെയ്തു എന്നാണ് ഇ.ഡിയുടെ ആരോപണം. വഴിതിരിച്ചുവിട്ട ഫണ്ടിൽ 20.19 കോടി രൂപ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബെല്ലാരി നിയോജകമണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർഥിയെ പിന്തുണക്കുന്നതിനും നാഗേന്ദ്രയുടെ സ്വകാര്യ ചെലവുകൾക്കുമായി ഉപയോഗിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയെന്ന് ഇ.ഡി അവകാശപ്പെട്ടു.
ചെക്ക് കേസിൽ നാഗേന്ദ്രക്ക് 1.25 കോടി പിഴ
ബംഗളൂരു: ചെക്ക് മടങ്ങിയ കേസിൽ മുൻ കർണാടക മന്ത്രി ബി. നാഗേന്ദ്ര എം.എൽ.എ കുറ്റക്കാരനാണെന്ന് ബംഗളൂരു കോടതി വിധിച്ചു. 1.25 കോടി രൂപ പിഴയും അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കെ.എൻ. ശിവകുമാർ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം തടവ് അനുഭവിക്കണം. നാഗേന്ദ്രയുടെയും അനിൽ രാജശേഖറിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള ബി.സി ഇൻഫ്രാസ്ട്രക്ചർ ആൻഡ് റിസോഴ്‌സസ് കമ്പനിയായ വി.എസ്.എൽ സ്റ്റീൽസ് ലിമിറ്റഡും തമ്മിൽ 2013 മുതൽ നിലനിൽക്കുന്ന ദീർഘകാല സാമ്പത്തിക തർക്കമാണ് കേസിന് ആധാരം.
വിഎസ്എൽ സ്റ്റീൽസിന് കമ്പനി 2.53 കോടി രൂപ കുടിശ്ശിക വരുത്തിയിട്ടുണ്ടെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു. ഒത്തുതീർപ്പിന്റെ ഭാഗമായി ഒരു കോടി രൂപയുടെ ചെക്ക് നൽകി. എന്നാൽ 2022-ൽ അക്കൗണ്ടിൽ പണമില്ലാതെ ചെക്ക് മടങ്ങിയപ്പോൾ വി.എസ്.എൽ സ്റ്റീൽസ് ലിമിറ്റഡ് നിയമനടപടികൾ ആരംഭിച്ചു. തെളിവുകൾ പരിശോധിച്ച ശേഷം കോടതി 1.25 കോടി രൂപ പിഴ ചുമത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

