കുട്ടികളിലെ സ്ക്രീൻ അഡിക്ഷൻ തടയാൻ കരട് നയം പുറത്തിറക്കി കർണാടക സർക്കാർ
text_fieldsബംഗളൂരു: കുട്ടികൾക്കിടയിൽ വർധിച്ചുവരുന്ന സ്ക്രീൻ അഡിക്ഷൻ കുറക്കുന്നതിനായി സമഗ്ര കരട് നയം രൂപീകരിച്ച് കർണാടക സർക്കാർ. ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, സംസ്ഥാന മാനസികാരോഗ്യ വകുപ്പ്, നിംഹാൻസ് ചേർന്ന് സംയുക്തമായാണ് പദ്ധതിക്ക് രൂപം നൽകിയത്. വിദ്യാർഥികളുടെ മാനസികാരോഗ്യം, വൈകാരിക സന്തുലിതാവസ്ഥ, ഡിജിറ്റൽ ബോധവൽക്കരണം തുടങ്ങിയവ മെച്ചപ്പെടുത്തുന്നതിനാണ് കരട് നയം ഊന്നൽ നൽകുന്നത്.
മൊബൈൽഫോൺ, കമ്പ്യൂട്ടർ തുടങ്ങിയവയുടെ അമിത ഉപയോഗം കുട്ടികളുടെ മാനസിക നിലയെ ദോഷകരമായി ബാധിക്കുന്നു എന്ന കണ്ടെത്തലിനെത്തുടർന്നാണ് ഈ നടപടി. ഏകദേശം 25 ശതമാനം കൗമാരക്കാരും ഇന്റർനെറ്റ് അഡിക്ഷന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് മൂലം ഉത്കണ്ഠയും ഉറക്കക്കുറവും ഏകാഗ്രത കുറവും ഉണ്ടാവുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു.
ഒമ്പത് മുതൽ മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരെ കേന്ദ്രീകരിച്ചാണ് ഈ നയം നടപ്പിലാക്കുന്നത്. സ്‌കൂളുകൾക്കുള്ള സർക്കാർ നിർദേശങ്ങൾ, അധ്യാപകർക്കുള്ള പ്രത്യേക പരിശീലന പരിപാടികൾ, രക്ഷിതാക്കളുമായുള്ള സജീവമായ ആശയവിനിമയം തുടങ്ങി മൂന്ന് തലങ്ങളിലായാണ് പദ്ധതിയുടെ പ്രവർത്തനം. പഠന ആവശ്യങ്ങൾക്കല്ലാതെ വിനോദങ്ങൾക്കായി ഒരു ദിവസം, പരമാവധി ഒരു മണിക്കൂർ മാത്രമേ സ്ക്രീൻ ഉപയോഗിക്കാവൂ എന്നും നയം ശിപാർശ ചെയ്യുന്നു.
അധ്യാപകർ, കൗൺസിലർമാർ, രക്ഷിതാക്കൾ, സൈബർ ക്രൈം പോലീസ് പ്രതിനിധികൾ എന്നിവരടങ്ങുന്ന സമിതിയും സ്കൂളുകളിൽ രൂപീകരിക്കും. ഓൺലൈൻ സുരക്ഷ, സ്വകാര്യത, സൈബർ ബുള്ളിയിങ് എന്നിവയെക്കുറിച്ചും സിലബസിൽ ഉൾപ്പെടുത്തും.
കുട്ടികളിലെ സ്വഭാവ മാറ്റങ്ങൾ, ഒറ്റപ്പെടൽ, പഠനത്തിലെ പിന്നോക്കാവസ്ഥ എന്നിവ നിരീക്ഷിക്കാൻ അധ്യാപകർക്ക് പ്രത്യേക പരിശീലനവും നൽകും.
സാങ്കേതികവിദ്യയോടുള്ള അമിതാസക്തിയിൽ നിന്ന് വിട്ട് നിൽക്കുന്നതിനായി 'നോ-ടെക്നോളജി ഡേയ്സ്', 'ഓഫ്‌ലൈൻ ജോയ്' തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും. കായിക വിനോദങ്ങൾക്കും മറ്റുമായിരിക്കും പ്രധാന്യം നൽകുക. കൂടാതെ, കുട്ടികളുമായുള്ള ആശയവിനിമയത്തിന് മെസ്സേജിങ് ആപ്പുകൾക്ക് പകരം പഴയ രീതിയിലുള്ള ഡയറി സംവിധാനം ഏർപ്പെടുത്താൻ സ്കൂളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. വീടുകളിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കാത്ത ക്വാളിറ്റി ടൈമുകൾ ഉറപ്പാക്കണമെന്നും, കുട്ടികൾക്ക് മാതൃകയാകുന്ന വിധത്തിൽ രക്ഷിതാക്കൾ സ്ക്രീൻ ഉപയോഗം കുറക്കണമെന്നും നയം വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

