സ്കൂളുകളിൽ ഷൂവിന് പകരം സ്ലിപ്പറുകൾ വിതരണം ചെയ്യാൻ കർണാടക സർക്കാർ ഒരുങ്ങുന്നു
text_fieldsബെംഗളൂരു: കർണാടകയിലെ സർക്കാർ-എയ്ഡഡ് സ്കൂൾ വിദ്യാർത്ഥികൾക്ക് ഷൂ വിതരണം ചെയ്യുന്ന പദ്ധതിയിൽ മാറ്റം വരുത്താൻ സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നു. സംസ്ഥാനത്തെ ചില പ്രദേശങ്ങളിലെ കനത്ത മഴയും ഈർപ്പമുള്ള കാലാവസ്ഥയും കണക്കിലെടുത്ത്, ഷൂവിനും സോക്സിനും പകരം സ്ലിപ്പറുകൾ നൽകാനാണ് പുതിയ നിർദ്ദേശം. ദീർഘനേരം ഷൂ ധരിക്കുന്നത് കുട്ടികളിൽ കാലിലെ അണുബാധയ്ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുവെന്ന പരാതികളെത്തുടർന്നാണ് അധികൃതരുടെ ഈ നീക്കം. പ്രാദേശിക കാലാവസ്ഥ മുൻനിർത്തി കുട്ടികൾക്ക് കൂടുതൽ അനുയോജ്യം ഷൂവാണോ അതോ ചെരുപ്പാണോ എന്ന് വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ എല്ലാ ജില്ലകളിലെയും പബ്ലിക് ഇൻസ്ട്രക്ഷൻ ഡെപ്യൂട്ടി ഡയറക്ടർമാർക്കും നിർദേശം നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ ആരോഗ്യം, ശുചിത്വം, സൗകര്യം എന്നിവ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മഴക്കാലത്ത് കുട്ടികൾ ധരിക്കുന്ന ഷൂവും സോക്സും നനഞ്ഞ് പകൽ മുഴുവൻ ഇരിക്കുന്നത് ഫംഗസ് ബാധയ്ക്കും ദുർഗന്ധത്തിനും ഇടയാക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. ഇത് കുട്ടികളിൽ വലിയ രീതിയിലുള്ള ശാരീരിക അസ്വസ്ഥതകളാണ് ഉണ്ടാക്കുന്നത്. എന്നാൽ മഴക്കാലത്തും വേനൽക്കാലത്തും ഒരേപോലെ ഉപയോഗിക്കാൻ എളുപ്പവും ആരോഗ്യപ്രദവും ചെരുപ്പുകളാണെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്തുടനീളം ഒരേ നയം നടപ്പാക്കുന്നതിനേക്കാൾ, പ്രാദേശിക സാഹചര്യങ്ങൾക്ക് അനുസൃതമായ ഇളവുകൾ നൽകുന്നത് വിദ്യാർത്ഥികൾക്ക് കൂടുതൽ ഗുണം ചെയ്യുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് കരുതുന്നത്. നിലവിൽ സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ കുട്ടികൾക്ക് വർഷത്തിൽ ഒരു ജോടി ഷൂവും രണ്ട് ജോടി സോക്സുമാണ് സർക്കാർ നൽകുന്നത്. ഇതിനായി കഴിഞ്ഞ വർഷം ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളിലെ കുട്ടികൾക്ക് 265 രൂപയും, ആറു മുതൽ എട്ടു വരെ ക്ലാസുകൾക്ക് 295 രൂപയും, ഒൻപത്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് 325 രൂപയുമാണ് അനുവദിച്ചിരുന്നത്.
ചെരുപ്പ് നൽകാനുള്ള നിർദ്ദേശം നിലവിൽ ആലോചനയിലാണെന്നും അന്തിമ തീരുമാനമായിട്ടില്ലെന്നും വിദ്യാഭ്യാസ വകുപ്പ് സൂചിപ്പിച്ചു. ജില്ലാ അധികാരികളിൽ നിന്നുള്ള ഫീഡ്‌ബാക്ക് ലഭിച്ച ശേഷമായിരിക്കും പദ്ധതിയിൽ ഭേദഗതി വരുത്തുക. നയം യാഥാർത്ഥ്യമായാൽ, കനത്ത മഴയും പ്രതികൂല കാലാവസ്ഥയും നേരിടുന്ന പ്രദേശങ്ങളിലെ ലക്ഷക്കണക്കിന് സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് ഇത് വലിയ ആശ്വാസമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

