കർണാടക സർക്കാർ പരാജയം -കുമാരസ്വാമി
text_fieldsഎച്ച്.ഡി. കുമാരസ്വാമി
ബംഗളൂരു: സംസ്ഥാനത്തെ കോൺഗ്രസ് സർക്കാർ തികഞ്ഞ പരാജയമാണെന്നും തെരഞ്ഞെടുപ്പ് വാഗ്ദാന പദ്ധതികൾ നടപ്പാക്കുന്നില്ലെന്നും ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കർണാടകയിൽ ഈ അവസ്ഥയാണെങ്കിലും തെലങ്കാനയിൽ കോൺഗ്രസ് വ്യാജ വാഗ്ദാനങ്ങൾ നൽകുകയാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് പരിഹാസ്യമാണ്. കർണാടകയിൽ വിവിധ വകുപ്പുകളിലായി രണ്ടര ലക്ഷം തസ്തികകൾ ഒഴിഞ്ഞുകിടക്കുമ്പോൾ തെലങ്കാനയിൽ രണ്ടു ലക്ഷം ഒഴിവുകൾ നികത്തുമെന്നാണ് സിദ്ധരാമയ്യ വാഗ്ദാനം ചെയ്യുന്നത്.
സിദ്ധരാമയ്യ മുമ്പ് മുഖ്യമന്ത്രിയായിരുന്ന 2013-2018 കാലയളവിലെ ഒഴിവുകളാണ് കർണാടകയിലുള്ളത്. അടുത്തിടെ തന്റെ മണ്ഡലത്തിൽ കർണാടക ഡെവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചപ്പോൾ ഒരു താലൂക്ക് ഓഫിസിൽ മുപ്പതോളം കൃഷി ഉദ്യോഗസ്ഥർ ആവശ്യമുള്ളിടത്ത് വെറും മൂന്നു പേർ മാത്രമാണ് ഉണ്ടായിരുന്നത്. വീട്ടമ്മമാർക്ക് 2,000 രൂപ വീതം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതി ശരിയായി നടപ്പാക്കാത്ത കോൺഗ്രസ്, തെലങ്കാനയിൽ വീട്ടമ്മമാർക്ക് 4,000 രൂപയാണ് വാഗ്ദാനം ചെയ്യുന്നത്.
സംസ്ഥാനത്ത് തുടർച്ചയായി ലോഡ് ഷെഡിങ്ങുണ്ട്. കർഷകർക്ക് ദിവസേന അഞ്ചു മണിക്കൂർ വൈദ്യുതി നൽകുന്നുണ്ടെന്നും ഇതുപോലെ തെലങ്കാനയിലും നൽകുമെന്നുമാണ് ‘താൽക്കാലിക’ മുഖ്യമന്ത്രി സിദ്ധരാമയ്യയും ‘ഡ്യൂപ്ലിക്കേറ്റ്’ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും അവിടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പറയുന്നത്. എന്നാൽ, തെലങ്കാനയിൽ നിലവിൽ 24 മണിക്കൂറും വൈദ്യുതി ലഭിക്കുന്നുണ്ട്. പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ഇരുവരും പരിഹാസ കഥാപാത്രങ്ങളായെന്നും കുമാരസ്വാമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

