ആർട്ട് ഓഫ് ലിവിങ്ങിന്‍റെ ഭൂമി കൈയേറ്റം; പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് കർണാടക സർക്കാർ
text_fieldsബംഗളൂരു: സൗത്ത് താലൂക്കിലെ കഗ്ഗലിപുര ഗ്രാമത്തിലും പരിസരത്തും ശ്രീ ശ്രീ രവിശങ്കറിന്‍റെ ദി ആർട്ട് ഓഫ് ലിവിങും അനുബന്ധ സംഘടനകളും മറ്റ് കക്ഷികളും സർക്കാർ ഭൂമി കൈയേറിയതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താൻ കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. മൂന്ന് മാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ സംഘത്തിന് നിര്‍ദേശം നല്‍കി. 1964 ലെ കർണാടക ലാൻഡ് റവന്യൂ ആക്ട്, 2011 ലെ കർണാടക ഭൂമി പിടിച്ചെടുക്കൽ നിരോധന നിയമം എന്നിവ പ്രകാരം റവന്യൂ വകുപ്പ് പുറപ്പെടുവിച്ച ജൂലൈ 17 ലെ ഉത്തരവ് ചൊവ്വാഴ്ച റവന്യൂ മന്ത്രിയുടെ ഓഫിസ് പങ്കുവെച്ചു.
റീജനൽ കമീഷണർ അമ്മാൻ ആദിത്യ ബിശ്വാസിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിൽ മുതിർന്ന റവന്യൂ ഉദ്യോഗസ്ഥർ, ഭൂരേഖാ ഉദ്യോഗസ്ഥർ, വ്യവഹാര മാനേജ്‌മെന്‍റ് ഉപദേഷ്ടാവായ വിരമിച്ച ജില്ല, സെഷൻസ് ജഡ്ജി, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടുന്നു. യെലഹങ്കയിലെ തഹസിൽദാർ കലിമുള്ളയെ മെമ്പർ-സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്.
സർക്കാർ, സംഘടനാ രേഖകൾ പരിശോധിക്കുക, ഭൂമി അനുവദിച്ച രേഖകൾ പരിശോധിക്കുക, യഥാർഥ ഗ്രാന്‍റുകളും നിയമപരമായ അവകാശികളെയും തിരിച്ചറിയുക, വ്യാജരേഖകൾ കണ്ടെത്തുക, കോടതിയില്‍ നടന്നു കൊണ്ടിരിക്കുന്ന കേസുകൾ സൂക്ഷപരിശോധനക്ക് വിധേയമാക്കുക, ഉപഗ്രഹ ചിത്രങ്ങൾ വഴി പരിസ്ഥിതി നാശനഷ്ടങ്ങൾ വിലയിരുത്തുക, പൊതു ഇടങ്ങളിലും ജലാശയങ്ങളിലും സർവേ നടത്തുക, ഉത്തരവാദികൾക്ക് സമൻസ് അയക്കുക, ആരോപിക്കപ്പെടുന്ന കൈയേറ്റങ്ങളുടെ സത്യാവസ്ഥ നിർണയിക്കുക, സർക്കാർ, പൊതു ഉപയോഗ ഭൂമി സംരക്ഷിക്കുന്നതിനുള്ള നിയമപരവും ഭരണപരവുമായ നടപടികൾ ശിപാർശ ചെയ്യുക എന്നിവയാണ് എസ്.ഐ.ടിയുടെ ചുമതലകൾ.
കഗ്ഗലിപുരയിലെയും പരിസര ഗ്രാമങ്ങളിലെയും സർവേ നമ്പർ 46 ഉൾപ്പെടുന്ന കയ്യേറ്റം ആരോപ്പിക്കപ്പെട്ട സ്ഥലങ്ങള്‍ എസ്.ഐ.ടി പരിശോധിക്കും. വേദ വിജ്ഞാന മഹാ വിദ്യാപീഠ് ഇൻസ്റ്റിറ്റ്യൂട്ട്, സുമേരു ഗ്ലോബൽ സപ്പോർട്ട് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, സുമേരു റിയാലിറ്റി പ്രൈവറ്റ് ലിമിറ്റഡ്, റിട്ട് ഹരജിയിലെ മറ്റ് പ്രതികൾ എന്നിവര്‍ കൈവശംവെച്ചിരിക്കുന്നതായി കണ്ടെത്തിയ സർക്കാർ ഭൂമികള്‍ അന്വേഷണ പരിധിയില്‍ വരും. 2025 ഒക്ടോബറിൽ അസി.ഡയറക്ടർ ഓഫ് ലാൻഡ് റെക്കോഡ്സ് നടത്തിയ സർവേ പ്രകാരം ആർട്ട് ഓഫ് ലിവിങ്ങിന്‍റെ ട്രസ്റ്റികളും മറ്റ് ചില വ്യക്തികളും ചേർന്ന് സർക്കാർ പാട്ടക്കരാറുകൾ വഴിയും, സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് എടുത്തവരുമായുള്ള ഒത്തുതീര്‍പ്പുകള്‍ വഴിയും 290 ഏക്കറിലധികം സർക്കാർ ഗോമാല (റവന്യൂ വിഭാഗം കൈകാര്യം ചെയ്യുന്ന സര്‍ക്കാര്‍ ഭൂമി) ഭൂമി നേരിട്ടും അല്ലാതെയും കൈയേറിയതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.
ശ്രീ ശ്രീ രവിശങ്കർ, ആർട്ട് ഓഫ് ലിവിങ് ഇന്‍റര്‍നാഷനൽ സെന്‍റര്‍, സുമേരു ഗ്ലോബൽ സപ്പോർട്ട് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ഭാരവാഹികൾ എന്നിവർ പ്രതികളായ പൊതുതാൽപ്പര്യ ഹർജിയും സർക്കാർ പരാമർശിച്ചു. കഗ്ഗലിപുര വില്ലേജിലെ 160, 164/1, 164/2, 150, 137 എന്നീ സർവേ നമ്പറുകളിലെ സർക്കാർ ഭൂമി, തടാകങ്ങള്‍, മഴവെള്ള ചാലുകള്‍ എന്നിവ കൈയേറിയതായും അനധികൃതമായി അപ്പാർട്ടുമെന്‍റുകളും മറ്റ് കെട്ടിടങ്ങളും നിർമ്മിച്ചതായും ഹർജിയിൽ ആരോപിക്കുന്നു. 2025 സെപ്റ്റംബർ ഒമ്പതിന് പൊതുതാൽപര്യ ഹരജി തീർപ്പാക്കിയപ്പോൾ ഹൈക്കോടതി റവന്യൂ വകുപ്പിനോടും ബംഗളൂരു അർബൻ ഡെപ്യൂട്ടി കമീഷണറോടും ബംഗളൂരു സൗത്ത് തഹസിൽദാരോടും നിയമാനുസൃതമായി കൈയേറ്റക്കാർക്കെതിരെ നടപടിയെടുക്കാനും നിർദ്ദേശമുണ്ട്.
കഗ്ഗലിപുര, അഗര, ബഡെ മാനവർത്തെ കാവൽ എന്നിവ സർക്കാർ മേച്ചിൽപ്പുറങ്ങളാണെന്ന് യഥാർത്ഥ രേഖകൾ കാണിക്കുന്നുണ്ടെന്നും അതേസമയം കാവൽ പ്രദേശങ്ങളെ സംരക്ഷണം ആവശ്യമുള്ള പരിസ്ഥിതി ദുർബല മേഖലകളായി ദേശീയ ഹരിത ട്രൈബ്യൂണൽ അംഗീകരിച്ചിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു. സർവേ നമ്പർ 46 ലെ 41 ഏക്കർ സർക്കാർ മേച്ചിൽപ്പുറങ്ങൾ 1985 ൽ ഏക്കറിന് 500 രൂപ വാർഷിക വാടകക്ക് 40 വർഷത്തേക്ക് പാട്ടത്തിന് നൽകിയിരുന്നു. എന്നാൽ പാട്ടക്കരാർ പുതുക്കാതെ ഭൂമി ഇപ്പോഴും കൈവശം വച്ചിരിക്കുകയാണെന്ന് ഉത്തരവില്‍ ആരോപിക്കുന്നു.
ബി.എം. കാവലിലെ സർവേ നമ്പർ 135 ലെ മറ്റൊരു 19 ഏക്കർ 2003 ൽ 30 വർഷത്തേക്ക് പാട്ടത്തിന് നൽകി. ഉത്തരവ് പ്രകാരം സംഘടന സർവേ നമ്പർ 46 ലെ ഒരു തടാകം ഉൾപ്പെടെ വളരെ വലിയ സ്ഥലത്ത് കോമ്പൗണ്ട് മതിൽ നിര്‍മിച്ചു. അഗാര ഗ്രാമത്തിലേക്കും സർവേ നമ്പർ 150 ലെ തടാകം വരെയും കൈയേറി. കൂടാതെ അരുവികൾ, പാറക്കെട്ടുകളുള്ള 'ഖരാബ്' ഭൂമി, ഒരു പൊതുവഴി എന്നിവ കൈവശപ്പെടുത്തിയതായി ആരോപിക്കപ്പെടുന്നു. സര്‍വേ റിപ്പോര്‍ട്ടില്‍ ആർട്ട് ഓഫ് ലിവിങ് 291 ഏക്കറും 38 ഗുണ്ടകളും കണ്ടുകെട്ടിയതായും അതില്‍ സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ 60 ഏക്കറും ഉള്‍പ്പെടെ നിയമങ്ങളുടെയും പാട്ട വ്യവസ്ഥകളുടെയും ആവർത്തിച്ചുള്ള ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സർവേ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വിഷയത്തില്‍ ആർട്ട് ഓഫ് ലിവിങ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

