ഗവൺമെന്റ് ആശുപത്രി പരിസരത്തെ 80 ജൻ ഔഷധി കേന്ദ്രങ്ങൾ കർണാടക ഗവൺമെന്റ് അടച്ചുപൂട്ടി; തീരുമാനം മാറ്റണമെന്ന് ഹൈകോടതി
text_fieldsബംഗളൂരു: ഗവൺമെന്റ് ആശുപത്രി പരിസരത്ത് ജൻ ഔഷധി മെഡിക്കൽ സ്റ്റോറുകൾ അടച്ചു പൂട്ടിയ കർണാടക ഗവൺമെന്റ് നടപടി പിൻവലിക്കണമെന്ന് കർണാടക ഹൈകോടതി നിർദ്ദേശിച്ചു. എന്നാൽ ഈ കോടതി ഉത്തരവിനെതിരെ ഗവൺമെന്റ് അപ്പീൽ നൽകും.
ബി.ജെ.പി എം.എൽ.സി ധനഞ്ജയ് സർജി ഇക്കാര്യം നിയമസഭയിൽ ഉന്നയിച്ചു. അതിനു മറുപടിയായി ഗവൺമെന്റിന്റെ തീരുമാനം രാഷ്ട്രീയ പരിഗണനയിൽ മാറ്റാൻ കഴിയില്ലെന്ന് ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. കോടതിയുടെ തീരുമാനത്തിനെതിരെ ഗവൺമെന്റ് അപ്പീൽ പോകുമെന്ന് മന്ത്രി പറഞ്ഞു. ഗവൺമെൻറ് ആശുപത്രിയിൽ ചികിൽസയും മരുന്നും പൂർണമായും സൗജന്യമായിരിക്കണം എന്നാണ് ഗവൺമെന്റ് തീനുമാനമെന്ന് അദ്ദേഹം പറഞ്ഞു.
നിലവിൽ 80 ജൻ ഔഷധി കേന്ദ്രങ്ങളാണ് സർക്കാർ പുട്ടിയത്. കേന്ദ്ര ഗവൺമെന്റ് ജനറിക്ക് മരുന്നുകൾ സംസ്ഥാനത്തിന് തികച്ചും സൗജന്യമായി നൽകണമെന്നും അത് ഗവൺമെന്റ് ആശുപത്രികളിലൂടെ ജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യണമെന്നതുമാണ് തങ്ങളുടെ നിലപാടെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രിക്ക് കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടർമാർ എഴുതുന്ന മരുന്നുകൾ രോഗികൾ മറ്റെവിടെയെങ്കിലും പോയി വാങ്ങുന്നത് ആശാസ്യമായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ സംഥാനത്ത് എത്ര ജൻ ഔഷധി കേന്ദ്രങ്ങൾ തുറക്കുന്നതിനും തങ്ങൾ എതിരല്ലെന്നും എന്നാൽ ഗവൺമെന്റ് ആശുപത്രിയുടെ പരിസരത്ത് വേണ്ടെന്നാണ് ഗവൺമെന്റ് നിലപാടെന്നും മന്ത്രി വ്യക്തമാക്കി. ഇത് നിലവിലുള്ള സംവിധാനത്തെ ബാധിക്കുമെന്നും കൂടുതൽ കാര്യങ്ങൾ തൽക്കാലം വെളിപ്പെടുത്തുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ജൻ ഔഷധി കേന്ദ്രത്തിന്റെ ഉടമകൾ ഹൈകോടതിയിൽ നിരവധി പരാതികൾ നൽകിയിട്ടുണ്ട്. ഇതെത്തുടർന്നാണ് കോടതി ഗവൺമെന്റ് തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

