മാതാപിതാക്കൾക്ക് മുമ്പിൽ പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം; കർണാടകയിൽ ആൾദൈവത്തിനെതിരെ പോക്‌സോ കേസ്
text_fieldsബംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സ്വയം പ്രഖ്യാപിത ആൾദൈവത്തിനെതിരെ പോക്‌സോ കേസ്. ഏഴ് വയസ്സുള്ള പെൺകുട്ടിയോട് ഇയാൾ അനുചിതമായി പെരുമാറുന്നതിന്റെ വിഡിയോ വൈറലായതിനെ തുടർന്ന് പ്രതിഷേധം ഉയർന്നിരുന്നു. ഷഹാപൂരിലെ ആരാധനാലയത്തിലെ ആൾദൈവമായ മല്ലികാർജുന മുത്തവ മാതാപിതാക്കൾ നോക്കിനിൽക്കെ കുട്ടിയെ മടിയിൽ ഇരുത്തി ചുംബിക്കുന്നതാണ് വിഡിയോയിലെ ദൃശ്യങ്ങൾ.
വിഡിയോ കർണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍റെ ശ്രദ്ധയിൽപ്പെടുകയും അധികാരികളിൽ നിന്ന് നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തതിനെത്തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. മല്ലികാർജുന മുത്തവക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു.
മാതാപിതാക്കളുടെയും പെൺകുട്ടിയുടെയും മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. ആൾദൈവത്തിന്‍റെ സ്പർശനത്തിൽ മാതാപിതാക്കൾക്ക് പ്രശ്നം ഒന്നും തോന്നിയിരുന്നില്ല. അവർ തന്നെയാണ് വിഡിയോ പകർത്തിയത്. എന്നാൽ ദൃശ്യങ്ങളിൽ കുട്ടി അസ്വസ്ഥയായാണ് കാണപ്പെട്ടത്. കൗൺസിങ്ങിന് ശേഷം, ചൈൽഡ് വെൽഫെയർ കമ്മിറ്റി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ശുപാർശ ചെയ്തതായും പൊലീസ് പറഞ്ഞു.
കമീഷന്റെ നിർദ്ദേശപ്രകാരം ജില്ലാ ശിശുസംരക്ഷണ ഉദ്യോഗസ്ഥർ ആശ്രമം സന്ദർശിക്കുകയും കുട്ടിയിൽ നിന്നും മാതാപിതാക്കളിൽ നിന്നും മൊഴി രേഖപ്പെടുത്തുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

