ബെംഗളൂരു: മെയ് 12ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിനെയും അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കർണാടകയിൽ ബി.ജെ.പിയുടെ പ്രചാരണമേറ്റെടുത്തു. രാഹുൽ ഗാന്ധിയെ തുടക്കത്തിൽ തന്നെ കടന്നാക്രമിച്ച മോദി
അമ്മ സോണിയാ ഗാന്ധിയുടെ ഇറ്റാലിയൻ വേരുകളെ പരിഹസിച്ചു.
കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ ഭരണനേട്ടങ്ങൾ 15 മിനിറ്റ് കൊണ്ട് ഹിന്ദിയിലോ, ഇംഗ്ലീഷിലോ അല്ലെങ്കിൽ രാഹുലിെൻറ മാതൃഭാഷയിലോ വിശദീകരിക്കാനായിരുന്നു മോദി ആവശ്യപ്പെട്ടത്. വന്ദേ മാതരത്തെ നിന്ദിച്ച രാഹുലിന് ഇന്ത്യയുടെ ചരിത്രം അറിയില്ലെന്നും മോദി പറഞ്ഞു.സന്തെമരഹള്ളിയിലെ ചമരജനകരയിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കവെയാണ് മോദിയുടെ പരിഹാസം.
സംസ്ഥാനത്ത് ബി.ജെ.പി ജയിക്കുമെന്ന് മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. കർണാടകയിൽ ബി.ജെ.പി തരംഗം ഉണ്ടെന്ന് വാർത്തയുണ്ട്. യാഥാർഥ്യത്തിൽ അതൊരു തരംഗമല്ല, ഒരു കൊടുങ്കാറ്റാണത്- മോദി പറഞ്ഞു. ബി.എസ്. യെദ്യൂരപ്പയാണ് കർണാടകത്തിലെ ജനങ്ങളുടെ പ്രത്യാശ. സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയായിരിക്കും അദ്ദേഹമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാൻ പത്ത് ദിവസം ബാക്കി നിൽക്കെ കർണാടകയിലെ ബി.ജെ.പിയുടെ പ്രചാരണങ്ങൾക്ക് കരുത്ത് പകരാനും കോൺഗ്രസിനെ താഴെയിറക്കി സംസ്ഥാനത്ത് പാർട്ടിയെ രണ്ടാം തവണ ഭരണത്തിലെത്തിക്കാനുമുള്ള ശ്രമത്തിെൻറ ഭാഗമായാണ് മോദിയെത്തിയത്. പ്രചാരണത്തിെൻറ ഭാഗമായി മോദി ബെലഗവിയിലെ ഉടുപ്പിയിലും ചിക്കോടിയിലും റാലികളിൽ സംസാരിച്ചേക്കും. മെയ് 15നാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരിക.