ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുന്ന കർണാടകയിൽ യോഗി-സിദ്ധരാമയ്യ വാക്പോര് തുടരുന്നു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കർണാടകയിൽ ക്രമസമാധാനനില തകർന്നെന്ന പ്രസ്താവനയുമായി രംഗത്ത് വന്നു. ബി.ജെ.പി പ്രസക്തമല്ലാത്ത വിഷയങ്ങൾ ഉയർത്തിക്കാട്ടി രാഷ്ട്രീയ നേട്ടമുണ്ടാക്കുകയാണെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവനക്ക് മറുപടിയായാണ് യോഗിയുടെ പ്രതികരണം.
കർണാടകയിൽ ക്രമസമാധാനനില പാടെ തകർന്നിരിക്കുകയാണ്. ബി.ജെ.പിയുടെ മുദ്രാവാക്യം വികസനമാണ്. ഇവിടെയും അത് തുടരാൻ തന്നെയാണ് തീരുമാനം’-യോഗി പറഞ്ഞു. സംസ്ഥാനത്ത് ഹിന്ദുത്വ ആക്ടിവിസ്റ്റുകളെ കൊന്നൊടുക്കുകയാെണന്നും ജനങ്ങൾ ഇൗ ഭരണത്തിന് അർഹമായ മറുപടി നൽകുമെന്നും യോഗി കൂട്ടിച്ചേർത്തു. വികസനം മുന്നോട്ട് വെച്ച് കൊണ്ട് കർണാടകയിൽ തെരഞ്ഞെടുപ്പ് നേരിടാനുള്ള തയ്യാറെടുപ്പിലാണ് ബി.ജെ.പിയെന്ന കാര്യവും യോഗി മറച്ചുവെച്ചില്ല. ഗുജറാത്തിലും ഹിമാചൽ പ്രദേശിലും ഫലം കണ്ട തന്ത്രം ദക്ഷിണേന്ത്യയിലും വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സിദ്ധരാമയ്യ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചിരുന്നു. ഇതിന് മറുപടിയായാണ് യോഗിയുടെ പ്രസ്താവന. ‘സംസ്ഥാനത്ത് വരാൻ പോകുന്ന തെരഞ്ഞെടുപ്പ് രണ്ട് ആശയങ്ങൾ തമ്മിലുള്ളതാണ്. വർഗീയതയും മതേതരത്വവുമാണത്. ബി.ജെ.പിക്ക് ഉയർത്തിക്കാട്ടാൻ ഒരു പ്രശ്നവും കർണാടകയിൽ ഇല്ല. യോഗിയും അമിത് ഷായും അപ്രസക്തമായ ഒരേ വിഷയങ്ങളാണ് ഉയർത്തിക്കാട്ടുന്നത്. നാളെ നരേന്ദ്ര മോദിയും സമാന വിഷയവുമായി വരും -സിദ്ധാരാമയ്യ പറഞ്ഞു.
ദിവസങ്ങളായി വാക്പോരിലാണ് സിദ്ധരാമയ്യയും യോഗിയും. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗളൂരുവിൽ വന്ന യോഗി, സിദ്ധരാമയ്യയോട് ഗോവധം നിേരാധിച്ച് യഥാർഥ ഹിന്ദുവാണെന്ന് തെളിയിക്കാൻ ആവശ്യപ്പെട്ടിരുന്നു.