ബംഗളൂരു: 20മിനുട്ട് നീണ്ടു നിന്ന വികാരനിർഭരമായ പ്രസംഗത്തിെനാടുവിലാണ് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ചത്. താൻ ഒരു പോരാളിയാണെന്നും തെൻറ പോരാട്ടം ഇനിയും തുടരുമെന്നുമാണ് യെദിയൂരപ്പ വിടവാങ്ങൽ പ്രസംഗത്തിൽ വ്യക്തമാക്കിയത്. ‘സംസ്ഥാനത്തിലൂടെ നിർത്താതെ ഞാൻ സഞ്ചരിക്കും.
ഈ സംസ്ഥാനത്തുനിന്നും ഏറെ സ്നേഹവും പിന്തുണയും ഞങ്ങൾക്ക് ലഭിച്ചു. ഞാൻ സത്യം ചെയ്യുന്നു. 2019 ൽ 28ലോക്സഭ സീറ്റുകളിൽ 28 ലും ഞങ്ങൾ നേടും. പ്രിയപ്പെട്ട കുമാരസ്വാമി, ഞാൻ ഒരു പോരാളിയാണ്, അവസാന ശ്വാസം വരെ എെൻറ പോരാട്ടം തുടരും. ഞാൻ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജിവെക്കുകയാണ്, കർണാടകയിലെ ജനങ്ങൾക്ക് നന്ദി' -എന്ന് പറഞ്ഞാണ് യെദിയൂരപ്പ പ്രസംഗം അവസാനിപ്പിച്ചത്.
ജനവിധി കോൺഗ്രസിനും ജെ.ഡി.എസിനും അനുകൂലമായിരുന്നില്ല. അവർ സാഹചര്യങ്ങളെ മുതലാക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായുമാണ് തന്നെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കിയത്. ബി.ജെ.പിക്ക് ജനാധിപത്യത്തിൽ പൂർണവിശ്വാസമുണ്ട്. എന്നാൽ, തെരഞ്ഞെടുപ്പിന് മുമ്പ് പരസ്പരം അസഭ്യം പറഞ്ഞവർ ഇപ്പോൾ അവിശുദ്ധകൂട്ടുകെട്ടുമായി ഇറങ്ങിയിരിക്കുകയാണെന്നും യെദിയൂരപ്പ പറഞ്ഞു.