കർണാടകയിൽ കോൺഗ്രസ് ഒറ്റകക്ഷിയാകും; തൂക്കു മന്ത്രിസഭക്ക് സാധ്യതയെന്ന് സർവെ
text_fieldsബംഗളൂരു: വാശിയേറിയ പോരാട്ടം നടക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ തൂക്കു മന്ത്രിസഭക്ക് സാധ്യതയെന്ന് അഭിപ്രായ സർവെകൾ. ഭരണകക്ഷിയായ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുന്ന തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്ത് ബി.ജെ.പിയും മൂന്നാമത് ജനതാദൾ സെക്കുലറും എത്തുമെന്നാണ് ടൈംസ് നൗ–വി.എം.ആർ സർവെ ചൂണ്ടിക്കാട്ടുന്നത്. മൂന്നാം സ്ഥാനത്ത് എത്തുന്ന ജെ.ഡി.എസിന്‍റെ തീരുമാനം ആയിരിക്കും കോൺഗ്രസിന്‍റെയോ ബി.ജെ.പിയുടെയോ സർക്കാർ രൂപീകരണത്തിന് വഴിവെക്കുക.
224 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷം നേടാൻ സർക്കാർ രൂപീകരിക്കാൻ വേണ്ടത് 113 സീറ്റ് ആണ്. സർവെ പ്രകാരം കോൺഗ്രസിന് 91ഉം ബി.ജെ.പിക്ക് 89ഉം സീറ്റുകൾ ലഭിക്കുക. ജെ.ഡി.എസ്–ബി.എസ്.പി സഖ്യം 40 സീറ്റുകൾ നേടി നിർണായക പങ്ക് വഹിക്കുമെന്നും സർവെ ചൂണ്ടിക്കാട്ടുന്നു. 2013ലെ നേടിയ 40 സീറ്റിനെ അപേക്ഷിച്ച് ബി.ജെ.പി നില മെച്ചപ്പെടുത്തും. നിലവിലുള്ള 122ൽ നിന്ന് കോൺഗ്രസ് 91 സീറ്റിലേക്ക് കുറയുമെന്നും ടൈംസ് നൗ–വി.എം.ആർ സർവെ വ്യക്തമാക്കുന്നു.
ബി.ജെ.പിക്ക് 89 മുതൽ 95 സീറ്റു കിട്ടുമെന്നാണ് എ.ബി.പി–സി.എസ്‍.ഡി.എസ് സർവേ ഫലം വ്യക്തമാക്കുന്നത്. കോൺഗ്രസിന് 85 മുതൽ 91 വരെ സീറ്റുകൾ. എച്ച്.ഡി. കുമാരസ്വാമിയുടെ ജെ.ഡി.എസ് 32 മുതൽ 38 വരെ സീറ്റുകൾ നേടും. വോട്ട് വിഹിതത്തിൽ വർധനയിലും കോൺഗ്രസ് ബി.ജെ.പിക്ക് പിന്നിലാകും.
കോൺഗ്രസ് കൂടുതൽ സീറ്റുകൾ നേടി ഭരണം നിലനിർത്തുമെന്ന തരത്തിൽ സി-ഫോർ ഏജൻസി സർവെ ഫലം പുറത്തു വന്നിരുന്നു. കോൺഗ്രസ് സീറ്റ് നില 123ൽ നിന്ന് 126 ആകും. ബി.ജെ.പിയുടേത് 40ൽ നിന്ന് 70 ആയി ഉയരും. എന്നാൽ, 40 സീറ്റ് ലഭിച്ച ജെ.ഡി.എസ് 27 സീറ്റിലേക്ക് ഒതുങ്ങുമെന്ന് സർവെ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, കർണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പേരാണ് ജനങ്ങൾ മുന്നോട്ടു വെക്കുന്നത്. ബി.ജെ.പിയുടെ ബി.എസ് യെദിയൂരപ്പയും ജെ.ഡി.എസിന്‍റെ എച്ച്.ഡി കുമാരസ്വാമിയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇറക്കിയ ലിംഗായത്ത് കാർഡ് കാര്യമായി സഹായിക്കില്ലെന്ന് ടൈംസ് നൗ സർവെ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
