ബംഗളൂരു: എക്സിറ്റ് പോൾ ഫലങ്ങൾ കർണാടകയിൽ തൂക്കുസഭ പ്രവചിച്ചതിനുപിന്നാലെ രാഷ്ട്രീയ ലോകത്തിെൻറ ശ്രദ്ധാകേന്ദ്രമായി മാറിയ ജെ.ഡി.എസ് അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമി സിംഗപ്പൂരിലേക്ക് പറന്നു. രഹസ്യ സഖ്യ ചർച്ചകൾക്കാണ് രാജ്യംവിട്ടതെന്ന അഭ്യൂഹം ഇതോടെ ശക്തമായി. മകൻ നിഖിൽ ഗൗഡക്കൊപ്പമാണ് ഞായറാഴ്ച പുലർച്ചെ സിംഗപ്പൂരിലേക്ക് പോയത്. കോൺഗ്രസിനും ബി.ജെ.പിക്കും കേവല ഭൂരിപക്ഷം ലഭിക്കാതെ വന്നാൽ സർക്കാർ രൂപവത്കരണത്തിൽ ജെ.ഡി.എസ് തീരുമാനം നിർണായകമാകും.
മുഖ്യമന്ത്രി സ്ഥാനാർഥി കൂടിയായ കുമാരസ്വാമി എന്തു നിലപാട് സ്വീകരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. തിങ്കളാഴ്ച രാത്രി മാത്രമേ അദ്ദേഹം മടങ്ങിയെത്തു. ചൊവ്വാഴ്ചയാണ് വോട്ടെണ്ണൽ. തൂക്കുസഭയാകുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾക്കുപിന്നാലെ കോൺഗ്രസും ബി.ജെ.പിയും ജെ.ഡി.എസ് നേതൃത്വവുമായി അനൗദ്യോഗിക ചർച്ചകൾ ആരംഭിച്ചതായാണ് പുറത്തുവരുന്ന വിവരം. ദലിത് മുഖ്യമന്ത്രിക്കായി വഴിമാറാൻ തയാറാണെന്ന സിദ്ധരാമയ്യയുടെ പരാമർശവും ഇതോടൊപ്പം ചേർത്തുവായിക്കാം.
മാധ്യമങ്ങളുടെ ശ്രദ്ധയിൽനിന്ന് മാറി സഖ്യചർച്ച നടത്താനാണ് സിംഗപ്പൂരിലേക്ക് പോയതെന്ന് പാർട്ടിയുമായി അടുത്ത ബന്ധമുള്ളവരും സമ്മതിക്കുന്നുണ്ട്. എന്നാൽ, ഹൃദയമാറ്റ ശസ്ത്രക്രിയക്കു വിധേയനായ കുമാരസ്വാമി പതിവ് വൈദ്യപരിശോധനക്കാണ് പോയതെന്നും പറയുന്നു. പ്രചാരണത്തിെൻറ ആദ്യഘട്ടത്തിൽ കോൺഗ്രസിനെയും ബി.ജെ.പിയെയും കണക്കിന് വിമർശിച്ചിരുന്ന കുമാരസ്വാമി ആരുമായും സഖ്യത്തിനില്ലെന്നും വ്യക്തമാക്കിയിരുന്നു.
എന്നാൽ, അവസാനഘട്ടം നിലപാടുമാറ്റി. പാർട്ടിയുടെ വികസന പദ്ധതികളെ പിന്തുണക്കുന്നവരുമായി സഖ്യമാകാമെന്ന നിലപാടിലെത്തി. പാർട്ടി ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ 2004ൽ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയത് തെറ്റായിപ്പോയെന്ന് അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. ജെ.ഡി.എസുമായി സഖ്യത്തിലുള്ള ബി.എസ്.പി നേതാവ് മായാവതിയുടെ നിലപാടും നിർണായകമാകും.