സോണിയയും രാഹുലും വിദേശത്ത്; കർണാടക മന്ത്രിസഭ വികസനം വൈകും
text_fieldsന്യൂഡൽഹി: എല്ലാ വർഷവും നടത്തുന്ന വൈദ്യപരിശോധനക്കായി യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി അമേരിക്കയിലേക്ക് പോയി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഒപ്പമുണ്ട്. ഇൗ സാഹചര്യത്തിൽ കർണാടകത്തിലെ കോൺഗ്രസ്-ജെ.ഡി.എസ് മന്ത്രിസഭ വികസനവും വകുപ്പ് വിഭജനവും ചർച്ച പൂർത്തിയാകാതെ ഒരാഴ്ചയെങ്കിലും വൈകും.
ഞായറാഴ്ച രാത്രിയാണ് സോണിയയും രാഹുലും വിദേശത്തേക്ക് പുറപ്പെട്ടത്. 2011ൽ അമേരിക്കയിൽ ശസ്ത്രക്രിയ നടത്തിയശേഷം ഒാരോ വർഷവും സോണിയക്ക് പരിശോധന നടത്തുന്നുണ്ട്. രാഹുൽ ഒരാഴ്ച കഴിഞ്ഞ് തിരിച്ചുവരും. എന്നാൽ, കൂടുതൽ ദിവസങ്ങൾ സോണിയ അവിടെ തങ്ങുമെന്നാണ് വിവരം. താൻ വിദേശത്തു പോകുേമ്പാൾ നവമാധ്യമങ്ങളിലൂടെ നടത്തുന്ന പതിവു ട്രോൾ പരിപാടി വേണ്ടെന്ന് രാഹുൽ ട്വിറ്റർ സന്ദേശത്തിലൂടെ ബി.ജെപിക്കാരെ ഒാർമപ്പെടുത്തി: ‘‘കൂടുതൽ പണിയെടുക്കേണ്ട, ഉടനെ തിരിച്ചെത്തും’’.
കർണാടത്തിലെ മന്ത്രിസഭ വികസന ചർച്ചകൾ ഞായറാഴ്ച നടന്നുവെങ്കിലും അപൂർണമായി. ജെ.ഡി.എസിെൻറ ഇരട്ടി സീറ്റുള്ള കോൺഗ്രസ് സുപ്രധാന വകുപ്പുകൾക്ക് ബലം പിടിക്കുന്നുണ്ട്. പ്രാരംഭ കല്ലുകടികളിൽ തീർപ്പുണ്ടാകാൻ ഹൈകമാൻഡ് തലത്തിൽ ചർച്ച നടക്കണം. തനിക്ക് മാത്രമായി തീരുമാനമെടുക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി വ്യക്തമാക്കുകയും ചെയ്തു.
ആറരക്കോടി ജനങ്ങളുടെ പൂർണ പിന്തുണ തനിക്കില്ല. കോൺഗ്രസിെൻറ കാരുണ്യത്തിലാണ് താൻ മുഖ്യമന്ത്രിയായത്. കർഷക വായ്പ എഴുതിത്തള്ളുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഏതാനും ദിവസംകൂടി തനിക്ക് അനുവദിക്കണമെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു.
കാർഷിക വായ്പ എഴുതിത്തള്ളാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ബി.ജെ.പി ആഹ്വാനം ചെയ്ത ബന്ദ് പൂർണവിജയമാകാതെ കർണാടകത്തിൽ നടന്നതിനിടെ, മുഖ്യമന്ത്രിയെന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുമാരസ്വാമി ഡൽഹിയിലെത്തി കണ്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
