‘മായാത്ത മഷി’യുടെ പ്രൗഢി മായാതെ രാജനഗരി
text_fieldsബംഗളൂരു: ജനാധിപത്യത്തിൽ പങ്കാളികളായി ഒാരോ വോട്ടർമാരും വോട്ട് ചെയ്ത് മടങ്ങുമ്പോൾ, ചൂണ്ടുവിരലിൽ പതിഞ്ഞ ‘മായാത്ത മഷിയാണ്’ അഭിമാനത്തോടെ ഉയർത്തിക്കാണിക്കുക. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഏറ്റവും പ്രധാനപ്പെട്ട ഈ മഷിപതിപ്പിക്കലിൽ കർണാടകയിലെ മൈസൂരുവിന് ആഗോളതലത്തിൽതന്നെ സ്ഥാനമുണ്ട്.
ഇന്ത്യയിൽ മാത്രമല്ല, വിദേശരാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ പോലും കൈയിൽ പതിപ്പിക്കാനുള്ള ദിവസങ്ങളോളം മായാതെ നിൽക്കുന്ന മഷി നിർമിക്കുന്ന കന്നട നാട്ടിലെ രാജനഗരിയായ മൈസൂരുവിെൻറ പ്രൗഢിക്ക് ഇന്നും കുറവുവന്നിട്ടില്ല. കർണാടക സർക്കാറിെൻറ കീഴിലുള്ള മൈസൂരു പെയിൻറ്സ് ആൻഡ് വാർണിഷ് ലിമിറ്റഡ് കമ്പനിയിൽനിന്നാണ് തെരഞ്ഞെടുപ്പ് വോട്ങ്ങെിനുള്ള മഷി എത്തുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പുകളിലും മറ്റു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളിലും ഇവിടെനിന്നാണ് മഷി തയാറാക്കി നൽകുന്നത്. വോട്ട് ചെയ്തു എന്നതിെൻറ അഭിമാനമായി വോട്ടർമാർ കാണുന്ന മായാതെ നിൽക്കുന്ന മഷി തയാറാക്കുന്ന രാജ്യത്തെ ഏക കമ്പനിയും മൈസൂരുവിലേതാണ്. 80 വർഷത്തോളം പഴക്കമുള്ള കമ്പനി പഴയ മൈസൂരു സ്റ്റേറ്റിലെ ഭരണാധികാരിയാണ് സ്ഥാപിച്ചത്.
ശനിയാഴ്ച നടക്കുന്ന കർണാടക തെരഞ്ഞെടുപ്പിനായി മഷി നിറച്ച 1,32,000 ബോട്ടിലുകളാണ് തെരഞ്ഞെടുപ്പ് കമീഷൻ എത്തിച്ചിരിക്കുന്നത്. മഷി കൂടാതെ 20,000 സീലിങ് വാക്സ് പാക്കറ്റുകളും എത്തിച്ചിട്ടുണ്ട്. ഇവ ഉൾപ്പെട്ട തെരഞ്ഞെടുപ്പ് സാമഗ്രികൾ അതത് ബൂത്തിൽ ചുമതലയുള്ള ഓഫിസർമാർക്ക് വെള്ളിയാഴ്ചതന്നെ കൈമാറിക്കഴിഞ്ഞു. 2.06 കോടിയാണ് ഇതിലൂടെ മൈസൂരു പെയിൻറ്സ് ആൻഡ് വാർണിഷ് ലിമിറ്റഡിന് ലഭിക്കുകയെന്ന് ചെയർമാൻ എച്ച്.എ. വെങ്കിടേഷ് പറഞ്ഞു.
ഒാരോവർഷവും 12 കോടിയിലധികം രൂപയുടെ ടാർജറ്റ് ആണ് പെയിൻറ് കമ്പനി നേടുന്ന്. 2017-18 വർഷത്തിൽ കംബോഡിയ, മംഗോളിയ, മലേഷ്യ തുടങ്ങിയ വിവിധ രാജ്യങ്ങളിലേക്കും ഗുജറാത്ത് നിയമസഭ െതരഞ്ഞെടുപ്പിനും നാഗലാൻഡ്, മേഘാലയ, ത്രിപുര തുടങ്ങി സംസ്ഥാനങ്ങളിലെ പ്രാദേശിക തെരഞ്ഞെടുപ്പുകളിലും മൈസൂരുവിൽനിന്നുള്ള മഷിയാണ് ഉപയോഗിച്ചത്.