കർണാടക തെരഞ്ഞെടുപ്പ്: വ്യാജവാർത്തകൾ തടയാൻ ഫേസ്ബുക്ക്
text_fieldsബംഗളൂരു: കർണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിക്കുന്നത് തടയാൻ നടപടിയുമായി ഫേസ്ബുക്ക്. ഫേസ്ബുക്ക് പേജുകളിൽ പ്രത്യക്ഷപ്പെടുന്ന വാർത്തകൾ സൂക്ഷ്മപരിശോധന നടത്തി റിപ്പോർട്ട് ചെയ്യാൻ സ്വതന്ത്ര ഡിജിറ്റൽ മാധ്യമ സംഘമായ ‘ബൂമി’ന് ചുമതല നൽകി. ആദ്യ ഘട്ടത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത് നടപ്പാക്കും. മേയ് 12ന് നിയമസഭ തെരഞ്ഞെടുപ്പും 15ന് ഫലപ്രഖ്യാപനവും നടക്കുന്ന കർണാടകയിൽ ഇതിന് തുടക്കം കുറിച്ചതായും ബ്ലോഗ് പോസ്റ്റിലൂടെ ഫേസ്ബുക്ക് അധികൃതർ അറിയിച്ചു.
വസ്തുതാന്വേഷണത്തിൽ അന്താരാഷ്ട്ര ശൃംഖലകൾ സാക്ഷ്യപ്പെടുത്തിയ സംഘമാണ് ബൂം. ഇംഗ്ലീഷ് ഭാഷയിൽ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെടുന്ന വാർത്തകളുടെ വസ്തുതകൾ പരിശോധിക്കുകയും കൃത്യത ഉറപ്പുവരുത്തുകയുമാണ് ഇവരുടെ ചുമതല. ഒരു സ്റ്റോറി ഒരു തവണ വ്യാജമാണെന്ന് റേറ്റ് ചെയ്യപ്പെട്ടാൽ ന്യൂസ് ഫീഡിൽ താഴെ മാത്രമേ അവ പ്രത്യക്ഷപ്പെടൂ. ഇതോടെ അവ പ്രചരിക്കുന്നത് 80 ശതമാനം കുറക്കാനാവുമെന്നാണ് ഫേസ്ബുക്ക് അധികൃതരുടെ കണക്കുകൂട്ടൽ. വ്യാജവാർത്ത തുടർച്ചയായി ഷെയർ ചെയ്യുന്ന പേജുകളെയും ഡൊമൈനുകളെയും ഇത് പ്രതികൂലമായി ബാധിക്കും.
അവയുടെ പ്രചാരം കുറക്കുകയും മോണിറ്ററിങ്ങിനും പരസ്യം ലഭിക്കുന്നതിനുമുള്ള അവസരം തടയുകയും ചെയ്യും. ഇതിനുപുറമെ, നിങ്ങൾ ഷെയർ ചെയ്തതോ ചെയ്യാൻ ശ്രമിക്കുന്നതോ വ്യാജ വാർത്തയാണെന്ന് സാക്ഷ്യപ്പെടുത്തിയതായി യൂസർമാർക്കും പേജ് അഡ്മിനുകൾക്കും നോട്ടിഫിക്കേഷൻ നൽകുമെന്നും ഫേസ്ബുക്ക് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
