മറക്കൂ, പൊറുക്കൂ ഗുരോ; തുണക്കൂ ഈ ശിഷ്യനെ..
text_fieldsമംഗളൂരു: ദക്ഷിണ കന്നട ജില്ല ചുമതലയുള്ള വനം-പരിസ്ഥിതി മന്ത്രി ബി. രമാനാഥ റൈ മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ജനാർദൻ പൂജാരിയുടെ വീട്ടിൽ ചെന്ന് പിന്തുണ തേടി. ബണ്ട്വാൾ മണ്ഡലത്തിൽ നിന്ന് എട്ടാം തവണ നിയമസഭയിലേക്ക് ജനവിധി തേടുന്ന റൈ വ്യാഴാഴ്ച പത്രിക സമർപ്പിക്കും.
പണ്ഡിറ്റ് ജവഹർലാൽ നെഹ്റു മുതൽ രാജീവ് ഗാന്ധി വരെ കോൺഗ്രസ് നേതൃത്വവുമായി അടുപ്പം പുലർത്തുകയും പരിഗണന ലഭിക്കുകയും ചെയ്ത പൂജാരി കടുത്ത അവഗണന നേരിടുകയാണ്. ഡി.സി.സി ഓഫീസിൽ വിലക്കേർപ്പെടുത്തുകയും പാർട്ടി പരിപാടികളിൽ നിന്ന് അകറ്റുകയും ചെയ്തതിനാൽ സാംസ്കാരിക ചടങ്ങുകൾ മാത്രമാണ് അദ്ദേഹം പ്രത്യക്ഷപ്പെടുന്ന പൊതുവേദി.
കഴിഞ്ഞ ഡിസംബർ 28ന് മംഗളൂരുവിൽ ബൈദർകുല ഗരഡി ക്ഷേത്രം സാംസ്കാരിക പരിപാടിയിൽ മന്ത്രി റൈ നടത്തിയ ചില പരാമർശങ്ങൾ നോവിച്ച പൂജാരി തന്‍റെ പ്രസംഗത്തിനിടെ പൊട്ടിക്കരഞ്ഞത് വാർത്തയായിരുന്നു. ഇതേത്തുടർന്ന് വീട്ടിലും താൻ അധികാരിയായ ഗോകർണനാഥ ക്ഷേത്രത്തിലുമായി ഒതുങ്ങിക്കഴിയുകയാണ് ശ്രീനാരായണ ഗുരു ഭക്തനായ പൂജാരി.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഈ ക്ഷേത്രം സന്ദർശിച്ച് പൂജാരിയോടൊപ്പം സമയം ചെലവഴിച്ചതോടെ ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്കുണ്ടായ മനംമാറ്റത്തിന്റെ തുടർച്ചയാണ് റൈ-പൂജാരി കൂടിക്കാഴ്ച. ബണ്ട്വാൾ മണ്ഡലത്തിലെ വോട്ടർമാർ അബദ്ധമൊന്നും കാണിക്കില്ലെന്നും അവർ വികസനവും മതേതര സുരക്ഷയും ലക്ഷ്യമിട്ട് താങ്കളെ തുണക്കുമെന്നും പൂജാരി റൈയോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
