മറവ് ചെയ്യാനാവാത്ത മൃതദേഹം, മറച്ചു പിടിക്കാനായ തെളിവുകൾ; ധർമസ്ഥലയിൽ 17കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ അന്വേഷണം നിലച്ചു
text_fieldsകൊല്ലപ്പെട്ട പെൺകുട്ടി, നിരപരാധിയെന്ന് കണ്ട് വെറുതെ വിട്ട കാർക്കള സ്വദേശി സന്തോഷ് റാവു
മംഗളൂരു: ധർമ്മസ്ഥലയിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അനേകം പെൺകുട്ടികളുടെ മൃതദേഹങ്ങൾ കുഴിച്ചുമൂടി എന്ന വെളിപ്പെടുത്തൽ അന്വേഷിക്കാൻ ഒരുങ്ങുന്ന ദക്ഷിണ കന്നട ജില്ല പൊലീസിന് മുന്നിൽ ചോദ്യചിഹ്നമാവുകയാണ് 13 വർഷം മുമ്പ് നടന്ന 17കാരിയുടെ കൊലപാതകം. കേന്ദ്ര, സംസ്ഥാന ഏജൻസികൾ നടത്തിയ അന്വേഷണങ്ങൾ ഘാതകരെ കണ്ടെത്താനാവാതെ നിലച്ചു.
2012 ഒക്ടോബർ ഒമ്പതിന് ധർമ്മസ്ഥല സ്നാനഘട്ടക്ക് സമീപം ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കോളജ് വിദ്യാർഥിനിയുടെ മൃതദേഹം കുഴിച്ചുമൂടാനുള്ള പദ്ധതികൾ പാളിയതിനാൽ പിറ്റേന്ന് നേത്രാവതിക്കരയിൽ വിജനസ്ഥലത്ത് കണ്ടെത്തുകയായിരുന്നു. ധർമ്മസ്ഥല പങ്കല ഗ്രാമവാസിയായ പെൺകുട്ടി ധർമ്മസ്ഥല മഞ്ചുനാഥേശ്വര കോളജിൽ രണ്ടാം വർഷ പ്രീ-യൂനിവേഴ്സിറ്റി വിദ്യാർഥിനിയായിരിക്കെയാണ് കൊല്ലപ്പെട്ടത്. കോളജ് വിട്ടു വരുന്ന വഴിയിലായിരുന്നു ആക്രമണം.
അമ്മാവനാണ് സൗജന്യയെ അവസാനമായി ജീവനോടെ കണ്ടത്. ഒമ്പതിന് വൈകിട്ട് അദ്ദേഹം കാറിൽ സഞ്ചരിക്കുമ്പോൾ മരുമകൾ ബസ് സ്റ്റോപ്പിൽ നിന്ന് വീട്ടിലേക്ക് നടന്നു പോവുന്നത് കണ്ടു. അന്ന് കുട്ടി വീട്ടിൽ എത്തിയില്ല. തുടർന്ന് മുന്നൂറോളം ഗ്രാമവാസികൾ രാത്രി മുഴുവൻ അരിച്ചു പെറുക്കിയെങ്കിലും എങ്ങും കണ്ടില്ല. എന്നാൽ പിറ്റേന്ന് രാവിലെ, തലേന്ന് ആളുകൾ തെരച്ചിൽ നടത്തിയ ഇടങ്ങളിൽ ഒരിടത്ത് മൃതദേഹം കണ്ടെത്തി. നദിക്കരയിൽ ഇരുകൈകളും പിറകോട്ട് ചുരിദാർ ഷാൾ കൊണ്ട് മരത്തിൽ കെട്ടിയ നിലയിലായിരുന്നു ജഡം. ക്രൂരമായ ബലാത്സംഗത്തിന് വിധേയമാക്കി കൊന്നു എന്നായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ട്.
വിനോദ സഞ്ചാരി കാർക്കള സ്വദേശി സന്തോഷ് റാവു പ്രതിയായി കേസ് റജിസ്റ്റർ ചെയ്തു. ഇയാൾ യഥാർത്ഥ കുറ്റവാളിയല്ല എന്ന് താപിതാക്കൾക്കും നാട്ടുകാർക്കും അന്നേ സന്ദേഹം ഉണ്ടായിരുന്നു. 2023 ജൂൺ 16ന് ഇയാളെ സിബിഐ കോടതി കുറ്റമുക്തനാക്കിയതോടെ ആരാണ് യഥാർത്ഥ കൊലയാളി എന്ന ചോദ്യം അവശേഷിച്ചു. കർണാടക സർക്കാറിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി), സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ)എന്നീ സംസ്ഥാന, കേന്ദ്ര ഏജൻസികൾ നിരവധി അന്വേഷണങ്ങളാണ് നടത്തിയത്.
നിർണായകമായ തെളിവുകൾ ശേഖരിച്ചില്ല, പൊലീസ് വീട്ടിൽ നിന്ന് എടുത്ത് കൊണ്ടുപോയ അടിവസ്ത്രമാണ് രാസ പരിശോധനക്ക് വിധേയമാക്കിയത് തുടങ്ങിയ ആക്ഷേപങ്ങൾ അന്തരീക്ഷത്തിൽ ലയിച്ചു. അന്വേഷണത്തിൽ വേട്ടക്കാരുടെ പക്ഷം ചേർന്നതായി സൂചന ലഭിച്ച രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞ് അവർക്കെതിരെ അന്വേഷണം നടത്തണമെന്ന് സിബിഐ കോടതി നിർദേശിച്ചിരുന്നു. അതിലൊരാളായ ഇൻസ്പെക്ടർ ഭാസ്കർ റായിക്ക് ഡിവൈഎസ്പിയായി പ്രമോഷൻ നൽകുകയാണുണ്ടായത്. നിർണായക സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടില്ലെന്ന് സിബിഐ കോടതിയിൽ ബോധിപ്പിച്ച സബ് ഇൻസ്പെക്ടർ യോഗേഷ് കുമാർ നായികിനും അയോഗ്യതയുണ്ടായില്ല.
കേസ് പുനരന്വേഷണം ആവശ്യപ്പെട്ട് പിതാവ് സമർപ്പിച്ച ഹരജി ലക്ഷ്യം കാണില്ലെന്ന് പറഞ്ഞ് കഴിഞ്ഞ വർഷം ഏപ്രിലിൽ കർണാടക ഹൈകോടതി തള്ളുകയായിരുന്നു. അന്വേഷണ വീഴ്ചയിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് റിട്ട് ഹരജിയും ഫയൽ ചെയ്തിരുന്നു. ഇതിന്റെ വിധിയെത്തും മുമ്പേ ഈ വർഷം ജനുവരി 19ന് പിതാവ് അർബുദം ബാധിച്ച് മരണത്തിന് കീഴടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

