ഗതാഗത നിയമം ലംഘിച്ച് സ്കൂട്ടർ ഓടിച്ചു; കർണാടക ഉപമുഖ്യമന്ത്രിക്കെതിരെ കേസും വൻ തുക പിഴയും
text_fieldsഡി.കെ. ശിവകുമാർ 'എക്സി'ൽ പങ്കുവെച്ച ചിത്രം
ബംഗളൂരു: ഹെബ്ബാൾ മേൽപ്പാലം ലൂപ്പിന്റെ പരിശോധനക്കിടെ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഓടിച്ച ഇരുചക്ര വാഹനത്തിനെതിരെ 34 ഗതാഗത നിയമലംഘന കേസുകളും 18,500 രൂപ പിഴയും ചുമത്തി. വെബ്‌സൈറ്റിലൂടെ ബംഗളൂരു ട്രാഫിക് പൊലീസ് ആണ് വിവരം പുറത്തുവിട്ടത്.
ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിക്കുക, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക, നിരോധിത മേഖലകളിലോ വൺവേ മേഖലകളിലോ പ്രവേശിക്കുക തുടങ്ങി ഒന്നിലധികം നിയമലംഘനങ്ങൾക്കാണ് വാഹനത്തിനെതിരെ കേസെടുത്തത്.
അതേസമയം, വാഹനം ഡി.കെ. ശിവകുമാറിന്റേതല്ലെന്നും പരിശോധനക്കിടെ അദ്ദേഹം വാഹനമോടിക്കുക മാത്രമായിരുന്നുവെന്നും കോൺഗ്രസ് വൃത്തങ്ങൾ അവകാശപ്പെട്ടു. വാഹനത്തിന്റെ രജിസ്റ്റർ ചെയ്ത ഉടമക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ട്രാഫിക് പൊലീസ് ഇതുവരെ മറുപടി നൽകിയിട്ടില്ല.
ഹെൽമെറ്റ് ധരിച്ച് ഇരുചക്രവാഹനം ഓടിക്കുന്ന വീഡിയോ ചൊവ്വാഴ്ച ശിവകുമാർ തന്റെ ഔദ്യോഗിക 'എക്സ്' അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. ഹെബ്ബാൾ ഫ്ലൈഓവർ ലൂപ്പ് തുറക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.
'മികച്ച ബംഗളൂരു' കെട്ടിപ്പടുക്കാനുള്ള സംസ്ഥാന സർക്കാറിന്റെ ശ്രമങ്ങളുമായി യോജിച്ച്, ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും സുഗമവും വേഗതയേറിയതുമായ യാത്രാ മാർഗങ്ങൾ ഉറപ്പാക്കാനും ഈ നീക്കം സഹായിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ഉപമുഖ്യമന്ത്രിയെ പരിഹസിച്ച് കൊണ്ട് ജെ.ഡി (എസ്) 'എക്സ്' പോസ്റ്റിൽ പരസ്യ നീക്കത്തെ വിമർശിക്കുകയും ട്രാഫിക് പൊലീസിനോട് കുടിശ്ശിക വരുത്തിയ പിഴ ഈടാക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
"ഫോട്ടോഷൂട്ടുകളിൽ മുഴുകി പബ്ലിസിറ്റിക്ക് വേണ്ടി റീലുകൾ നിർമിക്കുന്നതിന് പകരം, മന്ത്രി എന്ന നിലയിൽ നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ ആദ്യം നിറവേറ്റുക" -ജെ.ഡി (എസ്) വ്യക്തമാക്കി.
ഡി.കെ. ശിവകുമാർ 'എക്സി'ൽ പങ്കുവെച്ച ചിത്രം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

