ബംഗളൂരു: ബംഗളൂരു: സംസ്ഥാനത്ത് കോവിഡ് മരണനിരക്ക് മുകളിലേക്കു തന്നെ. ശനിയാഴ്ച 70 മരണം റിപ്പോർട്ട് ചെയ്ത കർണാടകയിൽ ഞായറാഴ്ച 71 പേർകൂടി കോവിഡ് ബാധിച്ചു മരിച്ചു. ബംഗളൂരു നഗരത്തിലേതാണ് ഞെട്ടിപ്പിക്കുന്ന കണക്ക്.
45 പേരാണ് ഞായറാഴ്ച ബംഗളൂരുവിൽ മരിച്ചത്. 16 ദിവസം മാത്രം പ്രായമായ പെൺകുഞ്ഞും നഗരത്തിൽ കോവിഡ് മരണത്തിന് കീഴടങ്ങി. സംസ്ഥാനത്ത് മരിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ കോവിഡ് രോഗിയാണ് ഇൗ കുഞ്ഞ്. പനിയും ചുമയും ശ്വാസതടസ്സവും കാരണം ജൂലൈ ഒന്നിന് വീട്ടിൽവെച്ച് മരിച്ച കുഞ്ഞിെൻറ രോഗബാധ ഞായറാഴ്ചയാണ് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം ബെള്ളാരിയിൽ 12 വയസ്സുകാരി മരിച്ചിരുന്നു. ബംഗളൂരുവിൽ ഞായറാഴ്ച മരിച്ചവരിൽ 17കാരിയും 33കാരനും ഉൾപ്പെടുന്നു.
ദക്ഷിണ കന്നടയിലും 33 വയസ്സുകാരൻ മരിച്ചിട്ടുണ്ട്. കുറഞ്ഞ പ്രായക്കാരിലും കോവിഡ് മരണം പതിവായത് ആശങ്കയുണർത്തുന്നുണ്ട്.
274 പേരാണ് ബംഗളൂരുവിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്തെ കോവിഡ് മരണം 684 ആയി. സംസ്ഥാനത്ത് 2627 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 38,843 ആയി.
ഇതിൽ ഞായറാഴ്ച ആശുപത്രി വിട്ട 693 പേരടക്കം 15,409 പേരാണ് രോഗമുക്തി നേടിയത്. തീവ്രപരിചരണ വിഭാഗത്തിലുള്ള 532 പേരടക്കം 22,746 പേർ ചികിത്സയിലാണ്. ഞായറാഴ്ച 20,050 പേരുടെ സാമ്പ്ൾ പരിശോധിച്ചു.
ദക്ഷിണ കന്നട ജില്ലയിൽ അഞ്ചും മൈസൂരു, ഹാസൻ, ദാവൻകരെ, ബെളഗാവി എന്നിവിടങ്ങളിൽ മൂന്നും പേർ വീതം ഞായറാഴ്ച മരിച്ചു. ബാഗൽകോട്ട്, ഹാവേരി ജില്ലകളിൽ രണ്ടുപേർ വീതവും ധാർവാഡ്, കൊപ്പാൽ, തുമകുരു, ചാമരാജ് നഗർ, വിജയപുര എന്നിവിടങ്ങളിൽ ഒാരോരുത്തരും കോവിഡ് ബാധിച്ചു മരിച്ചു.
ബംഗളൂരു നഗരത്തിൽ 1525 പേർക്കുകൂടി കോവിഡ് -19 റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതർ 18,387 ആയി. 206 പേർ കൂടി രോഗമുക്തി നേടി. 14,067 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
ദക്ഷിണ കന്നട, ധാർവാഡ്, യാദ്ഗിർ ജില്ലകളിലും 100ലേറെ കേസ് റിപ്പോർട്ട് ചെയ്തു. ദക്ഷിണ കന്നടയിൽ 196ഉം ധാർവാഡിൽ 129ഉം യാദ്ഗിറിൽ 120ഉം പോസിറ്റിവ് കേസാണ് പുതുതായി രേഖപ്പെടുത്തിയത്.
മൈസൂരുവിൽ 42ഉം കുടകിൽ 15ഉം ബംഗളൂരു റൂറലിൽ 19 ഉം ചാമരാജ് നഗറിൽ 13 ഉം പേർക്കുകൂടി രോഗം ബാധിച്ചു. കലബുറഗി- 79, ബെള്ളാരി- 63, ബിദർ- 62, റായ്ച്ചുർ -48, ഉഡുപ്പി- 43, ശിവെമാഗ്ഗ- 42, ചിക്കബല്ലാപുര- 39, ഹാസൻ- 31, കൊപ്പാൽ- 27, തുമകുരു- 26, കോലാർ- 24, ദാവൻകരെ - 20, ഗദഗ്- 14, ഉത്തര കന്നട-12, ഹാവേരി- 12, ചിക്കമകളൂരു- 10, ബാഗൽകോട്ട് -ഏഴ്, മാണ്ഡ്യ- നാല്, രാമനഗര- മൂന്ന്, ബെളഗാവി- രണ്ട് എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ ഞായറാഴ്ച റിപ്പോർട്ട് ചെയ്ത രോഗബാധിതരുടെ എണ്ണം. ചിത്രദുർഗ, വിജയപുര ജില്ലകളിൽ പുതിയ കേസില്ല.