'നിങ്ങൾക്ക് പ്രസവിക്കാനുള്ള സംവിധാനം ഏർപ്പെടുത്തി തരാം'; വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകയെ അപമാനിച്ച് കർണാടക കോൺഗ്രസ് എം.എൽ.എ
text_fieldsആർ.വി. ദേശ്പാണ്ഡെ
ബംഗളൂരു: പത്രസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകയെ അപമാനിച്ച് കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവും എം.എല്‍.എയുമായ ആർ.വി. ദേശ്പാണ്ഡെ. പ്രസവിക്കാന്‍ നല്ല ആശുപത്രി ഇല്ലാത്തതിനാൽ നാട്ടിലെ സ്ത്രീകള്‍ ബുദ്ധിമുട്ടുകയാണെന്നും ജോയ്‌ഡ താലൂക്കിൽ ആശുപത്രി എപ്പോൾ തുറക്കുമെന്നും ചോദിച്ചതിനാണ് എം.എൽ.എ മാധ്യമപ്രവർത്തകയെ അപമാനിച്ചത്. 'നിങ്ങൾക്ക് പ്രസവിക്കാനുള്ള സംവിധാനം ഏർപ്പെടുത്തി തരാം' എന്നായിരുന്നു എം.എൽ.എയുടെ മറുപടി.
ദേശ്പാണ്ഡെയുടെ പരാമർശത്തിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. എം.എൽ.എ മാധ്യമപ്രവർത്തകയോട് പരസ്യമായി മാപ്പ് പറയണമെന്ന് പലരും ആവശ്യപ്പെട്ടു. ഒരു മുതിർന്ന നിയമസഭാംഗമെന്ന നിലയിൽ ദേശ്പാണ്ഡെയുടെ പരാമർശം അനുചിതം മാത്രമല്ല, അങ്ങേയറ്റം അപമാനകരവുമാണെന്ന ഒരു മാധ്യമ അവകാശ സംഘടന പ്രസ്താവനയിൽ പറഞ്ഞു.
ഇത്തരം പരാമർശങ്ങൾ പത്രപ്രവർത്തനത്തെ അപമാനിക്കുകയും സ്ത്രീകളുടെ ആശങ്കകളെ നിസാരവൽക്കരിക്കുകയും ചെയ്യുന്നു. നമ്മുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ അന്തസ്സ് ഉയർത്തിപ്പിടിച്ച് മാതൃക കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവനയിൽ പറയുന്നു. എം.എൽ.എയുടെ വാക്കുകൾ സ്ത്രീകളുടെ അന്തസ്സിനെ അപമാനിക്കുന്നതാണ് ജനതാദൾ സെക്കുലർ (ജെ.ഡി.എസ്) പറഞ്ഞു.
ജില്ലക്കായി ഒരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ആവശ്യപ്പെട്ട ഒരു മുതിർന്ന മാധ്യമപ്രവർത്തകയോട് ഇത്തരം മറുപടി പറയുന്നതാണോ സ്ത്രീകൾക്ക് നൽകുന്ന ബഹുമാനമെന്ന് ജെ.ഡി.എസ് എക്സ് പോസ്റ്റിൽ പറഞ്ഞു. ദേശ്പാണ്ഡെയുടെ വാക്കുകൾ സ്ത്രീകളുടെ അന്തസിനെ അപമാനിക്കുന്നതാണെന്നും മാധ്യമപ്രവർത്തകയോട് ഉടൻ മാപ്പ് പറയണമെന്നും ജെ.ഡി.എസ് എക്‌സിൽ പോസ്റ്റിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

