ബി.ജെ.പി നേതാവിന്റെ കൊലപാതകം; കർണാടകയിലെ കോൺഗ്രസ് എം.എൽ.എക്ക് ജീവപര്യന്തം തടവ്
text_fieldsബംഗളൂരു: ബി.ജെ.പി നേതാവ് യോഗേഷ് ഗൗഡയുടെ കൊലപാതകത്തിൽ കോൺഗ്രസ് എം.എൽ.എയും മുൻമന്ത്രിയുമായ വിനയ് കുൽക്കർണി ഉൾപ്പെടെ 16 പേർക്ക് ജീവപര്യന്തം തടവ്. ജനപ്രതിനിധികൾ പ്രതികളാവുന്ന ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്ന ബംഗളൂരുവിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.
ജീവപര്യന്തം തടവിന് പുറമേ 16 പ്രതികൾക്കും കോടതി 30,000 രൂപ വീതം പിഴയും വിധിച്ചു. കേസിലെ മറ്റൊരു പ്രതിക്ക് ഏഴ് വർഷം തടവും വിധിച്ചു. ജീവപര്യന്തം തടവുശിക്ഷ ലഭിച്ച സാഹചര്യത്തിൽ ധാർവാഡ് നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കുൽക്കർണി എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യനാകും.
ക്രിമിനൽ ഗൂഢാലോചന, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കുൽക്കർണി ഉൾപ്പെടെയുള്ളവർക്കെതിരെ ജഡ്ജി സന്തോഷ് ഗജാനൻ ഭട്ട് ശിക്ഷ വിധിച്ചത്. കുൽക്കർണിക്ക് ജീവപര്യന്തം തടവ് ശിക്ഷ നൽകണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ സാമൂഹിക- രാഷ്ട്രീയ -കുടുംബ പശ്ചാത്തലം എന്നിവ ചൂണ്ടിക്കാട്ടി കുറഞ്ഞ ശിക്ഷ നൽകണമെന്ന് എം.എൽ.എയുടെ അഭിഭാഷകൻ അറിയിക്കുകയായിരുന്നു.
2016 ജൂൺ 15ന് ബി.ജെ.പി ജില്ലാ പഞ്ചായത്ത് അംഗമായ ഗൗഡയെ ധാർവാഡിലെ ജിമ്മിൽ വെച്ച് വാടകകൊലയാളികൾ വെട്ടിക്കൊലപ്പെടുത്തിയെന്നതാണ് കേസ്. അന്ന് മന്ത്രിയായിരുന്ന കുൽക്കർണിയെ പ്രധാന ഗൂഢാലോചനക്കാരനായി പ്രതി ചേർത്തിരുന്നു. ജില്ലയിൽ വളർന്നുവരുന്ന രാഷ്ട്രീയ എതിരാളിയായാണ് ഗൗഡയെ കുൽക്കർണി കണ്ടതെന്നും ഇതേ തുടർന്നാണ് ഗൗഡയെ ഇല്ലാതാക്കാൻ ശ്രമിച്ചതെന്നുമായിരുന്നു സി.ബി.ഐയുടെ കണ്ടെത്തൽ.
ഗൗഡയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം അന്നത്തെ ബി.ജെ.പി സർക്കാർ 2019ൽ കേസ് സി.ബി.ഐക്ക് കൈമാറിയിരുന്നു. കൊലപാതകത്തിന് പിന്നിലെ മുഖ്യസൂത്രധാരൻ കുൽക്കർണിയാണെന്ന് വ്യക്തമാക്കി സി.ബി.ഐ 2020ൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. അതേ വർഷം തന്നെ സി.ബി.ഐ കുൽക്കർണിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ധാർവാഡ് ജില്ലയിൽ പ്രവേശിക്കരുതെന്ന് ഉൾപ്പടെയുള്ള വ്യവസ്ഥകളോടെ 2021 ആഗസ്റ്റിൽ കുൽക്കർണിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു.
തുടർന്ന് സാക്ഷികളെ ഇല്ലാതാക്കാനും പ്രോസിക്യൂഷനെ സ്വാധീനിക്കാനും ശ്രമിച്ചുവെന്ന ആരോപണത്തെത്തുടർന്ന് 2025 ജൂണിൽ സുപ്രീം കോടതി അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കി. 2026 ജനുവരിയിൽ വീണ്ടും ജാമ്യം തേടിയെങ്കിലും ഹൈക്കോടതി അപേക്ഷ നിരസിച്ചു. തുടർന്ന് കേസിലെ എല്ലാ സാക്ഷികളെയും വിസ്തരിച്ചു എന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി ഫെബ്രുവരി 27 ന് കുൽക്കർണിക്ക് ജാമ്യം അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

