ബിഹാറിലും വോട്ട് ചോരിയെന്ന് സിദ്ധരാമയ്യ; മഹാസഖ്യത്തിന്റെ പരാജയത്തെ കുറിച്ച് പഠിക്കും
text_fieldsകർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
ബംഗളുരു: ബിഹാറിലും വോട്ട്ചോരി നടന്നെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കേവലഭൂരിപക്ഷവും കടന്ന് എൻ.ഡി.എ മുന്നേറാനുള്ള കാരണം അജ്ഞാതമാണെന്നും സിദ്ധരാമയ്യ പറഞ്ഞു. അതേസമയം ബിഹാറിലെ ജനവിധി അംഗീകരിക്കുന്നുവെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. തിരിച്ചടി എന്താണെന്ന് മനസിലാക്കാൻ സാധിക്കുന്നില്ല. എന്തുകൊണ്ടാണ് എൻ.ഡി.എക്ക് ഇത്രയും ഭൂരിപക്ഷം കിട്ടിയത്. അത് മനസിലാക്കാനുള്ള ശ്രമത്തിലാണെന്നും മഹാഗഡ്ബന്ധൻ ഏറ്റവും വലിയ തിരിച്ചടി നേരിട്ടതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് സിദ്ധരാമയ്യ പറഞ്ഞു.
ഒ.ബി.സി വോട്ടുകൾ കിട്ടാത്തതല്ല മഹാസഖ്യത്തിന്റെ തിരിച്ചടിക്ക് കാരണമെന്നും കർണാടക മുഖ്യമന്ത്രി പറഞ്ഞു. നിതീഷ് കുമാർ ഒ.ബി.സിക്കാരനാണോയെന്നും അദ്ദേഹം ചോദിച്ചു. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഹുൽ ഗാന്ധി നടത്തിയ വെളിപ്പെടുത്തലുകളെയും സിദ്ധരാമയ്യ പിന്തുണച്ചു. അവിടെയും വോട്ട് ചോരി നടന്നിട്ടുണ്ട് എന്നായിരുന്നു പ്രതികരണം. അതേസമയം, അതിന്റെ വിശദ വിവരങ്ങളിലേക്ക് അദ്ദേഹം കടന്നില്ല.
നവംബർ ആറ്, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് ഇത്തവണ ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്. ബിഹാറിൽ എക്സിറ്റ് പോളുകളെ പോലും മറികടക്കുന്ന പ്രകടനമാണ് എൻ.ഡി.എ നടത്തിയത്. നിലവിൽ എൻ.ഡി.എക്ക് 190ലേറെ സീറ്റുകളിൽ ലീഡുണ്ട്. കഴിഞ്ഞ തവണ 100ലേറെ സീറ്റുകളിൽ വിജയിച്ച ഇൻഡ്യ സഖ്യം ഇക്കുറി 50 സീറ്റിനും താഴേക്ക് പോയി. ജെ.ഡി.യുവിനും ബി.ജെ.പിക്കും മുന്നിൽ ആർ.ജെ.ഡിക്കും കോൺഗ്രസിനും പിടിച്ചുനിൽക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

