കർണാടക വോട്ടർ പട്ടികയിൽ വ്യാപക തിരിമറി; ഫോം 7 അപേക്ഷകളിൽ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി ഡി.കെ ശിവകുമാർ
text_fieldsബംഗളൂരു: വോട്ടർ പട്ടികയിലെ പേരുകൾ വെട്ടിമാറ്റാൻ വ്യാപകമായി ഫോം 7 അപേക്ഷകൾ നൽകിയെന്ന പരാതികളിൽ വിശദമായ കണക്കുകൾ ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. എസ്‍.ഐ.ആർ പ്രക്രിയയിൽ ആയിരക്കണക്കിന് യഥാർത്ഥ വോട്ടർമാരുടെ പേരുകൾ തെറ്റായി ഒഴിവാക്കിയെന്ന് ചൂണ്ടിക്കാട്ടി 'എസ്.ഐ.ആർ ഒപ്പോസിഷൻ കോയലിഷൻ' പുറത്തുവിട്ട സ്വതന്ത്ര സർവേ റിപ്പോർട്ടിനെത്തുടർന്നാണ് നടപടി.
വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യാൻ കൂട്ടത്തോടെ അപേക്ഷകൾ നൽകിയ സംഭവങ്ങളിലും, മതിയായ കാരണങ്ങളോ നിർബന്ധിത വിവരങ്ങളോ ഇല്ലാതെയുള്ള അപേക്ഷകളിലും സമഗ്രമായ മണ്ഡലം തിരിച്ചുള്ള കണക്കുകൾ നൽകാൻ ചീഫ് ഇലക്ടറൽ ഓഫീസർക്ക് നിർദേശം നൽകിയതായി ഡി.കെ. ശിവകുമാർ വ്യക്തമാക്കി. വോട്ടർമാരുടെ വിവരങ്ങൾ അടങ്ങിയ പ്രീ-പ്രിൻ്റഡ് ഫോമുകൾ ഉപയോഗിച്ച് ആക്ഷേപങ്ങൾ ഉന്നയിച്ചതിലും അദ്ദേഹം ആശങ്ക രേഖപ്പെടുത്തി.
തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനുള്ള ചിട്ടയായ ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്നും, വോട്ടർ പട്ടികയിൽ കൃത്രിമം കാട്ടാനും വർഗീയവത്കരിക്കാനുമുള്ള നീക്കങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങളിൽ പങ്കാളികളാണെന്ന് കണ്ടെത്തുന്നവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും, അതിന്റെ പകർപ്പ് ചീഫ് സെക്രട്ടറിക്ക് അയക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
നടൻ പ്രകാശ് രാജിന്റെ നേതൃത്വത്തിലുള്ള സംഘം ബംഗളൂരുവിലെ വസതിയിലെത്തി സമർപ്പിച്ച സർവേ റിപ്പോർട്ട് സ്വീകരിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ആന്റി എസ്‍.ഐ.ആർ അലയൻസും സിറ്റിസൺസ് വോട്ട് പ്രൊട്ടക്ഷൻ കമ്മിറ്റിയും ചേർന്ന് തയാറാക്കിയതാണ് 23 പേജുള്ള ഈ റിപ്പോർട്ട്. 25 ജില്ലകളിലെ 100 പോളിങ് ബൂത്തുകളിൽ വീടുകൾ തോറും നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് സർവേ തയാറാക്കിയിരിക്കുന്നത്.
രജിസ്റ്റർ ചെയ്ത വിലാസങ്ങളിൽ സ്ഥിരമായി താമസിക്കുന്ന വോട്ടർമാരെ പോലും സ്ഥലം മാറിയവരായോ, വിട്ടുപോയവരായോ, മരണപ്പെട്ടവരായോ തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ട് ആരോപിക്കുന്നു. ദലിതർ, ആദിവാസികൾ, നാടോടി വിഭാഗങ്ങൾ, മുസ്‌ലിംങ്ങൾ എന്നിവരുൾപ്പെടെ പാർശ്വവൽക്കരിക്കപ്പെട്ടവരും സ്ത്രീകളുമാണ് ഈ ഒഴിവാക്കലുകൾക്ക് പ്രധാനമായും ഇരയായിട്ടുള്ളത്. ഒഴിവാക്കപ്പെട്ട പേരുകൾ വീണ്ടും പരിശോധിച്ച് പുനഃസ്ഥാപിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.
വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി 1.08 കോടി വോട്ടർമാരെയാണ് 'സ്ഥലം മാറിയവർ, വിട്ടുപോയവർ, മരണപ്പെട്ടവർ, ഇരട്ടിപ്പുള്ളവർ' എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ 65.45 ലക്ഷം പേർ സ്ഥലം മാറിയവരായും, 15.17 ലക്ഷം പേർ വിട്ടുപോയവരായും, 16.39 ലക്ഷം പേർ മരണപ്പെട്ടവരായും രേഖപ്പെടുത്തിയിട്ടുണ്ട്. ബംഗളൂരുവിൽ മാത്രം കരട് വോട്ടർ പട്ടികയിൽ 43.6 ശതമാനത്തിന്റെ കുറവുണ്ടായതായും സിവിൽ സൊസൈറ്റി സർവേ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

