Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജ്യത്ത് നടക്കുന്നത് ഗാന്ധിയൻ ആശയങ്ങളും വിരുദ്ധരും തമ്മിലുള്ള സംഘർഷം: ഡി.കെ ശിവകുമാർ

text_fields
bookmark_border
Karnataka Chief Minister DK Shivakumar paying floral tributes during the Gandhi Jayanti celebrations in Bengaluru.
cancel
camera_alt

ഡി.കെ ശിവകുമാർ


ബെംഗളൂരു: രാജ്യത്ത് നിലവിൽ രണ്ട് പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള സംഘർഷമാണ് അരങ്ങേറുന്നതെന്ന് കർണ്ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ഒന്ന് മഹാത്മാഗാന്ധിയുടെ ആദർശങ്ങളെ നെഞ്ചേറ്റിയ ഗാന്ധി കുടുംബവും ജനങ്ങളും, മറ്റൊന്ന് ഗാന്ധിസത്തെ എക്കാലവും എതിർത്തുപോരുന്ന സംഘവും. ഈ രണ്ട് ധാരകൾ തമ്മിലുള്ള ആശയപോരാട്ടത്തിനാണ് ഇന്ന് ഇന്ത്യ സാക്ഷ്യം വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി ജയന്തി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ബെംഗളൂരു ഗാന്ധിഭവനിൽ നടന്ന മഹാത്മാഗാന്ധി സേവാ അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗാന്ധിജി ഇന്ത്യയുടെ ആത്മാവാണെന്ന് വ്യക്തമാക്കിയ ശിവകുമാർ, സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശം ലോകത്തിന് സമ്മാനിച്ച മഹദ് വ്യക്തിത്വമാണ് അദ്ദേഹമെന്ന് ഓർമിപ്പിച്ചു. ഒരു രാഷ്ട്രീയ പാർട്ടിയും ഗാന്ധിയൻ ആശയങ്ങൾ ഉൾക്കൊള്ളാൻ മടി കാണിക്കരുത്. ഇന്നത്തെ തലമുറ ഈ വിഷയത്തെക്കുറിച്ച് ഗൗരവമായി ചർച്ച ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

" 'സ്വതന്ത്രനാകാൻ ആദ്യം വേണ്ടത് നിർഭയത്വമാണ്' എന്നാണ് മഹാത്മാഗാന്ധി നമ്മെ പഠിപ്പിച്ചത്. ഉത്തരവാദിത്തങ്ങളും ജോലികളും ചെയ്യുമ്പോൾ ഭയപ്പെടുന്ന ആളല്ല ഞാൻ. ഹിറ്റ്‌ലർക്ക് ഗാന്ധിജി അയച്ച കത്ത് വായിക്കുമ്പോൾ തന്നെ സമാധാനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വലിയ സന്ദേശം നമുക്ക് മനസ്സിലാക്കാനാകും. അക്രമം ഒരിക്കലും നമ്മുടെ ലക്ഷ്യമാകരുത് എന്ന ചരിത്രപരമായ സന്ദേശമാണ് അദ്ദേഹം ലോകത്തിന് നൽകിയത്."

രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന പ്രസ്ഥാനമാണ് കോൺഗ്രസെന്നും ഗാന്ധി കുടുംബത്തിന്റെ പാരമ്പര്യം ഇന്ത്യൻ രാഷ്ട്രീയത്തിൽ അനിഷേധ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ചായത്ത് തലം മുതൽ പാർലമെന്റ് തലം വരെ താഴെത്തട്ടിൽ നിന്ന് പുതിയ നേതാക്കൾ വളർന്നുവരണമെന്നും, പുതിയ നേതാക്കളെ സൃഷ്ടിക്കുന്നയാളാണ് യഥാർത്ഥ നായകനെന്നും മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി പറഞ്ഞിട്ടുണ്ട്. അത്തരത്തിൽ പുതിയ നേതൃത്വങ്ങളെ വളർത്തിയെടുക്കാനാണ് കോൺഗ്രസ് സർക്കാരും പാർട്ടിയും പ്രവർത്തിക്കുന്നതെന്നും ശിവകുമാർ പറഞ്ഞു.

രാഷ്ട്രീയ പ്രവേശനത്തിന് വഴികാട്ടിയത് എസ്. കരിയപ്പ

തന്റെ രാഷ്ട്രീയ പ്രവേശനത്തിന് പ്രചോദനമായത് കനകപുരയിലെ സ്വാതന്ത്ര്യസമര സേനാനിയും മുൻ എം.എൽ.എയുമായിരുന്ന ഗാന്ധിയൻ എസ്. കരിയപ്പയാണെന്ന് ഡി.കെ. ശിവകുമാർ അനുസ്മരിച്ചു. 'എനിക്ക് 12-13 വയസ്സുള്ളപ്പോഴാണ് മാതാപിതാക്കൾ എന്നെ കനകപുരയിലെ ഗാന്ധിയൻ നേതാവായിരുന്ന എസ്. കരിയപ്പയുടെ അടുത്ത് കൊണ്ടുപോയി പാദം തൊട്ട് അനുഗ്രഹം വാങ്ങിക്കുന്നത്. രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന പോരാളിയാണ് അദ്ദേഹമെന്നാണ് അച്ഛനമ്മമാർ എന്നോട് പറഞ്ഞത്'.

ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് വിധാൻ സൗധയിലെ ഗാന്ധി പ്രതിമയ്ക്ക് സമീപം പുഷ്പാർച്ചന നടത്തിയ മുഖ്യമന്ത്രി, കെ.പി.സി.സി ആസ്ഥാനത്ത് പൗരകാർമികരെ (ശുചീകരണ തൊഴിലാളികൾ) ആദരിക്കുകയും ഗവൺമെന്റ് ആർട്സ് കോളേജിൽ മഹാത്മാഗാന്ധി മെമ്മോറിയൽ സ്തംഭം അനാച്ഛാദനം ചെയ്യുകയും ചെയ്തു. ഇതിനിടെ, അടുത്ത അധ്യയന വർഷം (2027-28) മുതൽ ഗാന്ധി സ്റ്റഡി സെന്ററിൽ മഹാത്മാഗാന്ധിയുടെ ആദർശങ്ങളിലും തത്ത്വചിന്തകളിലും പ്രത്യേക ഡിപ്ലോമ കോഴ്സ് ആരംഭിക്കുമെന്ന് ബെംഗളൂരു സർവകലാശാല വൈസ് ചാൻസലർ സി. ശിവരാജു പ്രഖ്യാപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India Seeing Conflict Between Pro and Anti-Gandhian Ideologies: Karnataka CM DK Shivakumar
Next Story