'മുഖ്യമന്ത്രിയായ ഉടൻ എന്നെ കുടുക്കാൻ സ്റ്റിംഗ് ഓപ്പറേഷൻ ശ്രമം നടന്നു'; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
text_fieldsഡി.കെ. ശിവകുമാർ
ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ തന്നെ സ്റ്റിംഗ് ഓപ്പറേഷനിൽ കുടുക്കാൻ ഗൂഢശ്രമം നടന്നുവെന്ന വെളിപ്പെടുത്തലുമായി ഡി.കെ. ശിവകുമാർ. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ തിരിച്ചറിയാനുള്ള ചിത്രങ്ങളും മറ്റ് രേഖകളും തെളിവുകളായി തന്റെ പക്കലുണ്ടെന്നും ശിവകുമാർ വ്യക്തമാക്കി. മുഖ്യമന്ത്രി പദവിയിൽ നിന്ന് സിദ്ധരാമയ്യയെ താഴെയിറക്കാൻ ശിവകുമാർ സ്റ്റിംഗ് ഓപ്പറേഷൻ ഉപയോഗിച്ചുവെന്ന് കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് ശിവകുമാറിന്റെ പ്രത്യാക്രമണം.
പൊലീസ് ഉദ്യോഗസ്ഥർ വഴി ഇതിന് പിന്നിൽ പ്രവർത്തിച്ചവരുടെ വിവരങ്ങൾ ശേഖരിച്ചുവെച്ചിട്ടുണ്ടെന്ന് ശിവകുമാർ പറഞ്ഞു. ഏത് കാര്യത്തിന്റെ മറവിലാണ് അവർ വന്നതെന്നും ആരെയാണ് അവർ കണ്ടതെന്നും തനിക്കറിയാമെന്നും അദ്ദേഹം വെളിപ്പെടുത്തി.
സഹപ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും 'ഹണിട്രാപ്പ്' ജാഗ്രതാനിർദ്ദേശം
മുൻപ് താൻ മന്ത്രിയായിരുന്ന കാലത്ത് ഒരു സ്വകാര്യ ടെലിവിഷൻ ചാനൽ ഇത്തരമൊരു ശ്രമം നടത്തിയിരുന്നുവെന്ന് ഓർമിപ്പിച്ച ശിവകുമാർ, മന്ത്രിസഭയിലെ സഹപ്രവർത്തകരോടും ഉദ്യോഗസ്ഥരോടും അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചു.
തനിക്ക് ചുറ്റും മൂന്ന് തലങ്ങളിലുള്ള സുരക്ഷാ വലയമുണ്ടെന്നും, സംശയാസ്പദമായ പെരുമാറ്റത്തിന്റെ പേരിൽ ചിലരെ തൽസ്ഥാനങ്ങളിൽ നിന്ന് മാറ്റിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില രാഷ്ട്രീയ നേതാക്കൾ വാടകയ്‌ക്കെടുത്ത ആളുകളാണ് ഇതിന് പിന്നിലുള്ളതെന്നും അതിന് ശക്തമായ തെളിവുകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെയും ശിവകുമാറിന്റെ ആരോപണങ്ങളെ പിന്തുണച്ച് രംഗത്തെത്തി.
"രസഗുളയും മദ്ദൂർ വടയും മുൽബാഗൽ ദോശയും വിളമ്പുമ്പോൾ ആരും ശ്രദ്ധിക്കേണ്ടതുണ്ട്. രാഷ്ട്രീയത്തിൽ ഇത്തരം കാര്യങ്ങൾ സ്വാഭാവികമാണ്."
— സ്വകാര്യ ഏജൻസിയുമായി ബന്ധമുള്ള ഉത്തരേന്ത്യയിൽ നിന്നുള്ള ചിലർ മുഖ്യമന്ത്രിയെ കുടുക്കാൻ ശ്രമിച്ചതായി ചൂണ്ടിക്കാട്ടി പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി പ്രതികരിച്ചു.
എന്നാൽ കോൺഗ്രസിന് ഇത്തരം ഓപ്പറേഷനുകളുടെ വലിയ ചരിത്രമുണ്ടെന്നായിരുന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്രയുടെ മറുപടി. ബി.ജെ.പി എം.എൽ.എ രമേഷ് ജാർക്കിഹോളിയെ വ്യാജമായി ഹണിട്രാപ്പിൽ കുടുക്കിയ സംഭവം അദ്ദേഹം ഓർമിപ്പിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

