വോട്ടർപട്ടിക സംബന്ധിച്ച എല്ലാ സാങ്കേതിക രേഖകളും സി.ഐ.ഡിക്ക് കൈമാറണമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് സിദ്ധരാമയ്യ
text_fieldsബംഗളൂരു: 2023ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കർണാടകയിലെ കലബുറഗി ജില്ലയിലെ അലന്റ് മണ്ഡലത്തിലെ വോട്ടർപട്ടിക സംബന്ധിച്ച എല്ലാ സാങ്കേതിക രേഖകളും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്മെന്റിന് കെമാറണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മുഖ്യ തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടു. ഇന്റർനെറ്റ് പ്രോട്ടക്കോൾ ലോഗ്, ഡിവൈസുകൾ, ഒ.ടി.പി തുടങ്ങിയ രേഖകൾ സമർപ്പിക്കണണമെന്നാണ് ആവശ്യം.
അലന്റ് മണ്ഡലത്തിലെ വോട്ടുകൾ വെട്ടിക്കുറയ്ക്കൽ ബോധപൂർവമായ ശ്രമമായിരുന്നെന്ന് കർണാടക പ്രദേശ് കോൺഗ്രസ് പ്രസിഡന്റ് ഡി.കെ ശിവകുമാറും ആരോപിച്ചു.
കമീഷൻ അതിന് തയ്യാറായില്ലെങ്കിൽ ജനാധിപത്യത്തെ നശിപ്പിക്കുന്ന ശക്തികളോടൊപ്പം തെരഞ്ഞെടുപ്പ് കമീഷനെയും തുറന്നുകാട്ടുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കൃത്യമായി ആസൂത്രണം ചെയ്ത വോട്ടുകൊള്ള എന്ന കേന്ദ്രീകൃതമായ പരിപാടിയിലൂടെ എങ്ങനെയാണ് ജനാധിപത്യ പ്രക്രിയ അട്ടിമറിക്കപ്പെട്ടതെന്നത് രാഹുൽ ഗാന്ധിയുടെ വെളിപ്പടുത്തലിലൂടെ ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുക യാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
അലൻറ് കേസ് ഒറ്റപ്പെട്ട സംഭവമല്ലെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള വലിയ ഗൂഢാലോചനയുടെ സൂചന മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 2022നും 2023 നുമിടയിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് 6, 018 അപേക്ഷകളാണ് സമർപ്പിക്കപ്പെട്ടത്. എന്നാൽ അന്വേഷിച്ചപ്പോൾ ഇതിൽ 24 അപേക്ഷകൾ മാത്രമായിരുന്നു യഥാർത്ഥമെന്നും ബാക്കി 5994 അപേക്ഷകളും വ്യാജമായി ഉണ്ടാക്കിയതാണെന്നും മനസിലാക്കാൻ കഴിഞ്ഞു.
കണാടകയ്ക്ക് പുറത്തു നിന്നുള്ള വ്യാജ ലോഗിൻ ഐ.ഡികളും വ്യാജ നമ്പറുകളും സി.ഐ.ഡി അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ 18 മാസമായി സി.ഐ.ഡി ആവശ്യപ്പെട്ടിട്ടും തെളിവുകൾ നൽകാൻ തെരഞ്ഞെടുപ്പ് കമീഷൻ തയ്യാറായിട്ടില്ലെന്നും സിദ്ധരാമയ്യ ആരോപിച്ചു.
എന്നാൽ തെളിവ് നൽകാൻ തയ്യാറായാകാതെ തെരഞ്ഞെടുപ്പ് കമീഷൻ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ആവർത്തിച്ചു കൊണ്ടിരിക്കുകയാണെന്നും സിദ്ധരാമയ്യ വാർത്താകുറിപ്പിൽ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

