കർണാടക മന്ത്രിസഭ: രണ്ടാം പട്ടികയിൽ തീരുമാനം ഇന്ന്; സത്യപ്രതിജ്ഞ നാളെ
text_fieldsബംഗളൂരു: കർണാടക മന്ത്രിസഭ വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഡൽഹിയിൽ ഹൈകമാൻഡുമായി നടക്കുന്ന ചർച്ചയിൽ 24 പേരുടെ പട്ടികകൂടി അന്തിമ ഘട്ടത്തിൽ. ആദ്യ ഘട്ടത്തിൽ എട്ടു മന്ത്രിമാരെ തെരഞ്ഞെടുത്തിരുന്നു.
മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമടക്കം 34 മന്ത്രിസ്ഥാനങ്ങളാണ് കർണാടക സർക്കാറിലുള്ളത്. ബുധൻ, വ്യാഴം ദിവസങ്ങളിലായി നടന്ന മാരത്തൺ ചർച്ചയിൽ അന്തിമ പട്ടികയിൽ തീരുമാനമായതായി അറിയുന്നു. തീരുമാനം വെള്ളിയാഴ്ച ഉച്ചക്ക് മുമ്പായി പ്രഖ്യാപിക്കുമെന്നും ശനിയാഴ്ച രാവിലെ 11.45ന് ബംഗളൂരുവിൽ രാജ്ഭവനിൽ ഗവർണർ മുമ്പാകെ സത്യപ്രതിജ്ഞ നടക്കുമെന്നുമാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. ഞായറാഴ്ചക്കുള്ളിൽ മന്ത്രിമാരുടെ വകുപ്പുകളിലും തീരുമാനമാവും.
ബുധനാഴ്ച വൈകീട്ട് മുതൽ സിദ്ധരാമയ്യയും ശിവകുമാറും മന്ത്രി പട്ടിക സംബന്ധിച്ച് ഹൈകമാൻഡുമായി ചർച്ചയിലാണ്.മന്ത്രിസ്ഥാനത്തിന് സമ്മർദവുമായി 20 എം.എൽ.എമാരും ഡൽഹിയിൽ തമ്പടിച്ചിട്ടുണ്ട്. മുസ്‍ലിം പ്രതിനിധിയായി ബിദർ നോർത്തിൽനിന്നുള്ള റഹിം ഖാൻ മന്ത്രി പട്ടികയിൽ ഉൾപ്പെട്ടതായാണ് വിവരം. കഴിഞ്ഞ കോൺഗ്രസ്-ജെ.ഡി-എസ് സഖ്യസർക്കാറിൽ യുവജന-കായിക മന്ത്രിയായിരുന്നു റഹിം ഖാൻ.
ആദ്യഘട്ട പട്ടികയിൽ ബംഗളൂരു ചാമരാജ് പേട്ടിൽനിന്നുള്ള സമീർ അഹമ്മദ് ഖാൻ ഉൾപ്പെടുകയും യു.ടി. ഖാദറിനെ സ്പീക്കറാക്കുകയും ചെയ്തതോടെ മുസ്‍ലിം പ്രാതിനിധ്യത്തിൽ മറ്റൊരു മന്ത്രിസ്ഥാനത്തിന് സാധ്യത വിരളമാണ്.ജെ.ഡി-എസ് വിട്ട് കോൺഗ്രസിലെത്തുകയും സൊറാബ സീറ്റിൽ സഹോദരനും സിറ്റിങ് എം.എൽ.എയുമായിരുന്ന കുമാർ ബംഗാരപ്പയെ പരാജയപ്പെടുത്തുകയും ചെയ്ത മധു ബംഗാരപ്പ പട്ടികയിലുണ്ട്. ബംഗളൂരുവിൽനിന്ന് കൃഷ്ണബൈരെ ഗൗഡ, ബൈരതി സുരേഷ് എന്നിവരും വനിത പ്രതിനിധിയായി ബെളഗാവിയിൽനിന്നുള്ള ലക്ഷ്മി ഹെബ്ബാൾക്കറും ഇടം പിടിച്ചു.
ഈശ്വർ ഖണ്ഡ്രെ, എച്ച്.കെ. പാട്ടീൽ, ഡി. സുധാകർ, പി.എം. നരേന്ദ്ര സ്വാമി, പുട്ടരംഗ ഷെട്ടി, കെ. വെങ്കടേശ്, മംഗാളു വൈദ്യ, ഡോ. എം.സി. സുധാകർ, ശിവലിംഗ ഗൗഡ, ശരൺപ്രകാശ് പാട്ടീൽ, ചലുവരായ സ്വാമി, എസ്.എസ്. മല്ലികാർജുൻ, ശരണ ബസപ്പ ഗൗഡ എന്നിവർക്ക് പുറമെ, അജയ്സിങ്, എച്ച്.സി. മഹോദേവപ്പ ശിവാനന്ദ് പാട്ടീൽ എന്നിവരുടെ പേരുകളും അവസാന റൗണ്ട് ചർച്ചയിൽ ഉൾപ്പെട്ടിരുന്നു.