കർണാടക ബസുകൾ കേരളത്തിലേക്കുള്ള സർവീസുകൾ നിർത്തി
text_fieldsകുമ്പള: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് കർണാടക ട്രാൻസ്പോർട്ട് ബസുകൾ കേരളത്തിലേക്കുള്ള സർവീസുകൾ താത്കാലികമായി നിർത്തിെവച്ചു.
ശനിയാഴ്ച ഇതുമായി ബന്ധപ്പെട്ട ഉന്നതതല ചർച്ചകൾക്ക് ശേഷമാണ് തീരുമാനം. കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഞായറാഴ്ച മുതൽ ഒരാഴ്ചത്തേക്ക് കേരളത്തിലേക്കുള്ള ബസ് സർവീസുകൾ നിർത്തലാക്കാൻ തീരുമാനിച്ചു. അടുത്തയാഴ്ച വീണ്ടും യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി തീരുമാനം കൈക്കൊള്ളുമെന്നും നളീൻ കുമാർ കട്ടീൽ എം. പി പറഞ്ഞു. സ്വകാര്യബസുകളും അന്തർ സംസ്ഥാന സർവ്വീസുകൾ അതിർത്തികൾ വരെ മാത്രമായി ചുരുക്കിയിട്ടുണ്ട്.
കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് കർണാകടയിൽ പ്രവേശിക്കണമെങ്കിൽ ആർ.ടി.പി.സി.ആർ നിർബന്ധമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബസ് സർവീസ് നിർത്തിയത്.
രണ്ട് ഡോസ് വാക്സിൻ എടുത്തവരും ആർ.ടി.പി.സി ആർ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണുത്തരവിൽ പറയുന്നത്. വിമാനം, ബസ്, ട്രെയിൻ, ടാക്സി, സ്വകാര്യ വാഹനങ്ങൾ എന്നിവയിൽ കേരളത്തിൽനിന്നും കർണാടകയിലേക്ക് വരുന്നവർ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
നേരത്തെ കേരളത്തിൽനിന്നും കർണാടകയിലേക്ക് വരുന്നവർക്കുള്ള ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിബന്ധനയിൽ ഇളവു വരുത്തിയിരുന്നു. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് വാക്സിൻ സർട്ടിഫിക്കറ്റ് ഹാജരാക്കി കർണാടകയിലെത്താമായിരുന്നു.വാക്സിൻ എടുക്കാത്തവർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും വേണമെന്നായിരുന്നു നിബന്ധന. ആ ഉത്തരവാണ് ഇപ്പോൾ പുതുക്കിയിറക്കിയിരിക്കുന്നത്.
വിമാനത്താവളം, റെയിൽവെ സ്റ്റേഷൻ, ജില്ല അതിർത്തികൾ തുടങ്ങിയ എല്ലാ സ്ഥലങ്ങളിലും പരിശോധന കർശനമാക്കാനും അതാത് ജില്ല ഭരണകൂടങ്ങൾക്ക് നിർദേശം നൽകി. നിയമം ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കുമെന്നും സംസ്ഥാന സർക്കാർ ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

