Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാമക്ഷേത്ര ഫണ്ട് കൊള്ള: ബി.ജെ.പി എം.എൽ.എക്കും ആർ.എസ്.എസ് നേതാവിനുമെതിരെ പരാതി

text_fields
bookmark_border
ram mandir
cancel
camera_alt

പ്രഭു ചൗഹാൻ

ബിദാർ: രാമക്ഷേത്ര നിർമാണത്തിന്റെ പേരിൽ കർണാടകയിൽനിന്ന് പിരിച്ചെടുത്ത ഫണ്ട് കൊള്ളയടിച്ചെന്ന് പരാതി. ബിദാർ ജില്ലയിലെ ഔരാദ് താലൂക്കിൽ നിന്നുള്ള ദീപക് എന്ന വ്യക്തിയാണ് ഉത്തർപ്രദേശിലെ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകിയത്.

ബി.ജെ.പി എം.എൽ.എ പ്രഭു ചൗഹാൻ, ആർ.എസ്.എസ് നേതാവ് ഗോപാൽ എന്നിവർക്കെതിരെയാണ് ആരോപണം. ക്ഷേത്ര നിർമാണത്തിനായി കരാറുകാരിൽ നിന്ന് വൻതോതിൽ പണം പിരിച്ചെടുക്കുകയും, എന്നാൽ ഈ തുക രാമക്ഷേത്ര ട്രസ്റ്റിന് കൈമാറാതെ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.

ആദ്യം രസീതുകളൊന്നും നൽകാതെ 5 ലക്ഷം രൂപ പിരിച്ചെടുത്ത ഇവർ പിന്നീട് കോടിക്കണക്കിന് രൂപയാണ് സമാഹരിച്ചത്. ഈ പണം രാമക്ഷേത്ര ട്രസ്റ്റിലേക്ക് കൈമാറുന്നതിന് പകരം റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിച്ചതായും പരാതിക്കാരൻ ആരോപിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട രേഖകൾ തന്റെ പക്കലുണ്ടെന്നും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാക്കാൻ തയാറാണെന്നും ദീപക് വ്യക്തമാക്കി.

വിജയ് വിശ്വാസ് പന്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരാതി പരിശോധിക്കുന്നത്. ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് പരാതിയിലെ ആവശ്യം. അതേസമയം, എം.എൽ.എ പ്രഭു ചൗഹാനോ ആർ.എസ്.എസ് നേതാവോ ഈ വിഷയത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പരാതിയിലെ വാദങ്ങളും തെളിവുകളും പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ഇതിനിടെ, അയോധ്യ രാമക്ഷേത്രത്തിലേക്ക് ഭക്തർ നൽകിയ കാണിക്കയും സംഭാവനകളുമായി നൽകിയ കോടികൾ വിലമതിക്കുന്ന വസ്തുക്കൾ കൊള്ളയടിച്ച സംഭവത്തിൽ ആർ.എസ്.എസ് നേരിട്ട് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മോഹൻ ഭാഗവതിന്റെ നിർദേശപ്രകാരം യു.പിയിലെ കിഴക്കൻ മേഖല പ്രചാരക് അനിൽജിയുടെ നേതൃത്വത്തിൽ അയോധ്യയിൽ ക്യാമ്പ് ചെയ്താണ് അന്വേഷണം പുരോഗമിക്കുന്നത്.

അയോധ്യയിലെ പ്രമുഖ സന്യാസിമാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് തയാറാക്കുന്ന റിപ്പോർട്ട് ഉടൻ മോഹൻ ഭാഗവതിന് സമർപ്പിക്കും. നേരത്തേ, മുതിർന്ന ആർ.എസ്.എസ് നേതാവ് ഭയ്യാജി ജോഷിയും വിവരങ്ങൾ ശേഖരിച്ച് പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശപര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിൽ അഴിച്ചുപണി ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം, കേസിൽ അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിലുള്ള എട്ട് പ്രതികളുടെ വസതികളിൽ പ്രത്യേക സംഘം ഒരേസമയം റെയ്ഡ് നടത്തി. അനുരൂപ് മിശ്ര, അവിനാഷ് ശുക്ല, മനീഷ് യാദവ്, രാംശങ്കർ (ടിന്നു യാദവ്) എന്നിവരുൾപ്പെടെയുള്ളവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ ഏഴ് പേരിൽ നിന്നായി ഏകദേശം 79 ലക്ഷം രൂപ കണ്ടെടുത്തു. ട്രസ്റ്റ് ജനറൽ സെക്രട്ടറിയായിരുന്ന ചമ്പത് റായിയുടെ മുൻ ഡ്രൈവറാണ് രാംശങ്കർ.

ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്), അഴിമതി നിരോധന നിയമം എന്നിവ പ്രകാരം കേസെടുത്ത പൊലീസ്, സംഭവത്തിൽ കൂടുതൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും പരിശോധിച്ചുവരികയാണ്. ക്ഷേത്രത്തിലെ പണമിടപാടുകളിൽ സുതാര്യത ഉറപ്പാക്കുന്നതിൽ വലിയ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന വിലയിരുത്തലിലാണ് അധികൃതർ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Karnataka BJP MLA faces Ram Mandir donation complaint
Next Story