Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅകത്തും പുറത്തും...

അകത്തും പുറത്തും പുകഞ്ഞ് കർണാടക ബി.ജെ.പി

text_fields
bookmark_border
യെദിയൂരപ്പ, കുമാരസ്വാമി
cancel
camera_alt

യെദിയൂരപ്പ, കുമാരസ്വാമി

ബംഗളൂരു: 2021 ജൂലൈ 26ന് മുഖ്യമന്ത്രി പദത്തിൽനിന്ന് ബി.എസ്. യെദിയൂരപ്പയെ നിർബന്ധിച്ച് പടിയിറക്കി കർണാടക ബി.ജെ.പിയുടെ കടിഞ്ഞാൺ പിടിച്ചെടുക്കാൻ ശ്രമിച്ച നേതൃത്വത്തിന് ഗത്യന്തരമില്ലാതെ യെദിയൂരപ്പയിലേക്കുതന്നെ പാർട്ടിയെ കേന്ദ്രീകരിക്കേണ്ടിവരുന്നു എന്നതാണ് കന്നട നാട്ടിലെ ലോക്സഭ തെരഞ്ഞെടുപ്പുരംഗത്തെ കൗതുകം.

കഴിഞ്ഞ വർഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട് ഭരണം കൈവിട്ടത് പാർട്ടിയിലുണ്ടാക്കിയ പ്രതിസന്ധി മറികടക്കാനാണ് ബി.ജെ.പി ശ്രമം. പക്ഷേ, നേതാക്കൾക്കിടയിലും ജെ.ഡി-എസുമായുള്ള സഖ്യത്തിലും അസ്വാരസ്യങ്ങൾ പുകയുമ്പോൾ, ബി.ജെ.പി എത്ര സീറ്റ് നിലനിർത്തുമെന്നതാണ് ചോദ്യം.

ആകെയുള്ള 28 സീറ്റിൽ 25 എണ്ണം നിലവിൽ ബി.ജെ.പിക്കൊപ്പമാണ്. സിറ്റിങ് സീറ്റുകൾ നിലനിർത്താനാകുമെന്ന് ബി.ജെ.പിക്ക് ആത്മവിശ്വാസമില്ല. അതുകൊണ്ടാണ്, നിയമസഭ തെരഞ്ഞെടുപ്പിനുപിന്നാലെ അസ്തിത്വ പ്രതിസന്ധിയിലായ ജെ.ഡി-എസിനെയും സഹസ്രകോടികളുടെ അഴിമതിക്കേസുകളുടെ പേരിൽ പാർട്ടിയുടെ പൊതുവേദിയിൽനിന്ന് മാറ്റിനിർത്തിയ ഗാലി ജനാർദന റെഡ്ഡിയെയും യെദിയൂരപ്പ കൂടെ കൂട്ടിയത്.

കർണാടക രാഷ്ട്രീയത്തിൽ യെദിയൂരപ്പ എന്ന അപ്പാജിക്കു ചുറ്റുംതന്നെയാണ് ബി.ജെ.പി ഇപ്പോഴും ഭ്രമണം ചെയ്യുന്നത്. പരിചയസമ്പന്നരായ നേതാക്കളുണ്ടായിട്ടും യെദിയൂരപ്പയുടെ ഇളയ മകൻ ബി.വൈ. വിജയേന്ദ്ര കർണാടക അധ്യക്ഷ പദവിയിലെത്തിയതുമങ്ങനെയാണ്.

പക്ഷേ, ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പിൽ പതിവിലേറെ വിമത ശബ്ദമുയരുന്നു എന്നതാണ് ബി.ജെ.പി നേരിടുന്ന പ്രതിസന്ധി. ജെ.ഡി-എസുമായുള്ള സഖ്യം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന വിലയിരുത്തലും പാർട്ടിക്കകത്തുണ്ട്. ബി.ജെ.പിയുമായുള്ള സഖ്യത്തിന് ജെ.ഡി-എസിനകത്തും മുറുമുറുപ്പുണ്ട്.

എം.എൽ.സിമാരും മുൻ എം.എൽ.എമാരുമായി ഒരുപറ്റം നേതാക്കൾ ഇരു പാർട്ടികളും വിട്ട് കോൺഗ്രസിലേക്ക് ചേക്കേറിക്കഴിഞ്ഞു. എസ്.ടി. സോമശേഖർ, ശിവറാം ഹെബ്ബാർ എന്നീ ബി.ജെ.പി എം.എൽ.എമാർ കോൺഗ്രസ് കുപ്പായം തയ്പിച്ച് കാത്തിരിപ്പാണ്. മകന് സീറ്റു നൽകാത്തതിനെചൊല്ലി മുതിർന്ന നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ കെ.എസ്. ഈശ്വരപ്പ ഉയർത്തിയ കലാപക്കൊടി താഴ്ന്നിട്ടില്ല.

ശിവമൊഗ്ഗയിലെ സിറ്റിങ് എം.പിയും യെദിയൂരപ്പയുടെ മൂത്തമകനുമായ ബി.വൈ. രാഘവേന്ദ്രക്കെതിരെ ഈശ്വരപ്പ മത്സരരംഗത്തുണ്ട്. രാഷ്ട്ര ഭക്തര ബളഗ (ദേശസ്നേഹി കൂട്ടായ്മ) എന്ന പേരിൽ സ്വതന്ത്രനായാണ് ഈശ്വരപ്പ വോട്ടുതേടുന്നത്.

യെദിയൂരപ്പയുടെ അനുയായിയായ കേന്ദ്രമന്ത്രി ശോഭ കരന്ത്‍ലാജെക്കെതിരെ സിറ്റിങ് മണ്ഡലമായ ഉഡുപ്പി ചിക്കമഗളൂരുവിൽ സ്ഥാനാർഥി പ്രഖ്യാപനത്തിനുമുമ്പേ ബി.ജെ.പി നേതാക്കളും പ്രവർത്തകരും ഓഫിസ് ഉപരോധമടക്കം നടത്തിയിരുന്നു. ശോഭയെ ബംഗളൂരു നോർത്തിലേക്ക് മാറ്റിയപ്പോൾ സിറ്റിങ് എം.പിയും മുൻമുഖ്യനുമായ സദാനന്ദ ഗൗഡ ഇടഞ്ഞു.

ബംഗളൂരു നോർത്ത് മണ്ഡലത്തിൽ ശോഭക്ക് സീറ്റുറപ്പിക്കാൻ യെദിയൂരപ്പ നടത്തിയ ഇടപെടലാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. അക്കാര്യം ഗൗഡ വെട്ടിത്തുറന്ന് പറയുകയും ചെയ്തു. ഒരു കുടുംബത്തിന്റെ പിടിയിൽനിന്ന് കർണാടക ബി.ജെ.പിയെ ശുദ്ധീകരിക്കേണ്ടതുണ്ടെന്നായിരുന്നു യെദിയൂരപ്പയെ ലാക്കാക്കി അദ്ദേഹം കമന്റ് തൊടുത്തത്.

നളിൻ കുമാർ കട്ടീൽ, അനന്ത് കുമാർ ഹെഗ്ഡെ, പ്രതാപ് സിംഹ, സി.ടി. രവി തുടങ്ങിയവരെ പട്ടികയിൽനിന്ന് തള്ളാൻ യെദിയൂരപ്പ ചരടുവലിച്ചതായാണ് ആരോപണമുയർന്നത്. കൊപ്പാലിൽ സിറ്റിങ് എം.പി കാരാടി സംഗണ്ണയെ തഴഞ്ഞതിനെതിരെ അദ്ദേഹത്തിന്റെ അനുയായികൾ ബി.ജെ.പി ജില്ല ഓഫിസ് തന്നെ അടിച്ചുതകർത്തു. സംഗണ്ണ സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങുകയാണ്.

ദാവൻകരെയിൽ സിറ്റിങ് എം.പി ജി.എം. സിദ്ധേശ്വരയുടെ ഭാര്യ ഗായത്രി സിദ്ധേശ്വരക്ക് സീറ്റ് നൽകിയതിനെതിരെ മുൻ മന്ത്രിമാരായ എം.പി. രേണുകാചാര്യ, രവീന്ദ്രനാഥ്, ജി. കരുണാകര റെഡ്ഡി തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രതിഷേധത്തിലാണ്.

ചിക്കബല്ലാപുരയിൽ മുൻ മന്ത്രി ​കെ. സുധാകറിനെതിരെ ബി.ജെ.പി പ്രവർത്തകർ പരസ്യമായി രംഗത്തുണ്ട്. തുമകൂരു സീറ്റിൽ മുൻ മന്ത്രി വി. സോമണ്ണക്കെതിരെ മുൻമന്ത്രി ജെ. മധുസ്വാമിതന്നെയാണ് പ്രതിഷേധം നയിക്കുന്നത്. കോൺഗ്രസിൽനിന്ന് മടങ്ങിയെത്തിയ ജഗദീഷ് ഷെട്ടറിന് സ്വന്തം തട്ടകമായ ധാർവാഡിനുപകരം ബെളഗാവിയാണ് നേതൃത്വം നൽകിയത്.

ഷെട്ടറിനെതിരെ മണ്ഡലത്തിൽ ഒരുവിഭാഗം പ്രവർത്തകർ ഗോബാക്ക് വിളി തുടങ്ങിക്കഴിഞ്ഞു. ധാർവാർഡ് മണ്ഡലത്തിൽ കേന്ദ്ര മന്ത്രി പ്രൾഹാദ് ജോഷിയെ മാറ്റാൻ ലിംഗായത്ത് സ്വാമിമാർ തന്നെ രംഗത്തിറങ്ങിയിട്ടുണ്ട്. ഷെട്ടറിന്റെ സ്വാധീനത്തിലാണ് ലിംഗായത്ത് സ്വാമിമാരുടെ ഇറങ്ങിപ്പുറപ്പെടൽ.

അടുത്ത മാസം രണ്ടിന് വീണ്ടും യോഗം ചേർന്ന് തുടർപ്രവർത്തനത്തിന് രൂപം നൽകുമെന്ന് സ്വാമിമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എല്ലാവരെയും അനുനയിപ്പിക്കാൻ യെദിയൂരപ്പയും മകൻ വിജയേന്ദ്രയും സംസ്ഥാനത്ത് ഓടിനടക്കുകയാണ്.

സഖ്യത്തെ ഉൾക്കൊള്ളാൻ ബി.ജെ.പിയിലെയും ജെ.ഡി-എസിലെയും പല നേതാക്കൾക്കും കഴിഞ്ഞിട്ടില്ല. തുമകൂരുവിൽ ബി.ജെ.പി-ജെ.ഡി-എസ് നേതാക്കൾ പൊതുവേദിയിൽ പരസ്പരം തമ്മിലടിച്ച സംഭവമുണ്ടായി. മാണ്ഡ്യ സീറ്റ് ജെ.ഡി-എസിന് വിട്ടുനൽകിയതിൽ പ്രതിഷേധിച്ച് മുൻ മന്ത്രി ​കെ.സി. നാരായണ ഗൗഡ ബി.ജെ.പി വിട്ട് കോൺഗ്രസിലേക്ക് പോകാനൊരുങ്ങുകയാണ്.

ജെ.ഡി-എസിന്റെ എച്ച്.ഡി. കുമാരസ്വാമിയാണ് സഖ്യ സ്ഥാനാർഥി. കഴിഞ്ഞ തവണ ബി.ജെ.പി പിന്തുണച്ച സ്വതന്ത്ര സ്ഥാനാർഥിയായ നടി സുമലതയാണ് മാണ്ഡ്യയിലെ സിറ്റിങ് എം.പി. ഇത്തവണയും സുമലത സ്വതന്ത്രയായി മത്സരിച്ചാൽ മാണ്ഡ്യ അഭിമാനപോരാട്ടത്തിന്റെ സീറ്റായി മാറും. സഖ്യ സ്ഥാനാർഥിയായ കുമാരസ്വാമിക്ക് മാണ്ഡ്യയിൽ തോൽവി പിണഞ്ഞാൽ സഖ്യത്തിന്റെയും യെദിയൂരപ്പയുടെയും നിലനിൽപിനെ അത് ബാധിക്കും.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-ജെ.ഡി-എസ് സഖ്യം ഇരു പാർട്ടികൾക്കും ദോഷം ചെയ്തതുപോലെ ഇത്തവണ ബി.ജെ.പി-ജെ.ഡി-എസ് സഖ്യം മാറുമെന്നതാണ് പ്രചാരണത്തിന്റെ തുടക്കത്തിലേ ലഭിക്കുന്ന സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian PoliticsIndia NewsBJPLok Sabha Elections 2024
News Summary - Karnataka BJP is troubled inside and outside
Next Story