Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോൺഗ്രസ് വാക്ക് പാലിക്കണം; ഖാർഗെയെ കണ്ട് ബിഷപ്പുമാർ, മതംമാറ്റ നിരോധന നിയമം റദ്ദാക്കുമെന്ന വാഗ്ദാനം ഓർമിപ്പിച്ചു

text_fields
bookmark_border
https://www.madhyamam.com/tags/karnataka-govt
cancel
camera_alt

ബിഷപ്പുമാരുടെ സംഘം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ സന്ദർശിച്ചപ്പോൾ

ബംഗളൂരു: കർണാടകയിൽ മുൻ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന മതപരിവർത്തന നിരോധന നിയമം പിൻവലിക്കണമെന്ന ആവശ്യം ആവർത്തിച്ച് ബിഷപ്പുമാരുടെ സംഘം. ബംഗളൂരു ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോയുടെ നേതൃത്വത്തിലുള്ള സംഘം, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കണ്ട്, 2023ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺ​ഗ്രസ് നൽകിയ വാഗ്ദാനം ഓർമിപ്പിച്ചു.

ബസവരാജ് ബൊമ്മെ സർക്കാർ നടപ്പാക്കിയ കർണാടക പ്രൊട്ടക്ഷൻ ഓഫ് റൈറ്റ് ടു ഫ്രീഡം ഓഫ് റിലിജിയൻ ആക്ട്, 2022 റദ്ദാക്കാൻ 2023 ജൂണിൽ സിദ്ധരാമയ്യ മന്ത്രിസഭ തീരുമാനിച്ചിട്ടും ഇപ്പോഴും യാഥാർഥ്യമായിട്ടില്ല. അന്ന് നിയമസഭ കൗൺസിലിൽ കോൺഗ്രസിന് ഭൂരിപക്ഷമില്ലാതിരുന്നതിനാൽ, ബിൽ അവതരിപ്പിക്കാനാകില്ലെന്നാണ് സർക്കാർ കാരണമായി പറഞ്ഞത്. എന്നാൽ, ഇപ്പോൾ കൗൺസിലിൽ പാർട്ടിക്ക് മതിയായ ഭൂരിപക്ഷമുണ്ടെന്ന കാര്യം ബിഷപ്പുമാർ ചൂണ്ടിക്കാട്ടി.

2022 സെപ്റ്റംബർ 30 ന് മതപരിവർത്തന നിരോധന നിയമം പ്രാബല്യത്തിൽ വന്നശേഷം ക്രൈസ്തവർക്കും മുസ്‍ലിംകൾക്കും നേരെ വ്യാപകമായി ദുരുപയോഗം ചെയ്തിരുന്നു. ഏത് തരത്തിലുള്ള മതംമാറ്റവും നിയമത്തിന്റെ പരിധിയിൽ വരത്തക്കവിധമാണ് ഇതിൽ വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചിട്ടുള്ളത്. സാധാരണ രീതിയിലുള്ള പ്രണയവും അതേത്തുടർന്നുള്ള വിവാഹവും അടക്കം പൊലീസ് നിയമത്തിന്റെ കീഴിലാക്കി കേസുകൾ രജിസ്റ്റർ ചെയ്തു.

നിയമപ്രകാരം ആദ്യം അറസ്റ്റിലായത് ബംഗളൂരു യശ്വന്ത്പുർ ബി.കെ. നഗർ സ്വദേശിയായ സെയ്ദ് മോയിൻ (24) ആയിരുന്നു. തന്‍റെ മകളെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് മതംമാറ്റിയെന്ന 19കാരിയുടെ മാതാവിന്റെ പരാതിയിലായിരുന്നു കേസ്. സംഘ്പരിവാർ നേതാക്കളായിരുന്നു പലപ്പോഴും പരാതിക്കാർ. ഇതോടെ നിജഃസ്ഥിതി പോലും അന്വേഷിക്കാതെ നിരപരാധികൾക്കെതിരെ പൊലീസ് നിയമത്തിന്റെ വാളോങ്ങി.

മതംമാറ്റത്തിന് പ്രേരിപ്പിക്കുന്നുവെന്ന് പറഞ്ഞ് ക്രിസ്ത്യൻ പുരോഹിതർക്കു നേരെയും നിയമം വ്യാപകമായി പ്രയോഗിച്ചിരുന്നു. ലഘുലേഖ വിതരണം ചെയ്ത സംഭവങ്ങളിൽപോലും നിയമത്തിലെ കടുത്ത വകുപ്പുകൾ ചുമത്തി. മാണ്ഡ്യ കെ.എം. ദൊഡ്ഡിയിലെ ക്രിസ്ത്യൻ പള്ളിക്ക് സമീപത്തെ ഭാരതി കോളജ് പരിസരത്ത് ലഘുലേഖകൾ വിതരണം ചെയ്ത അഞ്ചുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

നിയമം ക്രിസ്ത്യാനികൾക്ക് നേരെയാണ് പ്രയോഗിക്കുന്നതെന്നും മതസൗഹാർദത്തിന് ഇത് ഭീഷണിയാണെന്നും ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. സ്വന്തം വിശ്വാസം തെരഞ്ഞെടുക്കാൻ വ്യക്തികൾക്ക് സ്വാതന്ത്ര്യം ഉണ്ടായിരിക്കെ, മതപരിവർത്തന നിയമം റദ്ദാക്കണമെന്നും വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നുമാണ് ബിഷപ്പുമാരു​ടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story