ബംഗളൂരു: മഹാദായി നദീജല പദ്ധതി നടപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണം എന്നാവശ്യപ്പെട്ട് വ്യാഴാഴ്ച കർണാടകയിൽ ബന്ദ് നടത്തും. വിവിധ കന്നട സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ബന്ദ്. ബി.ജെ.പി പരിവർത്തനയാത്രയുടെ സമാപനസമ്മേളനത്തിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്ന ഫെബ്രുവരി നാലിന് ബംഗളൂരു ബന്ദും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ജയ് കർണാടക ഉൾപ്പെടെയുള്ള 70ഓളം കന്നട സംഘടനകൾ വ്യാഴാഴ്ചയിലെ ബന്ദിനെ പിന്തുണക്കില്ലെന്ന് അറിയിച്ചു. ഗോവയുമായി മഹാദായി ജലം പങ്കിടുന്നതു സംബന്ധിച്ചുള്ള പ്രശ്നത്തിൽ പ്രധാനമന്ത്രി ഇടപെടാൻ തയാറായാൽ ബന്ദ് പിൻവലിക്കുമെന്ന് കന്നട അനുകൂല സംഘടനകളുടെ കൂട്ടായ്മ അറിയിച്ചിരുന്നു. ബന്ദിനെ പിന്തുണക്കില്ലെന്ന് ജനതാദൾ എസ് അറിയിച്ചു. ബന്ദ് കോൺഗ്രസ് സ്പോൺസർ ചെയ്യുന്നതാണെന്ന് ബി.ജെ.പി ആരോപിച്ചു.