കർണാടകയിൽ ‘ആശ’മാർക്ക് വേതനം വർധിപ്പിച്ചത് മുൻകാല പ്രാബല്യത്തോടെ; സമരം നയിച്ചത് എ.ഐ.യു.ടി.യു.സി
text_fieldsകർണാടകയിലെ ‘ആശ’മാർ വേതനവർധന ആവശ്യപ്പെട്ട് ജനുവരിയിൽ നടത്തിയ അവകാശ പോരാട്ട സമരം
മംഗളൂരു: കേരളത്തേതിന് സമാനമായി കർണാടകയിലെ ‘ആശ’മാരും വേതനവർധന ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ ജനുവരിയിൽ അവകാശ പോരാട്ട സമരം നടത്തി. മൂന്നുനാൾ സമരം ചെയ്തപ്പോഴേക്കും സിദ്ധരാമയ്യ നയിക്കുന്ന കോൺഗ്രസ് സർക്കാർ ആശമാരുടെ ആവശ്യങ്ങൾ കേട്ടു. എസ്.യു.സി.ഐയുടെ ട്രേഡ് യൂനിയൻ വിഭാഗമായ എ.ഐ.യു.ടി.യു.സിയുടെ ഉറച്ച നേതൃത്വം പകർന്ന കരുത്തിൽ സമരക്കാർ ലക്ഷ്യം കാണുകയും ചെയ്തു.
നിലവിൽ സംസ്ഥാനത്തെ 42,000 ആശ (അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ്) പ്രവർത്തകർക്ക് പ്രതിമാസം 10,000 രൂപയാണ് ഓണറേറിയം. രോഗാവസ്ഥയിൽ മൂന്ന് മാസം വേതനത്തോടെയുള്ള അവധി ആനുകൂല്യം ലഭിക്കും. അധിക ജോലിക്ക് പ്രോത്സാഹനവുമുണ്ട്. വിരമിക്കൽ ആനുകൂല്യം സർക്കാറിന്റെ പരിഗണനയിലാണ്.
പ്രതിമാസം 15,000 രൂപ ഓണറേറിയവും മറ്റാനുകൂല്യങ്ങളും ആവശ്യപ്പെട്ട് ഈ വർഷം ജനുവരിയിൽ നടത്തിയ സമരത്തിന്റെ ഫലമായാണ് സർക്കാർ കഴിഞ്ഞ ഏപ്രിൽ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചത്.
ജനുവരി ഏഴിന് ബംഗളൂരു ഫ്രീഡം പാർക്കിൽ ആരംഭിച്ച അനിശ്ചിതകാല സമരം മൂന്ന് ദിവസമേ നീണ്ടുള്ളൂ. ജനുവരി 10ന് സംസ്ഥാന സർക്കാർ അവരിലേക്ക് ഇറങ്ങിവന്നു. സമരം ചൂടേറും മുമ്പ് ആരോഗ്യ കമീഷണർ കെ.ബി. ശിവകുമാർ സമരക്കാരെ സംബോധന ചെയ്ത് സർക്കാർ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. പിറ്റേന്ന് മുതൽ ആശമാർ ആരോഗ്യ പ്രവർത്തനങ്ങളിൽ കണ്ണികളായി.
കേന്ദ്ര സർക്കാർ- 2000 രൂപ, സംസ്ഥാന സർക്കാർ- 5000 രൂപ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നടത്തുന്ന അധിക ജോലികൾക്ക്- 1500 രൂപ എന്നിങ്ങിനെയായിരുന്നു സമരത്തിന് മുമ്പ് ആശമാർക്കുള്ള ആനുകൂല്യങ്ങൾ. കർണാടക സർക്കാർ വരുത്തിയ പരിഷ്കരണത്തിലൂടെ അധിക ജോലി ആനുകൂല്യം ഉൾപ്പെടെ 11,500 രൂപ ലഭിക്കും.
സംസ്ഥാന വിഹിതം 8,000 രൂപയായി ഉയർത്തണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടിരുന്നു. 15,000 രൂപ നിശ്ചിത ഓണറേറിയം, നഗര തൊഴിലാളികൾക്ക് 2,000 രൂപ അധിക വേതനം, ഒറ്റത്തവണ വിരമിക്കൽ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ, വാർഷിക ആരോഗ്യ പരിശോധനകൾ എന്നിവയായിരുന്നു അവരുടെ മറ്റ് ആവശ്യങ്ങൾ. എ.ഐ.യു.ടി.യു.സി സംസ്ഥാന സെക്രട്ടറി ഡി. നാഗലക്ഷ്മിയാണ് കർണാടകയിലെ ആശ പ്രവർത്തകരുടെ പോരാട്ടം നയിച്ചത്. ആശ ആവശ്യങ്ങൾ നിറവേറ്റുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് പ്രതിവർഷം 170 കോടി രൂപ മാത്രമേ ചെലവാകൂ എന്ന് നാഗ ലക്ഷ്മി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

