ആർ.കെ സ്റ്റുഡിയോ കപൂർ കുടുംബം വിൽക്കുന്നു
text_fieldsമുംബൈ: ഹിന്ദി സിനിമകളുടെ മുഖഛായ മാറ്റിയെഴുതിയ പ്രശസ്തമായ ആർ.കെ സ്റ്റുഡിയോ കപൂർ കുടുംബം കൈവെടിയുന്നു. 1948ൽ ചെമ്പൂരിലെ രണ്ട് ഏക്കർ ഭൂമിയിൽ രാജ് കപൂർ നിർമിച്ചതാണ് നിരവധി സിനിമകൾക്കും പരസ്യ, ചാനൽ പരമ്പരകൾക്കും വേദിയായ ആർ.കെ സ്റ്റുഡിയോ. കഴിഞ്ഞവർഷം തീപിടിത്തത്തിൽ സ്റ്റുഡിയോയിലെ പ്രധാനവേദിയും പഴയകാല സിനിമകളുടെ ഒാർമക്കായി കരുതിവെച്ച വസ്തുവകകളും കത്തിയമർന്നു.
ഇനി സ്റ്റുഡിയോ പുതുക്കിപ്പണിയേണ്ടതില്ലെന്ന് കപൂറുമാർ തീരുമാനിച്ചതായി രാജ് കപൂറിെൻറ മകനും നടനുമായ ഋഷി കപൂർ ‘മുംബൈ മിറർ’ പത്രത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വൈകാരികത ഏറെയുള്ള ഞങ്ങൾ ഹൃദയം കല്ലാക്കിയാണ് തീരുമാനം കൈക്കൊണ്ടതെന്നും ചാരത്തിൽനിന്ന് പുനർജനിക്കാൻ ഫീനിക്സ് പക്ഷിക്ക് എല്ലായ്പോഴും സാധിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. വർഷങ്ങളായി നഷ്ടത്തിലാണ് സ്റ്റുഡിയോ. തീപിടിത്തത്തിനുശേഷം പുനർനിർമിക്കാൻ മുടക്കുന്നത് തിരിച്ചുപിടിക്കാനുള്ള വരവ് ഉണ്ടാകില്ലെന്നതും തീരുമാനത്തിന് പ്രേരിപ്പിച്ചതായി ഋഷി കപൂർ പറയുന്നു. അമ്മ കൃഷ്ണ രാജ്കുമാർ, സഹോദരങ്ങളായ രൺധീർ, രാജീവ്, ഋതു, റീമ എന്നിവരുമായി ചേർന്നാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.