'ഭരണമാറ്റം ആഗ്രഹിക്കുന്നത് ജനങ്ങൾ';രാജ്നാഥ് സിങ്ങിനെയും ബിജെപിയെയും കടന്നാക്രമിച്ച് കപിൽ സിബൽ
text_fieldsകപിൽ സിബൽ
ന്യൂഡൽഹി: ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ ഭരണമാറ്റം കൊണ്ടുവരാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ ആരോപണത്തിന് മറുപടിയുമായി മുതിർന്ന അഭിഭാഷകനും രാജ്യസഭാംഗവുമായ കപിൽ സിബൽ. രാജ്യത്ത് ഭരണമാറ്റം ആഗ്രഹിക്കുന്നത് ജനങ്ങളാണെന്നും അഴിമതിയെ കൂട്ടുപിടിച്ചും സ്ഥാപനങ്ങളെ വരുതിയിലാക്കിയും വോട്ടർ പട്ടികയിൽ കൃത്രിമം കാട്ടിയത് ബി.ജെ.പി സർക്കാറാണെന്നും കപിൽ സിബൽ എക്സിൽ കുറിച്ചു.
'രാജ്നാഥ് സിങ്, ബംഗ്ലാദേശ് മാതൃകയിൽ കോൺഗ്രസ് ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നാണ് താങ്കളുടെ ആരോപണം. അല്ല, ജനങ്ങൾക്കാണ് ഭരണമാറ്റം വേണ്ടത്. ‘അഴിമതിക്കെതിരെ ഇന്ത്യ’ എന്ന മുദ്രാവാക്യവുമായുള്ള പ്രക്ഷോഭങ്ങളാണ് നിങ്ങളെ അധികാരത്തിലെത്തിച്ചത്. പിന്നീട് നിങ്ങൾ അഴിമതിയെ സ്വീകരിച്ചു, സ്ഥാപനങ്ങൾ പിടിച്ചെടുത്തു, വോട്ടർപട്ടികയിൽ കൃത്രിമം കാണിച്ചു. ഇനി പോകേണ്ട സമയമാണ്,” എന്നായിരുന്നു സിബലിന്റെ കുറിപ്പ്.
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ‘ഭരണമാറ്റത്തിനായുള്ള പോരാട്ടം’ എന്ന് വിശേഷിപ്പിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. ബംഗ്ലാദേശിലെ ജെൻ സി പ്രസ്ഥാനത്തെക്കുറിച്ച് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) പ്രസിഡന്റ് നേഹ ബോറ നടത്തിയ പരാമർശവും ബി.ജെ.പി ചർച്ചയാക്കിയിരുന്നു.
ഈ പരാമർശങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാരിനെ ജനവിധിയില്ലാതെ അധികാരത്തിൽനിന്ന് നീക്കാനുള്ള ശ്രമത്തിന്റെ സൂചനകളാണെന്നാണ് ബി.ജെ.പിയുടെ നിലപാട്. പിന്നാലെ കോൺഗ്രസും സഖ്യകക്ഷികളും ഇന്ത്യയിൽ ബംഗ്ലാദേശിന് സമാനമായ രാഷ്ട്രീയ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് രാജ്നാഥ് സിങ് ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളല്ല, രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കുകയാണ് പ്രതിഷേധങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ലഖ്നൗവിൽ സംസാരിക്കവെ, വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയായ എസ്.ഐ.ആറിനെയോ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ രാജിയെയോ ചുറ്റിപ്പറ്റിയുള്ളതല്ല പ്രക്ഷോഭമെന്ന് സിങ് അവകാശപ്പെട്ടു. രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ യുവാക്കളെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും അദ്ദേഹം വിമർശനമുന്നയിച്ചു. രാഷ്ട്രീയ തടസ്സങ്ങൾ സൃഷ്ടിക്കുന്ന നിലപാടാണ് രാഹുൽ സ്വീകരിക്കുന്നതെന്ന് ആരോപിച്ച സിങ്, 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ നൽകിയ ജനവിധിയെ പ്രതിപക്ഷം മാനിക്കണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

