Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഞാൻ ഈ രാജ്യത്തെ പൗരനല്ലേ?'; എസ്.ഐ.ആർ നോട്ടീസിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി കപിൽ സിബൽ

text_fields
bookmark_border
ഞാൻ ഈ രാജ്യത്തെ പൗരനല്ലേ?; എസ്.ഐ.ആർ നോട്ടീസിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി കപിൽ സിബൽ
cancel

ന്യൂഡൽഹി: പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി പൗരത്വം തെളിയിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചതിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി രാജ്യസഭാ എം.പിയും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ.

തന്റെ പൗരത്വം "സംശയാസ്പദമായി" മാറിയോ എന്ന് പരിഹസിച്ച അദ്ദേഹം, വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ വെട്ടിമാറ്റുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കുന്ന നടപടികൾ സുപ്രീം കോടതിയിൽ എത്തുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

"ഞാൻ ജ്ഞാനേഷ് കുമാറിനോട് ചോദിക്കാൻ ആഗ്രഹിക്കുന്നു, നിങ്ങൾ എനിക്ക് എങ്ങനെയാണ് നോട്ടീസ് അയച്ചത്? ഞാൻ ഈ രാജ്യത്തെ പൗരനല്ലേ? 2002-ൽ ഞാൻ രാജ്യസഭാ അംഗമായിരുന്നു. അവർ എനിക്ക് ഭൗതികമായി ഒരു നോട്ടീസ് പോലും അയച്ചില്ല. ഞാൻ അത് വെബ്‌സൈറ്റിലാണ് കണ്ടത്. ഇതാണ് അവരുടെ പ്രവർത്തനം," അദ്ദേഹം വ്യക്തമാക്കി.

അർഹരായ വോട്ടർമാരുടെ പേരുകൾ ഏകപക്ഷീയമായി വെട്ടിമാറ്റുകയോ പരിശോധനയ്ക്ക് വിധേയമാക്കുകയോ ചെയ്യുന്നുവെന്നും മുൻമന്ത്രികൂടിയായ കപിൽ സിബൽ ആരോപിച്ചു."ആദ്യം ഞാൻ ജ്ഞാനേഷ് കുമാറിനെ അഭിനന്ദിക്കുന്നു. എന്റെ പൗരത്വം സംശയാസ്പദമാണെന്നാണ് അദ്ദേഹം കരുതുന്നത്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കാരണം ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് ജ്ഞാനേഷ് കുമാറിന് മുന്നിൽ വസ്തുതകൾ വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ജ്ഞാനേഷ് കുമാർ ആളുകളുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് എങ്ങനെ നീക്കം ചെയ്യുന്നു എന്ന വിഷയം സുപ്രീം കോടതിയിൽ എത്തുമെന്ന് ഞാൻ കരുതുന്നു," സിബൽ പറഞ്ഞു.

പ്രാദേശിക തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി താൻ വോട്ടർപട്ടിക വെരിഫിക്കേഷൻ നടപടികൾ കൃത്യമായി പൂർത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി."എന്റെ പേര് ഡ്രാഫ്റ്റ് രജിസ്റ്ററിലുണ്ട്. ഞാൻ ഒരു എം.പി ആയതുകൊണ്ടാണ് അത് അവിടെയുള്ളത്. അന്ന് ഞാൻ പട്നയിലാണ് വോട്ട് ചെയ്തിരുന്നത്. എന്റെ പിതാവിന്റെ പേരും നിങ്ങൾക്ക് കാണാം. ബി.എൽ.ഒ ഇവിടെയെത്തിയപ്പോൾ ഞാൻ ഫോം പൂരിപ്പിച്ചു നൽകി. എന്റെ ഒപ്പും ബി.എൽ.ഒയുടെ ഒപ്പും നിങ്ങൾക്ക് ഇവിടെ കാണാം. പിന്നെ എനിക്ക് എങ്ങനെയാണ് നോട്ടീസ് ലഭിക്കുന്നത്?" സിബൽ ചോദിച്ചു.

കമ്മീഷൻ നേരിട്ട് നോട്ടീസ് അയക്കാത്തതിനെയും സിബൽ ചോദ്യം ചെയ്തു.ഡിജിറ്റൽ പോർട്ടലുകൾ ഉപയോഗിക്കാൻ അവബോധമോ വിഭവങ്ങളോ ഇല്ലാത്ത സാധാരണക്കാരുടെ അവസ്ഥയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച സിബൽ, ഇത് വോട്ടർമാരുടെ അവകാശ നിഷേധത്തിന് കാരണമാകുമെന്നും ചൂണ്ടിക്കാണിച്ചു.

"ബി.എൽ.ഒ ഒപ്പിട്ട രേഖ ഞാൻ ഇവിടെ കാണിച്ചു; എന്നിട്ടും എനിക്ക് നോട്ടീസ് ലഭിച്ചു. എനിക്കാണ് ഈ അവസ്ഥയെങ്കിൽ, എത്ര ആളുകളുടെ വോട്ടുകളാണ് വെട്ടിക്കളഞ്ഞിട്ടുണ്ടാകുമെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ. തിരഞ്ഞെടുപ്പ് കമ്മീഷൻ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും നിങ്ങൾക്ക് ഇതിലൂടെ കാണാം," സിബൽ കൂട്ടിച്ചേർത്തു. എസ്.ഐ.ആറിന്റെ പേരിൽ മുൻ ഉപപ്രധാനമന്ത്രി എൽ.കെ. അദ്വാനി, മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എന്നിവരുൾപ്പെടെ ഏകദേശം 32 ലക്ഷം വോട്ടർമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചിട്ടുണ്ട്.

പ്രത്യേക തീവ്ര വോട്ടർ പട്ടിക പുനഃപരിശോധനയുടെ (എസ്.ഐ.ആർ) ഭാഗമായി തയ്യാറാക്കിയ കരട് വോട്ടർ പട്ടികയിലാണ് പ്രമുഖരുടെ പേരുകൾ തടഞ്ഞുവെച്ചിരിക്കുന്നത്. 2002-ലെ വോട്ടർ പട്ടികയുമായി വിവരങ്ങൾ ഒത്തുപോകാത്തതും വോട്ടറുടെയോ മാതാപിതാക്കളുടെയോ പേരുകളിലെ വ്യത്യാസങ്ങൾ, മാതാപിതാക്കളും മുത്തശ്ശന്മാരും തമ്മിലുള്ള അസാധാരണമായ പ്രായവ്യത്യാസം തുടങ്ങിയ പൊരുത്തക്കേടുകളുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, കോൺഗ്രസ് എം.പി അഭിഷേക് സിങ്‌വി, മുതിർന്ന പാർലമെന്റേറിയൻ കപിൽ സിബൽ, മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മുൻ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, മുൻ വ്യോമസേന മേധാവി എൻ.എ.കെ. ബ്രൗൺ തുടങ്ങിയ പ്രമുഖർക്കും കമ്മീഷൻ നോട്ടീസ് അയച്ചിട്ടുണ്ട്.

ന്യൂഡൽഹിയിൽ വോട്ടർമാരായ 98 കാരനായ അദ്വാനി, മകൾ പ്രതിഭ, മരുമകൾ ഗീതിക എന്നിവരുടെ പേരുകൾ 2002-ലെ പട്ടികയുമായി മാപ്പ് ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നോട്ടീസ്. അതേസമയം, അദ്ദേഹത്തിന്റെ മകൻ ജയന്തിന്റെ പേര് പരിശോധനയിൽ വ്യക്തത വരുത്തിയിട്ടുണ്ട്. ഡൽഹി കന്റോൺമെന്റ് മണ്ഡലത്തിലെ വോട്ടറായ മുൻ ഇലക്ഷൻ കമ്മീഷണർ എസ്.എസ്. സന്ധുവിന്റെ കാര്യത്തിൽ പേരിലെ അക്ഷരത്തെറ്റാണ് നോട്ടീസിന് കാരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kapil Sibal slams CEC Gyanesh Kumar over voter notice
Next Story