സുപ്രീം കോടതി വിശ്വാസം തിരിച്ചുനൽകി; വിമർശനത്തിന് പിന്നാലെ നിലപാട് മാറ്റി കപിൽ സിബൽ
text_fieldsന്യൂഡൽഹി: സുപ്രീം കോടതിയെ രൂക്ഷമായി വിമർശിച്ചതിന് പിന്നാലെ നിലപാട് മാറ്റി മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ കപിൽ സിബൽ. സുപ്രീം കോടതി ഞായറാഴ്ച പുറപ്പെടുവിച്ച ഉത്തരവിലൂടെ നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം തിരിച്ചുവന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ മെട്രോ, ട്രെയിൻ സർവീസുകൾ പൂർണമായി നിർത്തിയ നടപടിയിലാണ് സുപ്രീം കോടതി ഇടപെട്ടത്. ഒക്ടോബർ 9ന് പുറപ്പെടുവിച്ച ഉത്തരവ് ലംഘിക്കപ്പെട്ടുവെന്ന് പ്രാഥമികമായി വിലയിരുത്തിയ കോടതി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഡൽഹി പോലീസ് കമ്മീഷണർ, ഡൽഹി മെട്രോ മേധാവി എന്നിവർക്ക് നോട്ടീസ് അയച്ചു.
ശനിയാഴ്ച കപിൽ സിബൽ സുപ്രീം കോടതിയെ രൂക്ഷമായി വിമർശിച്ചിരുന്നു. കോടതിയെ സമീപിച്ചിട്ട് കാര്യമില്ലെന്നും ഭരണഘടനയെ രക്ഷിക്കാൻ കഴിയുമെങ്കിൽ അത് സുപ്രീം കോടതിക്ക് മാത്രമാണെങ്കിലും വീണ്ടും വീണ്ടും സമീപിച്ച് താൻ മടുത്തുവെന്നും ഇനി വലിയ പ്രതീക്ഷയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. ഈ സർക്കാർ പോകണമെന്ന് ജനങ്ങൾ തീരുമാനിച്ചുവെന്നും രാജ്യത്തിന്റെ ജനാധിപത്യം നിലനിൽക്കണമെന്നാണ് തന്റെ പ്രാർഥനയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പശ്ചിമ ബംഗാളിലെ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട വിഷയവും അദ്ദേഹം ഉന്നയിച്ചിരുന്നു. വോട്ടർ പട്ടികയിൽ നിന്ന് അനധികൃതമായി പേര് നീക്കം ചെയ്ത 93 ശതമാനം പേരുടെയും അപ്പീൽ ട്രൈബ്യൂണൽ അംഗീകരിച്ചിട്ടും സുപ്രീം കോടതിയിൽ നിന്ന് ആശ്വാസം ലഭിച്ചില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
എന്നാൽ ഞായറാഴ്ച പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതിനെയും സർവീസുകൾ നിർത്തിയതിനെയും ചോദ്യം ചെയ്ത് നൂറോളം അഭിഭാഷകരുടെ സംഘത്തിന് നേതൃത്വം നൽകി സിബൽ തന്നെ സുപ്രീം കോടതിയിലെത്തി. കോടതിയിൽ വികാരനിർഭരമായ വാദങ്ങളാണ് നടന്നത്.
സർവീസുകൾ നിർത്തിയ നടപടി മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഇത് പ്രഖ്യാപിക്കാത്ത അടിയന്തരാവസ്ഥക്ക് തുല്യമാണെന്നും അഭിഭാഷകർ വാദിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന് ന്യായമായ നിയന്ത്രണങ്ങളുണ്ടെന്നും അഭിഭാഷകർ തെരുവിലിറങ്ങരുതെന്നും ഒരു വിഭാഗം വാദിച്ചത് ബഹളത്തിന് കാരണമായി.
ജനങ്ങൾക്ക് സംവിധാനത്തിലുള്ള വിശ്വാസം ഉറപ്പിക്കുകയാണ് കോടതിയുടെ ലക്ഷ്യമെന്നും അതിന് അഭിഭാഷകരുടെ ആത്മവിശ്വാസം നിർണായകമാണെന്നും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി പറഞ്ഞു.
മെട്രോ, ട്രെയിൻ, ഇന്റർനെറ്റ് സേവനങ്ങൾ സാധാരണ നിലയിലാക്കാനും ഗതാഗതം പുനഃസ്ഥാപിക്കാനും കോടതി നിർദേശം നൽകി. അഭിഭാഷകർക്കും മാധ്യമപ്രവർത്തകർക്കും തടസമില്ലാതെ ജോലി ചെയ്യാൻ അനുവദിക്കണമെന്നും കോടതി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് സിബൽ കോടതിയോട് നന്ദി പറഞ്ഞ് രംഗത്തെത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

