'ഐക്യം ആവശ്യമാണെന്ന് രാഹുൽ ജനങ്ങളെ ബോധ്യപ്പെടുത്തി'; ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് കപിൽ സിബൽ
text_fieldsന്യൂഡൽഹി: രാഹുൽ നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് മുൻ കോൺഗ്രസ് നേതാവ് കപിൽ സിബൽ. രാജ്യത്ത് ഐക്യം ഉറപ്പാക്കേണ്ടത് എത്രത്തോളം പ്രധാനമാണെന്നതിനെക്കുറിച്ച് രാഹുൽ ഗാന്ധി ജനങ്ങളെ ബോധവാൻമാരാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ഇതര ഘടകങ്ങളുടെ പിന്തുണ ലഭിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് കപിൽ സിബലിന്‍റെ പ്രതികരണം.
ഭാരത് ജോഡോ യാത്ര പ്രശംസിക്കപ്പെടേണ്ട ഒന്നാണ്. സമൂഹത്തിലെ വ്യത്യസ്ത ഘടകങ്ങളെ ഒരുമിച്ച് കൊണ്ടുവരാൻ കഴിഞ്ഞു. രാജ്യത്ത് ഐക്യം ഉറപ്പാക്കേണ്ടത് എത്രത്തോളം പ്രധാനമാണെന്ന് അവരെ ബോധ്യപ്പെടുത്തി -കപിൽ സിബൽ പറഞ്ഞു.
ഭാരത് ജോഡോ യാത്ര മികച്ചൊരു ആശയമാണെന്നും കാഴ്ചയിൽ കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള യാത്ര വിജയിച്ചതായി കരുതുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് നിൽക്കേണ്ടത് അത്യാവശ്യമാണെന്നും കപിൽ സിബൽ പറഞ്ഞു.
കഴിഞ്ഞ വർഷമാണ് കപിൽ സിബൽ കോൺഗ്രസ് വിട്ട് എസ്.പിയിൽ ചേർന്നത്. നിലവിൽ എസ്.പിയുടെ രാജ്യസഭാംഗമാണ്.