ന്യൂഡൽഹി: ഏതെങ്കിലുമൊരു പദവിയല്ല, രാജ്യമാണ് ഏറ്റവും പ്രധാനമെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ. നേതൃമാറ്റവും ശൈലീമാറ്റവും അടക്കം കോൺഗ്രസിൽ ഉടച്ചുവാർക്കൽ വേണമെന്ന് ആവശ്യപ്പെട്ട 23 പേരുടെ നിലപാട് തള്ളിയ പ്രവർത്തക സമിതി യോഗത്തിന് പിന്നാലെയാണ് അവരിൽ ഒരാളായ കപിൽ സിബലിെൻറ പരാമർശം.
ബി.ജെ.പിയുമായി ഒത്തുകളിച്ചാണ് വിമത നേതാക്കൾ നേതൃത്വത്തിനെതിരെ നീങ്ങിയതെന്ന് രാഹുൽ ഗാന്ധി പ്രവർത്തക സമിതിയിൽ കുറ്റപ്പെടുത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, ഇതിനെതിരെ കപിൽ സിബൽ പ്രതികരിച്ചതോടെ കോൺഗ്രസ് നിഷേധ പ്രസ്താവന നടത്തുകയും കപിൽ സിബൽ ട്വീറ്റ് പിൻവലിക്കുകയും ചെയ്തു.
സോണിയ ഗാന്ധി ആശുപത്രിയിൽ അഡ്മിറ്റായ സമയത്തുതന്നെയാണ് ഇത്തരമൊരു കത്ത് നേതാക്കൾ അയച്ചതെന്ന കുറ്റപ്പെടുത്തലും രാഹുൽ പ്രവർത്തക സമിതിയിൽ നടത്തിയിരുന്നു. ഇതേക്കുറിച്ച ഗുലാംനബി ആസാദിെൻറ പ്രതികരണവും വന്നിട്ടുണ്ട്.
കത്ത് അയക്കുന്നതിനുമുമ്പ് രണ്ടുവട്ടം സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ച് ആരോഗ്യവിവരം അന്വേഷിച്ചിരുന്നുവെന്നാണ് ഗുലാം നബി പറഞ്ഞത്. പതിവ് ചെക്കപ്പിനാണ് സോണിയ ആശുപത്രിയിൽ പോയതെന്ന മറുപടിയാണ് തനിക്ക് കിട്ടിയത്. സോണിയ തിരിച്ചു വീട്ടിൽ എത്തുന്നതുവരെ കാത്തിരുന്ന ശേഷമാണ് കത്ത് അയച്ചതെന്നും ഗുലാംനബി പറഞ്ഞു.
ഏതാനും ദിവസത്തിനുശേഷം കോൺഗ്രസ് അധ്യക്ഷയെ വിളിച്ചിരുന്നു. ആരോഗ്യം മോശമായതിനാൽ കത്തിനു മറുപടി നൽകാൻ കഴിഞ്ഞില്ലെന്ന് സോണിയ പറഞ്ഞു. സോണിയയുടെ ആരോഗ്യമാണ് പ്രധാനമെന്നും, മറ്റെന്തും പിന്നീടത്തേക്ക് മാറ്റാമെന്നുമാണ് താൻ അതിന് മറുപടി പറഞ്ഞതെന്നും ഗുലാം നബി വിശദീകരിച്ചു.
നേതാക്കളുടെ കത്ത് പ്രവർത്തക സമിതി തള്ളിയതിന് ശേഷം കത്തിൽ ഒപ്പിട്ടവർ ഗുലാം നബിയുടെ വീട്ടിൽ യോഗം ചേർന്നിരുന്നു. കപിൽ സിബൽ, ആനന്ദ് ശർമ, ശശി തരൂർ, മനീഷ് തിവാരി തുടങ്ങി ഒമ്പതു പേരാണ് അവിടെ ഒത്തുചേർന്നത്.
കാത്തിരുന്നു കാണുക എന്ന സമീപനം സ്വീകരിക്കാനാണ് ഗുലാംനബിയുടെ വസതിയിൽ ഒത്തുകൂടിയവർ തീരുമാനിച്ചത്.