കാണ്‍പൂര്‍ ട്രെയിനപകടത്തിന് പിന്നില്‍ പാകിസ്താനെന്ന് ബിഹാർ പൊലീസ്
text_fieldsലക്നോ: കാണ്‍പൂര്‍ ട്രെയിനപകടത്തിന് പിന്നില്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐക്ക് പങ്കുണ്ടെന്ന് സൂചന നല്‍കി ബീഹാര്‍ പൊലീസ്. അപകടത്തിന് പിന്നിൽ പാകിസ്താനാണെന്ന് സംശയിക്കുന്നതായി ബീഹാര്‍ പൊലീസ് പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പേരാണ് ഇത് സംബന്ധിച്ച സൂചനകൾ നൽകിയത്.
അട്ടിമറിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് സംശയത്തെത്തുടര്‍ന്ന് പിടിയിലായവരില്‍ ചിലരും പാകിസ്താൻെറ പങ്കിനെക്കുറിച്ച് സൂചന നല്‍കിയിരുന്നെന്ന് പൊലീസ് പറയുന്നു. റെയിൽ പാളത്തിൽ സ്ഫോടകവസ്തുക്കൾ നിറച്ച പ്രഷർകുക്കർ വെക്കുകയാണുണ്ടായതെന്ന് അറസ്റ്റിലായ മൂന്നുപേരിൽ ഒരാൾ പറഞ്ഞതായി ഭീകരവിരുദ്ധ സ്ക്വാഡിലെ അംഗം പറഞ്ഞു. പണത്തിന് വേണ്ടിയാണ് ഇയാൾ സ്ഫോടകവസ്തുക്കൾ വെച്ചതെന്നാണ് മൊഴി. ഉത്തർപ്രദേശിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ്, എൻ.ഐ.എ എന്നിവയിലെ അന്വേഷണ ഉദ്യോഗസ്ഥർക്കും അറസ്റ്റിലായവരെ ചോദ്യം ചെയ്യേണ്ടതുണ്ട്. ഇവരെ വാടകക്കെടുത്തവരുടെ ആസ്ഥാനം നേപ്പാളാണെന്ന് കരുതുന്നു. നേപ്പാളിലുള്ളവരെ ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്നവരാണ് നിയന്ത്രിക്കുന്നത്. ദുബൈയിലേക്ക് നിർദേശങ്ങൾ വരുന്നത് പാകിസ്താനിൽ നിന്നാണെന്നാണ് പൊലീസ് വിശദീകരണം.
നവംബര്‍ ഇരുപതിനുണ്ടായ അപകടത്തില്‍ 140 ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആക്രമണത്തിന്റെ യഥാര്‍ത്ഥ കാരണം എന്തെന്ന് ഇപ്പോഴും വ്യക്തമല്ലെന്നും പാളത്തിലുണ്ടായ വിള്ളലാണ് അപകടത്തിന് കാരണമെന്നാണ് ഇപ്പോഴും റെയില്‍വേ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
