കാണ്‍പൂര്‍ ട്രെയിന്‍ അട്ടിമറി: മുഖ്യ സൂത്രധാരന്‍ നേപ്പാളില്‍ പിടിയിൽ
text_fieldsന്യൂഡല്‍ഹി: കാണ്‍പൂര്‍ ട്രെയിന്‍ അട്ടിമറിക്ക് പിന്നിലെ മുഖ്യ സൂത്രധാരന്‍ നേപ്പാളില്‍ പിടിയിലായെന്ന് റിപ്പോർട്ട്. പാക് ചാരസംഘടന ഐ.എസ്.ഐയുടെ ഏജന്‍റായ ഷംസുൽ ഹോഡയാണ് ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽവെച്ച് പിടിയിലായത്. തിങ്കളാഴ്ച ദുബൈയില്‍ നിന്ന് നേപ്പാളിലേക്ക് ഹോഡയെ നാടുകടത്തുകയായിരുന്നു. ഹോഡയെ കൂടാതെ മറ്റ് മൂന്നു പേരെയും നേപ്പാള്‍ പൊലീസിന്‍റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്‍.ഐ.എ അന്വേഷിക്കുന്ന ബ്രിജ് കിഷോര്‍ ഗിരി, ആഷിഷ് സിങ്, ഉമേഷ് കുമാര്‍ കുര്‍മി എന്നിവരാണ് അറസ്റ്റിലായവർ.
രാജ്യന്തര അന്വേഷണ ഏജൻസിയായ ഇന്‍റര്‍പോളിന്‍റെ സഹായത്തോടെയാണ് ഹോഡയെ ദുബൈയില്‍ കണ്ടെത്തിയത്. നേപ്പാളിലെ ബാര ജില്ലയില്‍ നടന്ന ഒരു ഇരട്ടകൊലപാതകത്തിന് പിന്നിലും ഹോഡയായിരുന്നു. ഹോഡയുടെ അറസ്റ്റ് കാണ്‍പൂര്‍ ട്രെയിന്‍ അട്ടിമറി അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവാകുമെന്നാണ് വിലയിരുത്തൽ.
റെയില്‍വേ ട്രാക്കില്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ച് ട്രെയിന്‍ ഗതാഗതം അട്ടിമറിച്ചെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളത്. ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് ബിഹാറില്‍ അറസ്റ്റിലായ മോതി പാസ്വാൻ, ശങ്കർ പട്ടേൽ, മുകേഷ് യാദവ് എന്നിവരിൽ നിന്നാണ് ട്രെയിനപകടം അട്ടിമറിയാണെന്ന സൂചന ലഭിച്ചത്. ബോംബുകള്‍ ട്രാക്കില്‍ സ്ഥാപിക്കാന്‍ നേപ്പാള്‍ സ്വദേശിയായ ബ്രിജ് കിഷോര്‍ ഗിരിക്ക് ഷംസുൽ ഹോഡ നിര്‍ദേശം നല്‍കിയിരുന്നു. മോത്തിഹാരി സ്വദേശികളായ യുവാക്കളുടെ സഹായത്തോടെയാണ് ഗിരി പദ്ധതി ആസൂത്രണം ചെയ്തത്.
കഴിഞ്ഞ നവംബറിലുണ്ടായ അപകടത്തില്‍ ഇന്‍ഡോര്‍-പട്‌ന എക്‌സ്പ്രസിന്‍റെ 14 കോച്ചുകളാണ് പാളം തെറ്റിയത്. ദുരന്തത്തിൽ 150 പേർ മരിച്ചു. കാണ്‍പൂര്‍ ട്രെയിന്‍ അട്ടിമറിയുടെ പശ്ചാത്തലത്തിൽ ആന്ധ്രയിലെ കുനേരുവിലെ ട്രെയിൻ അപകടത്തെ കുറിച്ച് പ്രത്യേക അന്വേഷണം നടത്തി വരികയാണ്..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
