പങ്കാളിയെ കൊന്ന് സ്യൂട്ട്കേസിലാക്കി, സെൽഫിയെടുത്ത് സ്റ്റാറ്റസാക്കി, മൃതദേഹം നദിയിലെറിഞ്ഞു; പ്രതിയും സുഹൃത്തും അറസ്റ്റിൽ
text_fieldsലക്നോ: ഉത്തർപ്രദേശിലെ കാൺപുരിൽ പങ്കാളിയെ കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി നദിയിൽ ഒഴുക്കിയ സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം നടത്തിയ സൂരജ് കുമാര്‍ ഉത്തം (22), ഇയാളുടെ സുഹൃത്ത് ആശിഷ് കുമാർ എന്നിവരാണ് പൊലീസിന്റെ പിടിയിലാണ്. ജൂലൈ 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 20 വയസുകാരിയായ അകാന്‍ക്ഷ എന്ന പെണ്‍കുട്ടിയെയാണ് കൊലപ്പെടുത്തിയത്.
മൃതദേഹം കറുത്ത സ്യൂട്ട്കേസിലാക്കിയ പ്രതികൾ 100 കിലോമീറ്ററോളം മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിച്ച് യമുനയില്‍ തള്ളുകയായിരുന്നു. നദീതീരത്ത് വെച്ച് പ്രതി സ്യൂട്ട്കേസിന് ഒപ്പമുള്ള സെല്‍ഫിയെടുക്കുകയും പിന്നീട് ഇത് വാട്‌സ്ആപ്പില്‍ സ്റ്റാറ്റസാക്കുകയും ചെയ്തെന്ന് പൊലീസ് പറയുന്നു. ജൂലൈ 22 മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിച്ചിരുന്നു. ശനിയാഴ്ചയാണ് പ്രതികൾ അറസ്റ്റിലായത്. മൃതദേഹത്തിനായി നദിയില്‍ തിരച്ചില്‍ നടത്തുന്നുണ്ട്.
ഇലക്ട്രീഷനായ പ്രതി ഒന്നര വർഷം മുമ്പ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് റസ്റ്റാറന്‍റ് ജീവനക്കാരിയായ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പത്ത് മാസം മുമ്പ് സൂരജിന്‍റെ നിർദേശപ്രകാരം ഇയാളുടെ സ്വദേശമായ ഫത്തേപുരിലെ മറ്റൊരു റസ്റ്റാറന്‍റിലേക്ക് യുവതി ജോലി മാറി. പിന്നീട് വീട്ടിൽനിന്ന് ജോലിസ്ഥലത്തേക്ക് സഞ്ചരിക്കാനുള്ള ദൂരം കണക്കിലെടുത്ത് വാടക വീട്ടിൽ താമസമാരംഭിച്ചു. സൂരജാണ് അകാൻക്ഷക്ക് വീട് ഏർപ്പാടാക്കിയത്. ഇരുവരും തമ്മിൽ അടുപ്പത്തിലാകുകയും പെൺകുട്ടി ഇക്കാര്യം വീട്ടിൽ അറിയിക്കുകയും ചെയ്തു.
ജൂലൈ 21ന് സൂരജിന് മറ്റൊരു പെൺകുട്ടിയുമായി അടുപ്പമുണ്ടെന്ന് അകാൻക്ഷ കണ്ടെത്തി. പിന്നാലെ സൂരജിനെ റസ്റ്റാറന്‍റിലേക്ക് വിളിച്ചുവരുത്തുകയും ഇവിടെവച്ച് വാക്കേറ്റമുണ്ടാകുകയും ചെയ്തു. അന്നുരാത്രി വീട്ടിൽവച്ചും ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും ഇതിനിടെ സൂരജ് യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്തു. തെളിവു നശിപ്പിക്കാനായി സൂരജ് സുഹൃത്തായ ആശിഷിന്‍റെ സഹായം തേടി. ഇരുവരും ചേർന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി 95 കിലോമീറ്റർ അകലെ ചില്ലഘട്ടിൽവച്ച് യമുന നദിയിൽ ഉപേക്ഷിച്ചു.
അകാൻക്ഷയുടെ മാതാവ് പറയുന്നത് പ്രകാരം ജൂലൈ 22ന് മുതൽ മകളുടെ ഫോൺ സ്വിച്ച്ഓഫാണ്. 23ന് സൂരജിനോട് അന്വേഷിച്ചപ്പോൾ അറിയില്ലെന്നാണ് മറുപടി നൽകിയത്. പിന്നീട് നടത്തിയ തിരച്ചിലിലും മകളെ കണ്ടെത്താനാകാതെ വന്നതോടെ ആഗസ്റ്റ് എട്ടിന് പരാതി നൽകി. എന്നാൽ പൊലീസ് തുടർനടപടികൾ സ്വീകരിക്കാൻ തയാറായില്ല. സെപ്റ്റംബർ 16ന് സൂരജിനെ സംശയുണ്ടെന്ന് കാണിച്ച് മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. കാൾ റെക്കോഡും മൊബൈൽ ലൊക്കേഷൻ ഡേറ്റയും ഉൾപ്പെടെ തെളിവായി ലഭിച്ചതോടെ പ്രതി കുറ്റം സമ്മതിച്ചു.
പെണ്‍കുട്ടിയും പ്രതിയും ഏതാനും മാസങ്ങളായി ഒരുമിച്ചായിരുന്നു താമസം. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഫോണില്‍ നിന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് പ്രതി മെസേജ് അയച്ചിരുന്നു. ലക്‌നൗവില്‍ ജോലി ലഭിച്ചുവെന്നും അവിടേക്ക് പോവുകയാണെന്നുമാണ് പ്രതി പെണ്‍കുട്ടിയുടെ ഫോണില്‍നിന്നും ബന്ധുക്കള്‍ക്ക് മെസേജ് അയച്ചത്. പിന്നീട് ഫോണ്‍ ട്രെയിനില്‍ ഉപേക്ഷിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്.
വിവാഹം ചെയ്തില്ലെങ്കിൽ പീഡന പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയതോടെ അകാൻക്ഷയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി മൊഴി നൽകി. മൃതദേഹം മാറ്റാനായി സഹായിക്കുകയും മോട്ടോര്‍ സൈക്കിള്‍ ഓടിക്കുകയും ചെയ്തത് ആശിഷ് കുമാറാണെന്ന് പൊലീസ് കണ്ടെത്തി. ‘പ്രതിയെ പിടികൂടിയത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. പെണ്‍കുട്ടിയെ കാണാതായത് മുതലുള്ള പ്രതിയുടെ ഫോണ്‍ രേഖകളും ലോക്കേഷനുകളും ശേഖരിച്ചതില്‍നിന്നും കാര്യങ്ങള്‍ വ്യക്തമാണ്. അന്വേഷണത്തില്‍ പ്രതി കുറ്റം സമ്മതിച്ചു. സ്യൂട്ട്കേസിന് ഒപ്പം നില്‍ക്കുന്ന ഫോട്ടോയും ഞങ്ങള്‍ക്ക് ലഭിച്ചു’ -എസ്.എച്ച്.ഒ രാജീവ് സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

