Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാൺപുർ-ലഖ്‌നോ...

കാൺപുർ-ലഖ്‌നോ എക്‌സ്‌പ്രസ് വേയിലെ തകരാർ: നിർമാണ പിഴവല്ല, ഡിസൈൻ പ്രശ്‌നമെന്ന് കേന്ദ്രം

text_fields
bookmark_border
കാൺപുർ-ലഖ്‌നോ എക്‌സ്‌പ്രസ് വേയിലെ തകരാർ: നിർമാണ പിഴവല്ല, ഡിസൈൻ പ്രശ്‌നമെന്ന് കേന്ദ്രം
cancel

ന്യൂഡൽഹി: ഉദ്ഘാടനം ചെയ്ത് ദിവസങ്ങൾക്കുള്ളിൽ കാൺപുർ-ലഖ്‌നോ എക്‌സ്‌പ്രസ് വേയുടെ ചില ഭാഗങ്ങളിൽ റോഡ് തകർന്നത് നിർമാണത്തിലെ പിഴവ് മൂലമല്ലെന്നും രൂപകൽപ്പനയിലെ പ്രശ്‌നങ്ങളാണ് കാരണമെന്നും കേന്ദ്ര സർക്കാർ. കേടായ ഭാഗങ്ങളിൽ സാധാരണ അറ്റകുറ്റപ്പണി നടത്തിയാൽ പ്രശ്‌നം പരിഹരിക്കാനാകില്ലെന്നും റോഡ് അടിത്തറ മുതൽ പുനർനിർമിക്കേണ്ടിവരുമെന്നും ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പദ്ധതികളുടെ രൂപകൽപ്പനാ ഘട്ടത്തിൽ വീഴ്ചകൾ ഉണ്ടാകാതിരിക്കാൻ കൂടുതൽ ശ്രദ്ധ വേണമെന്നും പ്രത്യേകിച്ച് ഹൈബ്രിഡ് ആന്വിറ്റി മോഡൽ (എച്ച്.എ.എം) പ്രകാരം നടപ്പാക്കിയ പദ്ധതിയായതിനാൽ വിഷയം ഗൗരവമായി കാണേണ്ടതുണ്ടെന്നും അധികൃതർ പറഞ്ഞു.

എക്‌സ്‌പ്രസ് വേയിലെ തകരാറുകൾ സംബന്ധിച്ച് വിശദമായ പരിശോധന നടത്തിയ വിദഗ്ധരുടെ അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് കേന്ദ്രം. റോഡിന്റെ കനം സംബന്ധിച്ചോ അതിന് താഴെയുള്ള പാളികളുടെ ഘടനയിലോ അപാകത കണ്ടെത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

എച്ച്.എ.എം പദ്ധതികളിൽ കരാർ കാലയളവിലുടനീളം റോഡിന്റെ പരിപാലനത്തിനും പ്രവർത്തനത്തിനും സ്വകാര്യ നിർമാണ കമ്പനിക്കാണ് പ്രധാന ഉത്തരവാദിത്തം. സാധാരണയായി 15 വർഷമാണ് ഇത്തരം പദ്ധതികളുടെ കൺസഷൻ കാലയളവ്.

അതേസമയം, ഐ.ഐ.ടി ഖരഗ്പുരിലെ ഒരു പ്രൊഫസർ നടത്തിയ പ്രാഥമിക പരിശോധനയിൽ എക്‌സ്‌പ്രസ് വേയുടെ ചില ഭാഗങ്ങൾക്കടിയിൽ ബലക്ഷമത കുറഞ്ഞതും ഈർപ്പം ബാധിക്കുമ്പോൾ സ്വഭാവത്തിൽ മാറ്റം വരുന്നതുമായ മണ്ണാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. മണ്ണ് നനയുമ്പോൾ അതിന്റെ ശക്തി കുറയുകയും വാഹനഭാരത്തിൽ രൂപഭേദം സംഭവിക്കുകയും ചെയ്യാം.

പ്രാഥമിക റിപ്പോർട്ടിൽ റോഡിലെ അപര്യാപ്തമായ ഡ്രെയിനേജ് സംവിധാനവും തകരാറിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിദഗ്ധരുടെ അന്തിമ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ തകരാറിന്റെ കൃത്യമായ കാരണങ്ങളും സ്വീകരിക്കേണ്ട പരിഹാര നടപടികളും സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകൂ എന്നും അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LucknowkanpurDamageRoad collapseCentral Governmemt
News Summary - Kanpur-Lucknow Expressway Design Flaw
Next Story