ലഖ്നോ: കാൺപൂരിൽ എട്ട് പൊലീസുകാർ കൊല്ലപ്പെട്ട ഏറ്റുമുട്ടലിനെ കുറിച്ച് അധോലോക നേതാവ് വികാസ് ദുബെക്ക് വിവരം നൽകിയ പൊലീസുകാർ അറസ്റ്റിൽ. ചൗബേപുർ സ്റ്റേഷൻ ഹൗസ് ഓഫീസർ വിനയ് തിവാരിയും എസ്.ഐ കെ.കെ ശർമ്മയുമാണ് അറസ്റ്റിലായത്. ഒരു ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്.
കാൺപൂരിൽ വികാസ് ദുബെയുടെ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ ഇരുവരും പങ്കെടുത്തിരുന്നു. റെയ്ഡിനിടെ സംഘർഷമുണ്ടായപ്പോൾ ഇരുവരും തന്ത്രപൂർവം രക്ഷപ്പെടുകയായിരുന്നു. റെയ്ഡിനെക്കുറിച്ച് വികാസ് ദുബെക്ക് വിവരം നൽകിയത് ഇവരാണെന്നാണ് സൂചന.
വികാസ് ദുബെയുടെ അടുത്ത അനുയായിയെ ഹാമിർപുരിൽ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് കൊലപ്പെടുത്തിയതിന് പിന്നാലെയാണ് അറസ്റ്റുണ്ടായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ആറ് പേരെ പ്രത്യേക അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.