കണ്ണൂരും കോട്ടയവും റെഡ് സോണിൽ; രാജ്യത്ത് റെഡ് സോണുകൾ കുറഞ്ഞു
text_fieldsന്യൂഡൽഹി: കോവിഡ് വ്യാപനത്തിൻെറ തോതനുസരിച്ച് കേന്ദ്രം രാജ്യത്തെ 733 ജില്ലകളെ മൂന്നു സോണുകളാക്കി പുനക്രമീകരിച്ചു. കേരളത്തിൽ കണ്ണൂരും കോട്ടയവും റെഡ് സോണിലും വയനാടും എറണാകുളവും ഗ്രീൻസോണിലും ഉൾപ്പെട്ടു. കാസർകോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ പത്ത് ജില്ലകൾ ഓറഞ്ച് സോണിലാണ്.
രാജ്യത്ത് 130 ജില്ലകളാണ് റെഡ് സോണിൽ. 284 ജില്ലകൾ ഓറഞ്ച് സോണിലാണ്. 319 ജില്ലകൾ ഗ്രീൻസോണിൽ ഇടംപിടിച്ചു. ഡൽഹിയിലെ മുഴുവൻ ജില്ലകളും റെഡ് സോണിലാണ്.
15 ദിവസംകൊണ്ട് റെഡ് സോണുകളുടെ എണ്ണം 23 ശതമാനം കുറഞ്ഞിട്ടുണ്ട്. ഏപ്രിൽ 15ന് 170 റെഡ് സോണുകളുണ്ടായിരുന്നിടത്ത് ഏപ്രിൽ 30ന് 130 ആയി കുറഞ്ഞിട്ടുണ്ട്. കോവിഡ് കേസുകൾ ഒന്നു പോലും റിപ്പോർട്ട് ചെയ്യപ്പെടാത്ത ഗ്രീൻ സോണുകളുടെ എണ്ണം 21 ദിവസം കൊണ്ട് 356ൽ നിന്ന് 319 ആയി കുറയുകയാണുണ്ടായത്. കുറഞ്ഞ തോതിലാണെങ്കിലും വൈറസ് വ്യാപനം നടക്കുന്നുവെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
അതേസമയം ഓറഞ്ച് സോണുകളുടെ എണ്ണത്തിൽ വർധനയുണ്ട്. നേരത്തേ 207 ജില്ലകൾ ഓറഞ്ച് സോണിലുണ്ടായിരുന്നത് 284 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കയച്ച കത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
മെയ് മൂന്നിന് ശേഷം റെഡ് സോണിൽ നിയന്ത്രണങ്ങൾ തുടരുമ്പോൾ ഗ്രീൻ സോണിൽ വലിയ തോതിൽ ഇളവുകൾ നൽകിയേക്കും. ഓറഞ്ച് സോണിൽ ഭാഗികമായ ഇളവുകൾ ലഭിച്ചേക്കാം. അതേസമയം റെഡ്, ഓറഞ്ച് സോണുകളിൽ വൈറസ് വ്യാപനം തടയുന്നതിനായുള്ള നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രവേശനത്തിനും പുറത്തു കടക്കുന്നതിനും പോയിൻറുകൾ നിശ്ചയിക്കാനും ആരോഗ്യ അടിയന്തര ആവശ്യങ്ങൾക്കും അവശ്യ സാധന സേവനങ്ങൾക്കും മാത്രമായി സഞ്ചാരം നിയന്ത്രിക്കാനും കത്തിൽ നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
